ഉറങ്ങിക്കിടന്ന 2 വയസ്സുകാരിയുടെ മൃതദേഹം കിണറ്റില്‍: കുടുംബാഗങ്ങളെ ചോദ്യം ചെയ്യുന്നു; കൂട്ട ആത്മഹത്യ ശ്രമം?
തിരുവനന്തപുരം: ബലരാമപുരം കോട്ടുകാല്‍കോണത്ത് ഉറങ്ങിക്കിടക്കവെ കാണാതായ കുട്ടിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാടക വീട്ടില്‍ താമസിക്കുകയായിരുന്ന ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദു എന്ന രണ്ടു വയസുകാരിയാണ് മരിച്ചത്. രാവിലെ കുഞ്ഞിനെ കാണാനില്ലെന്ന് കുടുംബാഗങ്ങള്‍ നാട്ടുകാരെ അറിയിക്കുകയായിരുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന ദേവന്ദുവിനെ രാവിലെ മുതല്‍ കാണാനില്ലെന്നായിരുന്നു പരാതി. തുടർന്ന് പൊലീസും ഫയർഫോഴ്സും എത്തി നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും ചിലർ കസ്റ്റഡിയിലുണ്ടെന്നും ഇവരെ ചോദ്യം ചെയ്ത് വരികയാണെന്നും നെയാറ്റിന്‍കര ഡി വൈ എസ് പി പറഞ്ഞു. തുടക്കം മുതല്‍ തന്നെ പൊലീസ് സംഭവത്തില്‍ ദുരൂഹത സംശയിച്ചു. വീട്ടുകാരെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടന്നുകൊണ്ടിരിക്കുന്നത്. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുട്ടിയുടെ അച്ഛൻ, അമ്മ, അമ്മയുടെ സഹോദരൻ എന്നിവരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. അമ്മയുടെ സഹോദരൻ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന വിവരവും പൊലീസിന്റെ ഭാഗത്ത് നിന്നും പുറത്ത് വരുന്നുണ്ട്.

കുട്ടിയെ മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നും തനിയെ കുട്ടി അവിടെ പോയി കിണറ്റിലേക്ക് വീഴാനുള്ള സാധ്യതയില്ലെന്നും ഈ സാഹചര്യത്തില്‍ ചില ദുരൂഹതകള്‍ ഉണ്ടെന്ന് എം വിന്സെന്റ് എം എൽ എയും വ്യക്തമാക്കി. കൈവരികളുള്ള കിണറിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്നത് സംശയം കൂടുതല്‍ ബലപ്പെടുത്തി. കുട്ടിയെ കാണാതായെന്ന് പറയുന്ന സമയത്ത് അമ്മയുടെ സഹോദരൻ കിടന്നിരുന്ന മുറിയിൽ തീപിടിത്തമുണ്ടാകുകയും ഇതിന് ശേഷം തീയണയ്ക്കാനായി വെള്ളം എടുത്ത് ഒഴിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് കുഞ്ഞിനെ കാണാതായ വിവരം വീട്ടുകാർ പറയുന്നതെന്നും എം വിന്സെന്റ് എം എല്‍ എ.
കുഞ്ഞ് ഒറ്റയ്ക്ക് പോയി കിണറ്റില്‍ വീഴില്ലെന്ന് ഉറപ്പാണ്. ഒരിക്കലും ഒറ്റയ്ക്ക് പോകില്ല. അത് വിശ്വസനീയമല്ല.താന്‍ വീട്ടിലെത്തുന്ന സമയത്ത് മണ്ണെണ്ണയുടെ മണം ഉണ്ടായിരുന്നു. പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ദുരൂഹതകളെല്ലാം അന്വേഷണത്തിലൂടെ നീങ്ങുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീടിനുള്ള കുരുക്കിട്ട നിലയില്‍ കയറുകള്‍ കണ്ടെത്തിയതിലും ദുരൂഹതയുണ്ട്. കൂട്ട ആത്മഹത്യാ ശ്രമമെന്ന സൂചനയും സംശയിക്കുന്നുണ്ട്. കുടുംബത്തിന് സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് അയല്‍ക്കാർ പറയുന്നത്. 30 ലക്ഷം രൂപ കാണാനില്ലെന്ന് കാട്ടിക്കൊണ്ട് കുടുംബം 2 ദിവസം മുമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.












Click it and Unblock the Notifications