വി മുരളീധരന് കെട്ടിവെയ്ക്കാനുള്ള പണം നല്‍കിയത് യുക്രൈനില്‍ നിന്നും മടങ്ങിയെത്തിയ വിദ്യാർത്ഥികൾ
തിരുവനന്തപുരം: ആറ്റിങ്ങൽ മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാർത്ഥി വി മുരളീധരന് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് കെട്ടിവയ്ക്കാനുള്ള തുക നൽകി യുക്രൈൻ യുദ്ധഭൂമിയിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികൾ. ബി ജെ പി സംസ്ഥാന കാര്യാലയത്തിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥി സംഘത്തെ പ്രതിനിധീകരിച്ചു സായി ശ്രുതി, സൗരവ് എന്നിവരും രക്ഷിതാക്കളും ചേർന്ന് പണം വി മുരളീധരന് കൈമാറി.
യുക്രൈനിലെ യുദ്ധഭൂമിയിൽ നിന്നുള്ള രണ്ടാംജന്മം പോലുള്ള തിരികെ വരവിന് എല്ലാ പിന്തുണയും ധൈര്യവും നൽകി ഒപ്പം നിന്നതിനുള്ള സ്നേഹാദരമാണ് ഇതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. നരേന്ദ്ര മോദി സർക്കാരിൻ്റെ ഭാഗമായി പ്രവർത്തിച്ചപ്പോൾ ഏറ്റവും കൂടുതൽ ആത്മസംതൃപ്തി നൽകിയത് മറുനാട്ടിൽ നിന്നുള്ള രക്ഷാദൗത്യങ്ങളെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.

കൊറോണ ലോക്ഡൗൺ സമയത്ത് ആരംഭിച്ച ഓപ്പറേഷൻ വന്ദേഭാരത് മുതൽ ഒടുവിൽ റഷ്യയിൽ നിന്ന് അഞ്ചുതെങ്ങ് സ്വദേശികളെ തിരികെ എത്തിക്കുന്നത് വരെയുള്ള അഭിമാന ദൗത്യങ്ങളുടെ ഭാഗമായതിനാൽ സന്തോഷമുണ്ട്. മൂവായിരം മലയാളികൾ അടങ്ങുന്ന ഇരുപതിനായിരം വിദ്യാർത്ഥികളെ യുക്രെയ്ൻ യുദ്ധഭൂമിയിൽ നിന്ന് ഒഴിപ്പിച്ച ദൗത്യത്തിൻ്റെ അനുഭവങ്ങളും കേന്ദ്രമന്ത്രി വി മുരളീധരന്‍ മാധ്യമങ്ങളുമായി പങ്കുവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കരുത്തുറ്റ നേതൃത്വമാണ് ഓരോ ദൗത്യത്തെയും വിജയിപ്പിച്ചതെന്നും വി മുരളീധരൻ പറഞ്ഞു.
രാജ്യത്തിന്റെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിൻ്റെ പിന്തുണയും നിർണായകമായി. ലോകത്ത് എവിടെ ഇത് ദുർഘട സാഹചര്യത്തിൽ ഇന്ത്യക്കാർ അകപ്പെട്ടാലും സുരക്ഷിതമായി തിരികെ കൊണ്ടുവരുമെന്നത് നരേന്ദ്ര മോദിയുടെ ഗ്യാരൻ്റിയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മണിപ്പൂരിലുണ്ടായത് വംശീയ പ്രശ്നമാണെന്ന് വി മുരളീധരന്‍ ഇന്ന് അഭിപ്രായപ്പെട്ടു. നേരന്ദ്ര മോദി സര്‍ക്കാരിന്‍റെ ഭരണത്തില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ടിട്ടില്ല. ക്രൈസ്തവ സഭകൾക്ക് കേന്ദ്രത്തോട് അതൃപ്തിയുള്ളതായി കരുതുന്നില്ല. മണിപ്പുരിലും ഉത്തരേന്ത്യയിലും ക്രൈസ്തവര്‍ ആക്രമിക്കപ്പെടുകയാണെന്ന ലത്തീന്‍ അതിരൂപത ബിഷപ് ഫാ. തോമസ് ജെ നെറ്റോയുടെ പ്രസംഗം ഞാന്‍ കേട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂരിലും ഉത്തരേന്ത്യയിലും ക്രൈസ്തവർ ആക്രമിക്കപ്പെടുകയാണെന്ന് ദുഃഖവെള്ളി ദിനത്തില്‍ വിശ്വാസികള്‍ക്ക് നല്‍കിയ സന്ദേശത്തിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ വ്യക്തമാക്കിയിരുന്നു. ക്രൈസ്തവർക്കെതിരെ ആക്രമണം അഴിച്ചുവിടുന്നത് അന്ധകാര ശക്തികളാണെന്നും അദ്ദേഹം പറഞ്ഞു. ഇത് മാധ്യമപ്രവർത്തകർ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് മുരളീധരന്റെ പ്രതികരണം.












Click it and Unblock the Notifications