Vandana Murder: വന്ദനയ്ക്ക് കണ്ണീരില്‍ കുതിർന്ന യാത്രയയപ്പ്: ഉള്ളുലച്ച് അന്ത്യ നിമിഷങ്ങള്‍
കോട്ടയം: ഡ്യൂട്ടിക്കിടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോക്ടർ വന്ദനയ്ക്ക് കണ്ണീരില്‍ കുതിർന്ന യാത്രയയപ്പ് നല്‍കി നാട്. വന്ദനയെ അവസാനമായി ഒരു നോക്ക് കാണാന്‍ ആയിരക്കണക്കിന് ആളുകളായിരുന്നു കോട്ടയം മുട്ടുചിറയിലെ വീട്ടിലേക്ക് എത്തിയത്. പോസ്റ്റുമോർട്ടം നടപടികള്‍ക്ക് ശേഷം ഇന്നലെ രാത്രി എട്ട് മണിയോടെ മൃതദേഹം വീട്ടിലെത്തിച്ചിരുന്നു. ആ സമയം മുതല്‍ തുടങ്ങിയ ആളുകളുടെ പ്രവാഹം മൃതദേഹം സംസ്കാരത്തിനായി എടുക്കുന്നത് വരേയും അവസാനിച്ചിരുന്നില്ല.
ഏകമകളെ ചിതയിലേക്ക് എടുക്കുമ്പോള്‍ രക്ഷിതാക്കളുടെ നെഞ്ചുപൊട്ടിയുള്ള കരഞ്ചില്‍ കണ്ടുനിന്ന മുഴുവന്‍ പേരേയും ദു:ഖത്തിലാഴ്ത്തി. വന്ദനയുടെ അമ്മയുടെ സഹോദരന്റെ മകൻ നിവേദ് ആണ് ചിതക്ക് തീകൊളുത്തിയത്. മുത്തശ്ശിയെയും സംസ്കരിച്ചതിനോട് ചേർന്നായിരുന്നു വന്ദനക്കും ചിതയൊരുക്കിയത്. കൊല്ലം അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച് സെന്ററിലെ എംബിബിഎസ് പഠനത്തിനുശേഷം ഹൗസ് സർജനായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു വന്ദന.

ഇന്നലെ പുലർച്ചയോടെയായിരുന്നു കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പൊലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച സന്ദീപ് എന്ന പ്രതി ഡോക്ടർ വന്ദനയെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്. വിദഗ്ധ ചികിത്സയ്ക്കായി വന്ദനയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മുഖ്യമന്ത്രിയും ഗവർണ്ണറും ഉള്‍പ്പടേയുള്ളവർ ഇന്നലെ തന്നെ ആശുപത്രിയിലെത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുകയും വന്ദനയ്ക്ക് അന്തിമോപചാരം അർപ്പിക്കുകയും ചെയ്തിരുന്നു.
മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ ആരോഗ്യമന്ത്രിയും പ്രതിപക്ഷ നേതാവും ആദരാജ്ഞലി അർപ്പിച്ചു. മന്ത്രിമാരും സ്പീക്കറുമുൾപ്പെടെയുള്ളവരും മറ്റ് പ്രമുഖരും അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു. കുറ്റകരമായ അനാസ്ഥയാണ് പോലീസിന് ഉണ്ടായതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇന്നും ആവർത്തിച്ചു. ഇപ്പോൾ പോലീസ് പുതിയ തിരക്കഥ ഉണ്ടാക്കുകയാണ്. ആരോഗ്യ മന്ത്രി ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം ഇനിയെങ്കിലും മനസിലാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വന്ദന ദാസിന്റെ കൊലപാതകം കേരള സമൂഹത്തെയാകെ പിടിച്ചുലയ്ക്കുന്നതാണ്. ആശുപത്രികൾ സുരക്ഷിത സ്ഥലമല്ല എന്ന സാഹചര്യം അങ്ങേയറ്റം അപകടകരമാണ്. 23 വയസുള്ള പെൺകുട്ടിയെ മരണത്തിലേക്ക് തള്ളിവിട്ടത് പോലിസിന്റെ അനാസ്ഥയാണ് . ലഹരിയ്ക്ക് അടിമയായ ഒരാളെ അറസ്റ്റ് ചെയ്ത് ആശുപത്രിയിൽ കൊണ്ട് പോകുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷ മുൻകരുതലുകൾ ഒന്നും പോലീസ് സ്വീകരിച്ചില്ലെന്നും വിഡി സതീശന്‍ ഇന്നലെ ആരോപിച്ചിരുന്നു.
ആരോഗ്യ പ്രവർത്തകരുടെ തൊഴിൽ സ്ഥലത്തെ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ കാര്യമായി ഒന്നും ചെയ്തില്ല എന്നത് പ്രതിഷേധാർഹമാണ്. ആരോഗ്യ വകുപ്പിൽ വ്യാപകമായ പ്രശ്നങ്ങളാണ്. ഓരോന്നിലും അന്വേഷണം പ്രഖ്യാപിക്കും എന്നല്ലാതെ ഒന്നും നടക്കുന്നില്ല. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ അന്വേഷണങ്ങൾക്ക് ഉത്തരവിട്ടത് ഇപ്പോഴത്തെ ആരോഗ്യ മന്ത്രിയാകുമെന്നും സതീശന്‍ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications