പ്രവർത്തകർ നേരത്തെ പോയി, കസേരകള്‍ കാലിയായി: അതൃപ്തിയുമായി സുധാകരന്‍, തിരുത്തി സതീശന്‍
തിരുവനന്തപുരം: യു ഡി എഫിന്റെ സമരാഗ്നി സമാപന വേളയില്‍ പ്രവർത്തകർ തന്റെ പ്രസഗത്തിന് കാത്ത് നില്‍ക്കാതെ പിരിഞ്ഞ് പോയതില്‍ അതൃപ്തിയുമായി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. മുഴുവന്‍ സമയം പ്രസംഗം കേള്‍ക്കാന്‍ പറ്റില്ലെങ്കില്‍ എന്തിന് പരിപാടിക്ക് വരണം എന്ന് സുധാകരന്‍ ചോദിച്ചു. ലക്ഷക്കണക്കിന് രൂപ മുടക്കിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. അത്തരം പരിപാടികളില്‍ രണ്ടാളുകള്‍ സംസാരിച്ച് കഴിയുമ്പോഴേക്കും ആളുകള്‍ പോകുന്നു. കസേരകള്‍ എല്ലാ തന്നെ കാലിയാണെന്നും അദ്ദേഹം പറഞ്ഞു.
"ഇത് ഒരു പാർട്ടിയല്ലേ, ഇതിനൊക്കെ വേണ്ടി ഒരുപാട് ത്യാഗം സഹിച്ചിട്ടല്ലേ ഇതൊക്കെ നടത്തിയരിക്കുന്നത്. സമരാഗ്നി എന്ന് പറയുന്ന ഈ ജാഥ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ആദ്യത്തേതാണെന്ന ഓർമ്മ വേണം. അതിന് അതിന്റേതായ രാഷ്ട്രീയ പ്രധാന്യമുണ്ട്. അതിന്റേതായ സാഹചര്യവും ഗുണവുമുണ്ട്. ഇതൊക്കെ മനസ്സിലായിട്ടും ഇവിടെ കുറച്ച് നേരം ഇരുന്ന് ഇതൊക്കെ കേട്ടാല്‍ ഈ ഭൂമിയില്‍ എന്തെങ്കിലും സംഭവിക്കുമോ. ഇവിടെ ഇരിക്കുന്നവർ എങ്കിലും സമ്മേളനത്തിന് പോയാല്‍ പ്രസംഗം അവസാനിക്കുന്നത് വരെ ഇരിക്കണം" കെ സുധാകരന്‍ പറഞ്ഞു.

തൊട്ടുപിന്നാലെ സുധാകരനെ തിരുത്തി പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ രംഗത്ത് വന്നു. ''മൂന്നുമണിക്കു കൊടുംചൂടിൽ വന്നുനിൽക്കുന്ന സാധാരണ പ്രവർത്തകരാണ്. അഞ്ചുമണിക്കൂർ തുടർച്ചയായി ഇരുന്നു. അതിനാല്‍ പ്രവർത്തകർ പോയതില്‍ പ്രസിഡന്റിന് വിഷമം വേണ്ട. നമ്മുടെ പ്രവർത്തകർ അല്ലേ. കാസർകോട് മുതല്‍ തിരുവനന്തപുരം വരേയുള്ള ഈ ജാഥയില്‍ ഞങ്ങളെ സ്വീകരിച്ച എല്ലാവരോടും നന്ദി പറയുന്നു" വിഡി സതീശന്‍ പറഞ്ഞു.
കോൺഗ്രസ് പ്രവർത്തകർ പരിശ്രമിക്കുന്നത് കൊണ്ടാണ് കേരളത്തിൽ ബിജെപിയും മോദിയും എത്താത്തതെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു. നന്നായി പരിശ്രമിച്ചാൽ കേരളത്തിൽ 20 സീറ്റും കോൺഗ്രസിന് നേടാം. കേരള സർക്കാരും തെലങ്കാനയിൽ ഉണ്ടായിരുന്ന ബിആർഎസ്സുകാരും തമ്മിൽ ഒരു വ്യത്യാസവും ഇല്ല. ഇന്ത്യയിൽ കോൺഗ്രസ് ഭരണം വന്നില്ലെങ്കിൽ മണിപ്പൂർ വീണ്ടും ആവർത്തിക്കപ്പെടും എന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദിക്കെതിരെ പൊരുതാൻ രാഹുൽ ഗാന്ധിക്ക് പരമാവധി ശക്തി നൽകണം. രാജ്യത്തിനു വേണ്ടി രക്തസാക്ഷികളായ ആരെങ്കിലും ബിജെപിയിൽ ഉണ്ടോ?, ഉണ്ടെങ്കിൽ തെളിയിക്കാൻ മോദിയെ താൻ വെല്ലുവിളിക്കുന്നുവെന്നും നരേന്ദ്ര മോദിക്കെതിരെയുള്ള യുദ്ധമാണ് ഈ ലോക്സഭ തിരഞ്ഞെടുപ്പെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.












Click it and Unblock the Notifications