ആ സ്‌കൂളുകൾ ഇപ്പോൾ നഷ്ടത്തിലല്ല... എന്നിട്ടും എന്തുകൊണ്ട് നിയമനം സ്ഥിരപ്പെടുത്തുന്നില്ല? ശന്പളം പ്രതിസന്ധിയിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ നഷ്ടത്തിലായ സ്‌കൂളുകള്‍ പൂട്ടുന്നതിനെതിരെ വലിയ കാമ്പയിന്‍ തന്നെ നടന്നിരുന്നു. അങ്ങനെ ഒരു സ്‌കൂളും പൂട്ടാതിരിക്കാന്‍ മുന്നില്‍ നിന്ന് പോരാടിയത് ഇടതുപക്ഷം ആയിരുന്നു. ഇപ്പോഴിതാ ഇടത് സര്‍ക്കാര്‍ ഭരണത്തുടര്‍ച്ചയിലും എത്തിയിരിക്കുന്നു.
എന്നാല്‍, നഷ്ടത്തില്‍ നിന്ന് ലാഭത്തിലെത്തിയ സ്‌കൂളുകളില്‍ പോലും അധ്യാപക നിയമനം നടക്കുന്നില്ല എന്നാണ് വലിയ ആക്ഷേപം. കുട്ടികളുടെ കുറവ് ആണ് പല സ്‌കൂളുകളേയും നഷ്ടത്തിന്റെ പട്ടികയില്‍ പെടുത്തിയിരുന്നത്.

സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ ഇപ്പോള്‍ നഷ്ടത്തിലായ സ്‌കൂളുകള്‍ വളരെ കുറവാണ്. എന്നാല്‍ ഈ മാസം തുടക്കത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഉത്തരവില്‍ നഷ്ടത്തില്‍ നിന്ന് ലാഭത്തിലേക്കെത്തിയ സ്‌കൂളുകളെ പരിഗണിച്ചിട്ടില്ല എന്നാണ് പരാതി. 2019-20 വര്‍ഷത്തില്‍ തന്നെ ലാഭത്തിലായ സ്‌കൂളുകള്‍ ആണിവ.
ഇതോടെ ഒരു വിഭാഗം അധ്യാപകര്‍ നിയമനം സ്ഥിരപ്പെടാതെ ദുരിതത്തില്‍ ആയിരിക്കുകയാണ്. ഉത്തരവില്‍ നിന്ന് മേല്‍പറഞ്ഞ സ്‌കൂളുകള്‍ ഒഴിവാക്കപ്പെട്ടപ്പോള്‍ നൂറുകണക്കിന് അധ്യാപകര്‍ക്ക് ശമ്പളം തന്നെ കിട്ടാതാകുന്ന സ്ഥിതിയാകും എന്നാണ് പരാതി.
നിയമന അംഗീകാരം സംബന്ധിച്ച ഉത്തരവ് ലഭിച്ചിട്ടും ശമ്പളം ലഭിക്കാത്ത സാഹചര്യമാണ് ഇതോടെ ഒരു വിഭാഗം അധ്യാപകര്‍ക്ക് സംജാതമായിരിക്കുന്നത്. കൊവിഡ് വ്യാപനത്തോടെ 2019 ന് ശേഷം സ്‌കൂളുകളില്‍ കണക്കെടുപ്പോ തസ്തിക നിര്‍ണയമോ നടന്നിട്ടില്ല. ഉത്തരവിലെ ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടിരുന്നെങ്കില്‍ നൂറുകണക്കിന് അധ്യാപകര്‍ക്ക് ശമ്പളത്തിന്റെ കാര്യത്തില്‍ ആശങ്ക ഉണ്ടാവില്ലായിരുന്നു എന്നാണ് പറയുന്നത്.
വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം എന്നാണ് അധ്യാപകരുടെ ആവശ്യം. പല സ്‌കൂളുകളിലും കഴിഞ്ഞ വര്‍ഷങ്ങളില്‍ വിരമിച്ച അധ്യാപകരുടെ ഒഴിവുകളില്‍ ജോലിയില്‍ പ്രവേശിച്ചവരുടെ സ്ഥിതിയും ആശങ്കയിലാണ്. എന്തായാലും ഈ വിഷയം അധ്യാപക സംഘടനകള്‍ സര്‍ക്കാരിന്റേയും ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. നഷ്ടത്തില്‍ നിന്ന് ലാഭത്തിലേക്ക് എത്തിയ സ്‌കൂളുകള്‍ കൂടി പുതിയ ഉത്തരവില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് കെഎസ്ടിഎ പൊതു വിദ്യാഭ്യാസ സെക്രട്ടറിയ്ക്കും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications