'ത്രിപുരയിൽ ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിച്ചു, ഈ ഫലം ഭാവിയിലേക്കുള്ള ചൂണ്ടുപലക': രമേശ് ചെന്നിത്തല

കൊച്ചി: ത്രിപുരയിൽ ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിച്ചുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മതേതര വോട്ടുകൾ ഒരുമിപ്പിക്കാനായില്ലെന്നും ചെന്നിത്തല പറഞ്ഞു. ഈ ഫലം ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണ്. ഇതിൽ നിന്ന് പാഠം ഉൾക്കൊണ്ട് മതേതര കക്ഷികൾ ഒരുമിച്ച് നിൽക്കാൻ തയ്യാറാക്കണമെന്നും അദ്ദേഹം പറഞ്ഞു. ത്രിപുരയിൽ സിപിഎം-കോൺഗ്രസ് സഖ്യമായിരുന്നു, പക്ഷേ വിജയിക്കാനോ നല്ല പ്രകടനം പുറത്തെടുക്കാനോ സഖ്യത്തിന് സാധിച്ചില്ല. തുടക്കം മുതൽ തന്നെ ബിജെപി മികച്ചരീതിയിൽ മുന്നിട്ടുനിന്നു.
60 അംഗ നിയമസഭയിൽ 32 സീറ്റുകൾ ബിജെപി നേടി. ബിജെപി സഖ്യകക്ഷിയായ ഐപിഎഫ്ടി ഒരു സീറ്റിലും വിജയിച്ചു. സിപിഐഎം-കോൺഗ്രസ് സഖ്യം 14 സീറ്റുകളിലാണ് വിജയിച്ചത്.
വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ സിപിഐഎം കോൺഗ്രസ് സഖ്യം മുന്നിലെത്തിയെങ്കിലും തങ്ങളുടെ നിലയിലേക്ക് വീണ്ടും ബിജെപിയെത്തി. പല മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. സിപിഐഎം 11 സീറ്റുകളിലും കോൺഗ്രസ് മൂന്ന് സീറ്റുകളിലുമാണ് വിജയിച്ചത്. കഴിഞ്ഞ തവണ സിപിഐഎം 16 സീറ്റുകളിലാണ് വിജയിച്ചതെങ്കിൽ ഇത്തവണ അഞ്ച് സീറ്റ് നഷ്ടപ്പെട്ട് 11ൽ ഒതുങ്ങി. കഴിഞ്ഞ തവണ ഒരു സീറ്റ് പോലും ഇല്ലാതിരുന്ന കോൺഗ്രസിന് സഖ്യം നേട്ടമായി.
സി പി എം തുടർച്ചയായി രണ്ടര പതിറ്റാണ്ടിലേറെ തുടർച്ചയായി അധികാരത്തിലിരുന്ന സംസ്ഥാനമാണ് ത്രിപുര. ഈ ഭരണ തുടർച്ചക്ക് 2018 ൽ ബി ജെ പി ആയിരുന്നു അവസാനമിട്ടത്. നേരത്തെ ഒരു സീറ്റ് പോലും ഇല്ലാതിരുന്ന ത്രിപുരയിൽ 2018 ൽ 60 സീറ്റുകളിൽ 36-ലും വിജയിച്ച് ഭരണം പിടിക്കുകയായിരുന്നു. സി പി എം 16 സീറ്റിലേക്ക് കുറഞ്ഞപ്പോൾ കഴിഞ്ഞ നിയമസഭയിൽ മുഖ്യ പ്രതിപക്ഷമായിരുന്ന കോൺഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല.
60 നിയമസഭാ സീറ്റുകളിൽ ബിജെപി, സിപിഎം-കോൺഗ്രസ്, തിപ്ര മോത്ത പാർട്ടി എന്നിവർ തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് ത്രിപുര സാക്ഷ്യം വഹിക്കുന്നത്. ആദ്യമായി മത്സരിച്ച ടിപ്ര മോത നിർണായകമായി.












Click it and Unblock the Notifications