അമ്പലത്തിലെത്തിയ ഭക്തരോടാണോ പുഷ്പനെ അറിയാമോ എന്ന് ചോദിക്കുന്നത്? വിഡി സതീശന്‍
കൊച്ചി: കടയ്ക്കല്‍ ദേവീ ക്ഷേത്രത്തില്‍ തിരുവാതിര ഉത്സവത്തോട് അനുബന്ധിച്ച് നടന്ന സംഗീത പരിപാടിയില്‍ വിപ്ലവ ഗാനം പാടിയ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ബി ജെ പിക്ക് ഇടമുണ്ടാക്കി കൊടുക്കാനാണ് സി പി എം ശ്രമിക്കുന്നത് എന്ന് അദ്ദേഹം ആരോപിച്ചു. അധികാരത്തിന്റെ അഹങ്കാരം തലയ്ക്ക് പിടിച്ചതാണ് ഇതിനെല്ലാം പ്രശ്‌നമെന്നും സതീശന്‍ കുറ്റപ്പെടുത്തി.
'കടയ്ക്കല്‍ ക്ഷേത്രത്തില്‍ പുഷ്പനെ അറിയാമോ എന്ന ഗാനമേള നടത്തി. അതിന് ശേഷം പിന്നിലുള്ള വീഡിയോ വാളില്‍ അരിവാള്‍ ചുറ്റിക നക്ഷത്രവും ഡിവൈഎഫ്ഐയും സിപിഎമ്മുമൊക്കെയാണ് തെളിയുന്നത്. നാണംകെട്ട പാര്‍ട്ടിയാണ് ഇത്. അവിടെ ഒരു സംഘര്‍ഷമുണ്ടാക്കി ബിജെപിക്ക് ഇടം ഉണ്ടാക്കിക്കൊടുക്കുക എന്നതാണോ ഇവരുടെ ലക്ഷ്യം.' പ്രതിപക്ഷ നേതാവ് ചോദിച്ചു.

ഇവര്‍ക്കൊന്നും പാട്ട് പാടാന്‍ വേറെ സ്ഥലമില്ലേ എന്നും അമ്പലത്തിലെ ഗാനമേളയില്‍ ഭക്തജനങ്ങളോടാണോ പുഷ്പനെ അറിയാമോ എന്ന് ചോദിക്കുന്നത് എന്നും അദ്ദേഹം ആരാഞ്ഞു. അത്തരം ആളുകളോട് വേറെ പണി നോക്കാന്‍ പറയണം എന്നും ഇവര്‍ ഏത് ലോകത്താണ് ജീവിക്കുന്നത് എന്നും സതീശന്‍ ചോദിച്ചു. അതേസമയം കളമശ്ശേരി സര്‍ക്കാര്‍ പോളിടെക്നിക് കോളേജിലെ ലഹരിവേട്ടയിലും അദ്ദേഹം പ്രതികരിച്ചു.
എസ്എഫ്ഐ നേതൃത്വത്തിലാണ് കഞ്ചാവ് കച്ചവടം നടത്തിയത് എന്നും അറസ്റ്റിലായത് എസ്എഫ്‌ഐ നേതാവാണെന്ന് മന്ത്രിമാരായ രാജീവും മുഹമ്മദ് റിയാസും അംഗീകരിച്ചാല്‍ മതി എന്നും അദ്ദേഹം പറഞ്ഞു. എസ്എഫ്‌ഐ നേതാക്കള്‍ പിടിയിലായാല്‍ അതേക്കുറിച്ച് പറയണ്ടേ എന്നും അദ്ദേഹം ചോദിച്ചു. പല സ്ഥലങ്ങളിലും എസ്എഫ്ഐ നേതാക്കളാണ് ലഹരി കച്ചവടം നടത്തുന്നത് എന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തില്‍ മുഴുവന്‍ ലഹരി മരുന്നാണെന്ന് സര്‍ക്കാരും രണ്ടു മന്ത്രിമാരും അറിയുന്നത് ഇപ്പോഴാണോ? 2022-ല്‍ ഈ വിഷയം നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കിയതാണ് എന്നും എന്നാല്‍ അതില്‍ ഒരു നടപടിയും സ്വീകരിച്ചില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാഫിയകളുടെ നെറ്റ്വര്‍ക്കിന്റെ ഭാഗമായാണ് എസ്എഫ്ഐ പ്രവര്‍ത്തിക്കുന്നത് എന്നും സതീശന്‍ പറഞ്ഞു.
കളമശ്ശേരി സംഭവത്തില്‍ കെഎസ്‌യുക്കാര്‍ ഉള്‍പ്പെട്ടിട്ടില്ല എന്നും അദ്ദേഹം ആവര്‍ത്തിച്ചു. കൈരളി ടിവി പറഞ്ഞാല്‍ കെഎസ്‌യുക്കാരന്‍ പ്രതിയാകില്ല എന്നും ലഹരി മാഫിയകള്‍ക്ക് രാഷ്ട്രീയ രക്ഷകര്‍തൃത്വം ഉണ്ടെന്നും പ്രതിപക്ഷം അതിനെ രാഷ്ട്രീയവത്ക്കരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications