കെഎസ് യുവിൽ തുടങ്ങി, കോൺഗ്രസിൽ വളർന്ന്....എൻസിപിയുടെ മുഖമായി!!
ഉഴവൂരിലെ സെന്റ് സ്റ്റീഫൻ കോളേജിൽ വിദ്യാർഥിയായിരിക്കെയായിരുന്നു ഉഴവൂർ വിജയൻ കെഎസ് യുവിലെത്തുന്നത്.
തിരുവനന്തപുരം: കോട്ടയം ജില്ലയിലെ കുറിച്ചിത്താനം സ്വദേശിയായ ഉഴവൂർ വിജയൻ കെഎസ് യുവിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. ഉഴവൂരിലെ സെന്റ് സ്റ്റീഫൻ കോളേജിൽ വിദ്യാർഥിയായിരിക്കെയായിരുന്നു ഉഴവൂർ വിജയൻ കെഎസ് യുവിലെത്തുന്നത്.
കെഎസ് യു സംസ്ഥാന ജനറൽ സെക്രട്ടറി അടക്കമുള്ള പദവിയും വഹിച്ചിരുന്നു. പിന്നീട് അദ്ദേഹം യൂത്ത് കോൺഗ്രസിലെത്തി. യൂത്ത് കോൺഗ്രസ് സെക്രട്ടറി പദവിയും അലങ്കരിച്ചു.

അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയുടെ നിലപാടുകളിൽ പ്രതിഷേധിച്ചായിരുന്നു ഉഴവൂർ കോൺഗ്രസിൽ നിന്ന് പടിയിറങ്ങിയത്. കോൺഗ്രസ് രാഷ്ട്രീയ തർക്കങ്ങളിൽ കടുത്ത എതിർപ്പ് പ്രകടിപ്പിക്കാനും ഉഴവൂർ മറന്നില്ല. കോൺഗ്രസ് പിളർന്നപ്പോൾ കോൺഗ്രസ് എസിനൊപ്പം നിന്ന ഉഴവൂർ ഒടുവിൽ കോൺഗ്രസ് എസ് ശരദ് പവാറിനൊപ്പം പോയപ്പോൾ നേതൃസ്ഥാനങ്ങളിലേക്ക് എത്തുകയായിരുന്നു.
രാഷ്ട്രീയ വിഷയങ്ങളെ നർമ്മത്തിലൂടെ സമീപിച്ചിരുന്നുവെങ്കിലും നിലപാടകളിൽ കർക്കശക്കാരനായിരുന്നു അദ്ദേഹം. എൻസിപി മഹാരാഷ്ട്ര നേതൃത്വം ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോൾ ദേശീയ നേതൃത്വത്തെ എതിർത്ത് ഇടതിനൊപ്പം നിന്നയാളായിരുന്നു ഉഴവൂർ. ഒടുവിൽ എൽഡിഎഫ് അധികാരത്തിലെത്തിയപ്പോൾ എകെ ശശീന്ദ്രനെ മന്ത്രിയാക്കണമെന്ന ഉറച്ച നിലപാടെടുത്തതും ഉഴവൂരായിരുന്നു.
എൻസിപി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, സീനിയർ വൈസ് പ്രസിഡന്റ്, എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. നിലവിൽ പാർട്ടി സംസ്ഥാന അധ്യക്ഷനും ദേശീയ സമിതി അംഗവുമാണ്. കഴിഞ്ഞ ഇടത് സർക്കാർ കാലത്ത് വികലാംഗ ക്ഷേമ ബോർഡ് ചെയർമാനായിരുന്നു. മലിനീകരണ നിയന്ത്രണ ബോർഡ് അംഗം, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഉപദേശക സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
ആവേശ പ്രസംഗങ്ങളിലൂടെ ജനങ്ങളെ കൈയ്യിലെടുക്കാൻ കഴിഞ്ഞ വിജയന് എന്നാൽ തിരഞ്ഞെടുപ്പിൽ വേണ്ട ജനപിന്തുണ നേടാൻ കഴിഞ്ഞില്ല. 2001ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പാലായിൽ മാണിക്കെതിരെ മത്സരിച്ച് പരാജയപ്പെടകയായിരുന്നു.












Click it and Unblock the Notifications