ഉമ്മന്‍ ചാണ്ടിയോടുള്ള ആദരം: 50 കുട്ടികളുടെ കോക്ലിയര്‍ ഇംപ്ലാന്റ് നവീകരണം ഏറ്റെടുത്ത് കോണ്‍ഗ്രസ്
കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടുള്ള ആദരസൂചകമായി 50 കുട്ടികള്‍ക്ക് കോക്ലിയര്‍ ഇംപ്ലാന്റ് നവീകരണത്തിന് സൗകര്യമൊരുക്കുമെന്ന് കോണ്‍ഗ്രസ്. കെ പിസി സി അധ്യക്ഷന്‍ കെ സുധാകരനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ശ്രവണ വൈകല്യമുള്ള ആലുവ കാഞ്ഞൂര്‍ സ്വദേശി അമിതയെ സന്ദര്‍ശിച്ച ശേഷമാണ് സുധാകരന്റെ പ്രതികരണം.
അമിതയുടെ ചികില്‍സാ ചെലവുകള്‍ കെ പി സി സി ഏറ്റെടുക്കുകയാണെന്നും അമിതയുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരിയാണ് അടുത്തിടെ നമ്മെ വിട്ടുപിരിഞ്ഞ ഉമ്മന്‍ ചാണ്ടിക്ക് നല്‍കുന്ന ഏറ്റവും വലിയ ആദരമെന്നും സുധാകരന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ശ്രവണ വൈകല്യമുള്ള കുട്ടികള്‍ക്കായി ശ്രുതിതരംഗം പദ്ധതി കൊണ്ടുവന്നത്.

'600-ലധികം കുട്ടികളെ ഇത് കേള്‍വിയുടെ ലോകത്തേക്ക് ഉയര്‍ത്തി. എന്നാല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ പദ്ധതി നിര്‍ത്തിവച്ചു. ഇപ്പോഴത്തെ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതിനാല്‍ കേള്‍വിശക്തി നഷ്ടപ്പെടുന്ന കുട്ടികളുടെ വേദന ഞങ്ങള്‍ തിരിച്ചറിയുന്നു,' സുധാകരന്‍ പറഞ്ഞു. കുട്ടികളുടെ ഈ ദുരവസ്ഥയില്‍ ഉമ്മന്‍ ചാണ്ടി ഏറെ വേദനിച്ചിരുന്നെന്നും ദേഷ്യത്തോടെ അദ്ദേഹം പ്രതികരിച്ച അവസാനത്തെ വിഷയം ഇതായിരുന്നു എന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
കേള്‍വിയില്ലാത്ത കുട്ടികളോട് പിണറായി സര്‍ക്കാര്‍ എന്തിനാണ് ഇത്ര ക്രൂരത കാണിക്കുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് പറഞ്ഞ് ഉമ്മന്‍ ചാണ്ടി ജൂണ്‍ 15ന് പ്രസ്താവന പുറത്തിറക്കിയിരുന്നു. അതേസമയം കോക്ലിയാര്‍ ഇംപ്ലാന്റ് നവീകരണത്തിന് ഓരോ കുട്ടിക്കും അഞ്ച് ലക്ഷം രൂപ വേണ്ടി വരുമെന്ന് സുധാകരന്‍ പറഞ്ഞു. ചികിത്സ ആവശ്യമുള്ള എല്ലാ കുട്ടികളുടെയും ചെലവ് വഹിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹം.
എന്നാല്‍ സാമ്പത്തിക പരാധീനതകള്‍ കാരണം ആദ്യഘട്ടത്തില്‍ 50 കുട്ടികളെ സഹായിക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. സമാന ചിന്താഗതിക്കാരായ ആളുകളും സംഘടനകളും ആവശ്യമുള്ള കുട്ടികളെ സഹായിക്കാന്‍ മുന്നോട്ട് വരണമെന്ന് സുധാകരന്‍ അഭ്യര്‍ത്ഥിച്ചു. നേരത്തെ കോക്ലിയര്‍ ഇംപ്ലാന്റ് ചെയ്തവരില്‍ 360 കുട്ടികളുടെ ഉപകരണങ്ങളുടെ കാലാവധി അവസാനിച്ചിട്ടും നവീകരിക്കാത്തത് വലിയ വാര്‍ത്തയായിരുന്നു.
ഇതിന് പിന്നാലെ കോക്ലിയര്‍ ഇംപ്ലാന്റ് നവീകരണത്തിനായി സര്‍ക്കാര്‍ 59.48 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ഇതുവഴി ശ്രവണ വൈകല്യവും ഉപകരണങ്ങള്‍ കാലഹരണപ്പെട്ടതുമായ 25 പേര്‍ക്ക് മാത്രമേ പ്രയോജനം ചെയ്യൂ. ശ്രുതിതരംഗം പദ്ധതി ആരംഭിക്കുന്നതിന് മുന്‍പ് കോക്ലിയര്‍ ഇംപ്ലാന്റ് ചെയ്ത കുട്ടികള്‍ക്കാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കുക.
2012 ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ആണ് ശ്രുതിതരംഗം പദ്ധതി തുടങ്ങിയത്. ശ്രുതിതരംഗം പദ്ധതി വഴി കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയകള്‍ നടത്തിയിരുന്നതും തുടര്‍സഹായം നല്‍കിയിരുന്നതും സാമൂഹിക നീതി വകുപ്പിന്റെ കീഴിലായിരുന്നു. അതിനിടെ പദ്ധതി ആരോഗ്യവകുപ്പിന് കീഴിലാക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപനമുണ്ടായെങ്കിലും നടപടി ഒന്നുമായിട്ടില്ല.












Click it and Unblock the Notifications