ഏകീകൃത സിവില്‍ കോഡ് മുസ്ലിങ്ങളെ മാത്രം ബാധിക്കുന്നതല്ല: തെരുവില്‍ ഇറങ്ങി പോരാടേണ്ടതില്ലെന്നും ലീഗ്
കോഴിക്കോട്: കേന്ദ്ര സർക്കാർ നടപ്പിലാക്കാന്‍ ഒരുങ്ങുന്ന ഏകീകൃത സിവില്‍ കോഡ് മുസ്ലിം വിഭാഗങ്ങളെ മാത്രമായി ബാധിക്കുന്ന വിഷയമല്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. രാജ്യത്തിന്റെ സാമൂഹിക വ്യവസ്ഥയെ തന്നെ വലിയ രീതിയില്‍ ബാധിക്കുന്ന വിഷയമാണ് ഇത്. അതുകൊണ്ട് എല്ലാ മത സംഘടനകളും ഏകീകൃത സിവില്‍ കോഡിനെതിരെ ഒരുമിച്ച് രംഗത്ത് വരണമെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് ചേർന്ന വിവിധ മുസ്ലിം സംഘടനകളുടെ യോഗ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലീഗ് അധ്യക്ഷന്‍.
ഏകീകൃത സിവില്‍ കോഡ് എന്നത് തെരുവില്‍ ഇറങ്ങി പോരാടേണ്ട ഒരു വിഷയം അല്ല. നിയമപരമായും രാഷ്ട്രീയപരമായുമാണ് ഇതിനെ നേരിടേണ്ടത്. വിഷയത്തെ സാമുദായിക ധ്രൂവീകരണത്തിലേക്ക് കൊണ്ടുപോകരുത്. വിഷയത്തില്‍ എല്ലാ വിഭാഗങ്ങളേയും സംഘടിപ്പിച്ച് സെമിനാർ സംഘടിപ്പിക്കും. അതിലേക്ക് എല്ലാവരേയും ക്ഷണിക്കും. സമുദായികമായിട്ടുള്ള ധ്രുവീകരണം നടത്തുന്ന തരത്തില്‍ ഉള്ള സെമിനാറുകളില്‍ പങ്കെടുക്കില്ലെന്നും സാദിഖ് അലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.

ഇന്ത്യയില്‍ നിരവധി ഗോത്ര വിഭാഗങ്ങളും ആദിവാസികളുമുണ്ട്. അവരെയെല്ലാം ഏകീകൃത സിവില്‍ കോഡ് വലിയ രീതിയില്‍ ബാധിക്കും. മണിപ്പൂർ, നാഗാലാന്‍ഡ് ജനങ്ങളേയും നിയമം പ്രതിസന്ധിയിലാക്കും. അതുകൊണ്ട് തന്നെ വിശാലമായ രീതിയില്‍ തന്നെ പ്രതികരണം ഉണ്ടാവണം. എല്ലാ രാഷ്ട്രീയ കക്ഷികളുടേയും പിന്തുണ ആവശ്യമാണ്. അവർ എല്ലാവരും തന്നെ ഉത്തരവാദിത്ത ബോധത്തോടെയുള്ള നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് ഒരു ബോധവത്കരണം ജനങ്ങള്‍ക്ക് നല്‍കേണ്ടതുണ്ട്. അതിനായി ഈ സമിതിയുടെ നേതൃത്വത്തില്‍ ഒന്നോ അതില്‍ അധികമോ സെമിനാർ സംഘടിപ്പിക്കും. അതില്‍ കക്ഷി-മത-രാഷ്ട്രീയ ഭേദമന്യേ അളുകളെ പങ്കെടുപ്പിക്കുമെന്നും സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അതേസമയം ഏകീകൃത സിവില്‍ കോഡ് വര്‍ഗീയ ധ്രുവീകരണത്തിനുള്ള ട്രാപ്പാണെന്നും ആ കെണിയില്‍ വീഴരുതെന്ന് പികെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
ലീഗ് നേതാക്കൾക്ക് പുറമെ ഇ കെ സമസ്ത, കാന്തപുരം വിഭാഗം സമസ്ത, കെ എൻ എം, വിസ്ഡം, മർക്കസുദവ, എം ഇ എസ്, തബ്ലീഗ്, ദക്ഷിണ കേരള മുസ്ലിം ജമാഅത്ത് തുടങ്ങി 11 സംഘടനകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications