കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യമായി 2 പൊതുമേഖലാ ബാങ്കുകളും ഇൻഷ്വറൻസ് കമ്പനിയും വിൽപ്പനയ്ക്ക്, ബജറ്റിനെതിരെ ഐസക്

Google Oneindia Malayalam News

തിരുവനന്തപുരം: സാമ്പത്തിക മാന്ദ്യത്തിൽ നിന്നും രാജ്യത്തെ കരകയറ്റുന്നതിന് തീർത്തും അപര്യാപ്തമാണ് പുതിയ ബജറ്റ് എന്ന് ധനമന്ത്രി ടിഎം തോമസ് ഐസക്. 2020-21ലെ പുതുക്കിയ കണക്കുകളെ അപേക്ഷിച്ച് വർദ്ധന വെറും ഒരു ശതമാനം മാത്രമാണ്. ഇതിനെ എങ്ങനെ ഉത്തേജക പാക്കേജെന്ന് വിശേഷിപ്പിക്കാൻ കഴിയും എന്ന് ധനമന്ത്രി ചോദിക്കുന്നു.

ബജറ്റ് മതിപ്പുകണക്കിനെ അപേക്ഷിച്ച് റവന്യു വരുമാനം 2021-22ൽ 12 ശതമാനം കുറവാണ്. തൽഫലമായി ചെലവ് ചുരുക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതരായി. ഈ കുറവ് നികത്താൻ ശ്രമിക്കുന്നത് പൊതുമേഖലയെ വിറ്റു തുലച്ചുകൊണ്ടാണ്. 1.75 ലക്ഷം കോടി രൂപയാണ് പൊതുമേഖല ഓഹരി വിൽപ്പനയിലൂടെ നേടാൻ ശ്രമിക്കുന്നത്. ആദ്യമായി രണ്ട് പൊതുമേഖലാ ബാങ്കുകളും ഇൻഷ്വറൻസ് കമ്പനിയും വിൽപ്പനയ്ക്ക് വച്ചിരിക്കുകയാണ്. കാർഷിക മേഖലയുടെ ഗണ്യമായി അടങ്കൽ വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും 2020-21 ബജറ്റിനെ അപേക്ഷിച്ച് വകയിരുത്തൽ കുറവാണ്. 1.54 ലക്ഷം കോടിയിൽ നിന്ന് 1.48 ലക്ഷം കോടിയായി കുറഞ്ഞു.

മാർക്കറ്റ് ഇന്റർവെൻഷനും വില പിന്തുണാ സ്കീമിനും വേണ്ടിയുള്ള അടങ്കൽ 2000 കോടിയിൽ നിന്ന് 1501 കോടിയായി കുറച്ചു. ക്രോപ്പ് ഇൻഷ്വറൻസ് സ്കീമിന് വെറും 300 രൂപയാണ് വർദ്ധന. കൃഷിക്കാർക്കുള്ള പലിശ സബ്സിഡി 2000 കോടി രൂപ കുറഞ്ഞു. 900 കോടി രൂപ വകയിരുത്തിയിട്ടുള്ള അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് മാത്രമാണ് എന്തെങ്കിലും ശ്രദ്ധേയമായ ഇടപെടൽ. കാർഷികമേഖലയ്ക്ക് ഒരുണർവും ഈ ബജറ്റ് സംഭാവന ചെയ്യുന്നില്ല. ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് 1.11 ലക്ഷം കോടി രൂപ 2020-21ൽ ചെലവഴിച്ചെങ്കിൽ അടുത്ത വർഷം 0.73 ലക്ഷം കോടി രൂപയേ വകയിരുത്തിയിട്ടുള്ളൂ. പെൻഷനടക്കമുള്ള സാമൂഹ്യ-ക്ഷേമ ചെലവുകൾ 2020-21ൽ 43,000 കോടി രൂപയായിരുന്നെങ്കിൽ പുതിയ ബജറ്റിൽ 9,200 കോടി രൂപയേയുള്ളൂ.

isaac

രാഷ്ട്രീയ സ്വസ്ത്യ ഭീമ യോജനയിൽ 2020-21ലെ 6400 കോടി രൂപയേ ഈ വർഷമുള്ളൂ. ദേശീയ ആരോഗ്യ മിഷനിൽ നാമമാത്രമായ വകയിരുത്തലേയുള്ളൂ. കഴിഞ്ഞ വർഷം 36000 കോടി രൂപ ചെലവഴിച്ചെങ്കിൽ ഇപ്പോൾ 37000 കോടി രൂപയേയുള്ളൂ. ദേശീയ വിദ്യാഭ്യാസ മിഷന്റെ അടങ്കൽ 39000 കോടിയിൽ നിന്നും 34000 കോടിയായി വെട്ടിക്കുറച്ചിരിക്കുകയാണ്. ജലജീവൻ മിഷനൊഴികെ മറ്റു കേന്ദ്രാവിഷ്കൃത പദ്ധതികളിലൊന്നും ശ്രദ്ധേയമായ വർദ്ധനവേ ഇല്ല. കമ്മിയും കടവും ഉയർത്തിയെന്ന് കേരള ബജറ്റിനെ വിമർശിച്ച ബിജെപി നേതാക്കൾക്ക് കേന്ദ്രബജറ്റു വന്നതോടെ പറഞ്ഞതൊക്കെ വിഴുങ്ങേണ്ടി വന്നിരിക്കുകയാണ്. 2020-21ലെ കേന്ദ്ര ബജറ്റ് കമ്മി 9.5 ശതമാനമായിരുന്നു. 2021-22ലെ കമ്മി 6.8 ശതമാനമാണ്.

കേരളം മാത്രമല്ല, സംസ്ഥാനങ്ങളുടെ ധനക്കമ്മി കേന്ദ്ര ധനക്കമ്മിയുടെ പകുതിയേ വരൂ. 2020-21ൽ കേരളത്തിന്റെ ധനക്കമ്മി 4.25 ശതമാനമായിരുന്നു. 2021-22ൽ ഇത് 3.5 ശതമാനമാവുമാണ്. ഇപ്പോൾ കേന്ദ്രസർക്കാർ ഒരു ശതമാനം വായ്പ അധികമെടുക്കാൻ സംസ്ഥാനങ്ങളെ അനുവദിച്ചതുകൊണ്ട് പുതുക്കിയ ബജറ്റിൽ കമ്മി 4.5 ശതമാനമായി ഉയരും. ഇതിന് ആനുപാതികമായി മൂലധനച്ചെലവും ഉയരും.
ഇനി കടത്തിന്റെ കാര്യമാണെങ്കിൽ 2020-21ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം 8 ലക്ഷം കോടി രൂപയാണ് വായ്പയെടുക്കാൻ തീരുമാനിച്ചത്. ഇതിനുപകരം വായ്പയെടുത്തത് 18.5 ലക്ഷം കോടി രൂപ. ഇപ്പോഴത്തെ ബജറ്റ് പ്രകാരം 15.1 ലക്ഷം കോടി രൂപയാണ് വായ്പയെടുക്കാൻ ലക്ഷ്യമിടുന്നത്.

കേരളത്തിന് ദേശീയപാത വികസനത്തിന് 65000 കോടി രൂപ വകയിരുത്തിയിരിക്കുന്നു എന്നുപറഞ്ഞ് കോൾമയിർ കൊള്ളുന്നവരുണ്ട്. അതൊരു തമാശയാണ്. നാഷണൽ ഹൈവേ അതോറിറ്റി വായ്പയെടുത്ത് മുതൽ മുടക്കുന്ന തുകയാണിത്. നമ്മുടെ കിഫ്ബി വായ്പപോലെ. ഇതൊരു പുതിയ പ്രഖ്യാപനവുമല്ല. ദേശീയപാത വികസനത്തിനുള്ള തുക നേരത്തെ പ്രഖ്യാപിച്ചു കഴിഞ്ഞതാണ്.
കൊച്ചി മെട്രോയ്ക്കുള്ള 1957 കോടി രൂപയിൽ 338 കോടി രൂപയേ കേന്ദ്രത്തിൽ നിന്നും ഓഹരി മൂലധനമായി കിട്ടൂ. ഇതിനു തുല്യമായ തുക സംസ്ഥാനവും നൽകണം. ബാക്കിയുള്ള തുക വിദേശത്തു നിന്നോ നാട്ടിൽ നിന്നോ വായ്പയെടുക്കണം.

ധനകാര്യ കമ്മീഷന്റെ റിപ്പോർട്ട് പൂർണ്ണമായും വായിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും നടപ്പുവർഷത്തെ അപേക്ഷിച്ച് നമുക്കുള്ള ധനസഹായം ചെറിയ തോതിലെങ്കിലും വർദ്ധിക്കുമെന്നാണ് പ്രതീക്ഷ. കേരളത്തിന്റെ നികുതി വിഹിതം 1.943 ആയിരുന്നത് 1.925 ആയി കുറഞ്ഞു. പക്ഷെ, നമ്മുടെ റവന്യുക്കമ്മി ഗ്രാന്റ് 15,323 കോടി രൂപയായിരുന്നത് 19,891 കോടി രൂപയായി ഉയർന്നിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾക്ക് റിപ്പോർട്ട് പൂർണ്ണമായും വായിക്കേണ്ടതുണ്ട്.

English summary
Union Budget 2021: Thomas Isaac reaction on Union Budget 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X