Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രംപിന്റെ പണി പാളിയോ? ഇതുപോലൊരു ചെറുത്തുനിൽപ്പും തകർച്ചയും ട്രംപ് പ്രതീക്ഷിച്ചിട്ടില്ല: തോമസ് ഐസക്

രണ്ടാമത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപ് നടത്തിയ സാമ്പത്തിക പരിഷ്കരണങ്ങള്‍ അമേരിക്കയ്ക്ക് തന്നെ തിരിച്ചടിയാകുകയാണെന്ന് സിപിഎം നേതാവ് തോമസ് ഐസക്. ചെറിയൊരു സാമ്പത്തിക തിരിച്ചടി പ്രതീക്ഷിച്ചാണ്, എന്നാൽ ഇതുപോലൊരു ചെറുത്തുനിൽപ്പും തകർച്ചയും ട്രംപ് പ്രതീക്ഷിച്ചിട്ടില്ല. എന്നാൽ ഇതൊക്കെ താൻ മുൻകൂട്ടി കണ്ടതാണ് എന്ന ഭാവത്തിലാണ് ട്രംപ്. ആഗോള സാമ്പത്തിക തകർച്ച ട്രംപിന്റെ ഒരു മാസ്റ്റർ സ്ട്രോക്ക് ആണെന്നാണ് ഇപ്പോഴത്തെ പ്രചാരണമെന്നും അദ്ദേഹം പറയുന്നു.

തോമസ് ഐസകിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

വീണിടം വിദ്യയാക്കാനാണ് ട്രംപിന്റെ പരിശ്രമം. എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള 10 ശതമാനം ചുങ്കത്തിന് പുറമെ ഓരോ രാജ്യത്തിന്റെമേലും വ്യത്യസ്ത നിരക്കിലുള്ള പകരം ചുങ്കവും ഏർപ്പെടുത്തി. പകരം ചുങ്കം കണക്കുകൂട്ടിയെടുത്തതിന്റെ മാനദണ്ഡങ്ങൾ വലിയ തമാശയായിട്ടുണ്ട്. ഒരു രാജ്യവുമായുള്ള അമേരിക്കയുടെ വ്യാപാരത്തിൽ കമ്മിയുടെ അടിസ്ഥാനത്തിലാണ് പകരം ചുങ്കം ഏർപ്പെടുത്തിയത്. ഇത് ശുദ്ധ അസംബന്ധമാണെന്ന് പോൾ ക്രൂഗ്മാനെ പോലുള്ള പണ്ഡിതർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

thomas-issac

ഉദാഹരണത്തിന് യൂറോപ്യൻ യൂണിയന്റെ ശരാശരി ചുങ്കം 5 ശതമാനമേ വരൂ. എന്നാൽ അവരുടെമേൽ 20 ശതമാനം ചുങ്ക ഉപരോധമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ട്രംപ് ചരക്കുകളുടെ വ്യാപാര ബാലൻസാണ് പരിഗണിച്ചത്. ഇവിടെ യൂറോപ്യൻ യൂണിയന് വലിയ മിച്ചമാണ്‌ എന്നാൽ സേവനങ്ങളുടെ വ്യാപാരം എടുത്താൽ യൂറോപ്യൻ യൂണിയൻ കമ്മിയിലാണ് ഇതിനൊക്കെ പുറമേ ഏതെങ്കിലും രാജ്യത്തിനു അമേരിക്കയുമായി വ്യാപാരമിച്ചമുണ്ടെങ്കിൽ അത് കുതന്ത്രത്തിലൂടെ നേടിയതാണെന്നു പറയുന്നത് എന്തൊരു വങ്കത്തമാണ്.

ആഗോളവൽക്കരണ കാലത്തും അമേരിക്കൻ സാമ്പത്തിക മത്സരശേഷി ഇടിഞ്ഞു. ഇതിന്റെ ഫലമായി അമേരിക്കൻ വ്യവസായങ്ങൾ തുരുമ്പിച്ചു. അമേരിക്കയുടെ മത്സരശേഷി സേവനങ്ങളിലാണ്. എന്നാൽ വ്യവസായ മേഖലയ്ക്കാണ് വോട്ടിൽ പ്രാധാന്യം. ജോലി നഷ്ടപ്പെട്ട വ്യവസായ തൊഴിലാളികളിൽ നിന്ന് വലിയ പിന്തുണയാണ് ട്രംപിനു ലഭിച്ചത്. വീണ്ടും അമേരിക്കയെ ലോക വ്യവസായ ശക്തിയായി ഉയർത്തുമെന്നതാണ് ട്രംപിന്റെ മുദ്രാവാക്യം. ഇതിനു കണ്ടിരിക്കുന്ന മാർഗമാണ് പകരം ചുങ്കം.

അമേരിക്ക വാങ്ങുന്ന ചരക്കുകൾക്കു തുല്യമായ ചരക്ക് മറ്റു രാജ്യങ്ങൾ വാങ്ങിയേ മതിയാകൂ. അതിനാണ് എല്ലാ രാജ്യങ്ങളുടെമേലും ചുങ്കം ഏർപ്പെടുത്തിയത്. ഇനി ഓരോ രാജ്യവുമായി ചർച്ച ചെയ്ത് ഒത്തുതീർപ്പിൽ എത്താമെന്നാണ് ട്രംപ് പറയുന്നത്. പക്ഷേ, അതിനിടയിൽ ആഗോള സാമ്പത്തിക തകർച്ചയിലേക്ക് വ്യാപാര യുദ്ധം നയിച്ചേക്കാം.

ചൈന മാത്രമല്ല കാനഡയും അമേരിക്കൻ ഉല്പന്നങ്ങൾക്കെതിരെ ചുങ്കം ഉയർത്തി തിരിച്ചടിച്ചു. യൂറോപ്യൻ യൂണിയൻ നടപടിയെടുക്കാൻ പോകുന്നു. 1920കളിലെപോലെ വ്യാപാര യുദ്ധം ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിലായി അമേരിക്കൽ ഓഹരി വിപണി 10 ശതമാനമാണ് ഇടിഞ്ഞത്. എല്ലാ സ്റ്റോക്ക് മാർക്കറ്റുകളിലും ഇതു തന്നെയാണ് സ്ഥിതി. ഞാൻ താഴെ ഉപയോഗിച്ചിരിക്കുന്ന കണക്കുകൾ എസ് ബി ഐ യുടെ ചീഫ് ഇക്കണോമിക് അഡ്വൈസറുടേതാണ്.

ലോക വ്യാപാര വളർച്ച 2025-2026-ൽ 2.9 ശതമാനത്തിൽനിന്നു 1.3 ശതമാനമായി താഴും. അമേരിക്കയിലെ വിലക്കയറ്റം 1.4 ശതമാനത്തിൽ നിന്ന് 2.2 ശതമാനമായി ഉയരും. അമേരിക്കയുടെ ജിഡിപി 1.45 ശതമാനം കുറയും, ഓരോ അമേരിക്കക്കാരന്റെ വരുമാനത്തിലും 3487 ഡോളറിന്റെ കുറവുണ്ടാകും. സമ്പത്ത്ഘടന നിശ്ചയമായും തിരിച്ചുയരും. പക്ഷെ, ഇംഗ്ലീഷ് അക്ഷരം 'J' പോലെ പെട്ടെന്നൊരു ഉയർച്ച ആയിരിക്കില്ല. അക്ഷരം 'U' പോലൊരു വീണ്ടെടുപ്പായിരിക്കും ചിലപ്പോൾ അക്ഷരം 'L' പോലുള്ളതും ആവാം.

ചെറിയൊരു സാമ്പത്തിക തിരിച്ചടി പ്രതീക്ഷിച്ചാണ്, എന്നാൽ ഇതുപോലൊരു ചെറുത്തുനിൽപ്പും തകർച്ചയും ട്രംപ് പ്രതീക്ഷിച്ചിട്ടില്ല. എന്നാൽ ഇതൊക്കെ താൻ മുൻകൂട്ടി കണ്ടതാണ് എന്ന ഭാവത്തിലാണ് ട്രംപ്. ആഗോള സാമ്പത്തിക തകർച്ച ട്രംപിന്റെ ഒരു മാസ്റ്റർ സ്ട്രോക്ക് ആണെന്നാണ് ഇപ്പോഴത്തെ പ്രചാരണം. നിലവിലുള്ള ആഗോള വ്യവസ്ഥയുടെ തകർച്ചയിൽ നിന്ന് പുതിയൊരു ലോകക്രമം വരുമത്രെ.

പക്ഷേ, അമേരിക്കയിലെ ജനങ്ങൾ അത്രയ്ക്കൊന്നും കാത്തിരിക്കാൻ തയ്യാറല്ലായെന്നാണ് രാജ്യമാസകലം ശനിയാഴ്ച നടന്ന പ്രതിഷേധ പ്രകടനങ്ങൾ സൂചിപ്പിക്കുന്നത്. "ഹാൻസ് ഓഫ്" (Hands Off) എന്നതാണ് പുതിയ പ്രസ്ഥാനത്തിന്റെ മുദ്രാവാക്യം. 1400 കേന്ദ്രങ്ങളിൽ പ്രകടനങ്ങൾ നടന്നു. ആയിരങ്ങളെ പ്രതീക്ഷിച്ചിടത്ത് പതിനായിരങ്ങളാണ് എത്തിയത്. 150-ഓളം സംഘടനകളുടെ കൂട്ടായ്മയാണ് പ്രകടനത്തിന് ആഹ്വാനം ചെയ്തത്. ജോലി നഷ്ടപ്പെട്ട സർക്കാർ ജീവനക്കാർ, ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടവർ, രാജ്യത്തിനു പുറത്താക്കപ്പെട്ടവരുടെ ബന്ധുക്കൾ, ട്രാൻസ് ജന്ററുകൾ എന്നു തുടങ്ങി ട്രംപിന്റെ ഇരകൾ സമരത്തിനെത്തി.

2011-ലെ വാൾസ്ട്രീറ്റ് സമരത്തെ അനുസ്മരിപ്പിക്കുന്നതാണ് ഇപ്പോഴത്തെ സംഭവഗതികൾ. ട്രംപിനും അദ്ദേഹത്തിന്റെ കോടീശ്വര സുഹൃത്തുക്കൾക്കും എന്തും ചെയ്യാൻ അമേരിക്കയെ കിട്ടില്ല എന്നതാണ് പ്രകടനങ്ങളുടെ സന്ദേശം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+