'കേരളത്തിൽ വർഗീയ ശക്തികൾ അഴിഞ്ഞാടുകയാണ്', പാലക്കാട് സുബൈർ കൊലപാതകത്തിൽ വിഡി സതീശൻ
പാലക്കാട്: ആഭ്യന്തര വകുപ്പിൽ ഇനിയെങ്കിലും മുഖ്യമന്ത്രിക്ക് നിയന്ത്രണമുണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പാലക്കാട് എസ്ഡിപിഐ പ്രവർത്തകൻ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലാണ് വിഡി സതീശന്റെ പ്രതികരണം. വർഗീയ ശക്തികൾക്കും അക്രമികൾക്കും എതിരെ ശക്തമായ നടപടി എടുക്കാൻ സർക്കാരിനാകുന്നില്ലെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.
വിഡി സതീശന്റെ പ്രതികരണം: ''ഒരു വിഷു ദിനം കൂടി സങ്കടത്തിൽ അവസാനിച്ചു. പിതാവിന്റെ മുന്നിലിട്ട് മകനെ അരുംകൊല ചെയ്തു. കേരളത്തിൽ വർഗീയ ശക്തികൾ അഴിഞ്ഞാടുകയാണ്. വർഗീതയുടെ പേരിൽ കൊലപാതകങ്ങൾ നിരന്തരം നടക്കുന്നു. ആഭ്യന്തര വകുപ്പിൻ്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി ഭരിക്കാൻ മറന്നു പോയി. സോഷ്യൽ എഞ്ചിനീയറിംഗ് എന്ന ഓമന പേരിൽ വർഗീയ പ്രീണനമാണ് മുഖ്യമന്ത്രി നടത്തുന്നത്.
അതുകൊണ്ട് തന്നെ വർഗീയ ശക്തികൾക്കും അക്രമികൾക്കും എതിരെ ശക്തമായ നടപടി എടുക്കാൻ സർക്കാരിന് കഴിയുന്നില്ല. ആർക്കും ഒരു നിയന്ത്രണവുമില്ല. വർഗീയ ധ്രുവീകരണമുണ്ടാക്കാൻ വിവിധ വർഗീയ സംഘടനകൾ ശ്രമിക്കുന്നത് സർക്കാർ കയ്യുംകെട്ടി നോക്കി നിൽക്കുകയാണ്. ഇനിയെങ്കിലും ആഭ്യന്തര വകുപ്പിൽ മുഖ്യമന്ത്രിക്ക് നിയന്ത്രണമുണ്ടാകണം. വർഗീയ ശക്തികളെ നിലയ്ക്ക് നിർത്തണം. ജനങ്ങളുടെ സ്വൈര്യ ജീവിതം ഉറപ്പാക്കണം''.

മന്ത്രി അഹമ്മദ് ദേവർകോവിലും കൊലപാതകത്തെ അപലപിച്ച് പ്രതികരിച്ചിട്ടുണ്ട്. '' സർവ്വ മതസ്ഥരും മാനവികതയുടെ സന്ദേശം പങ്കുവെച്ചു വിഷു ആഘോഷിക്കുന്ന ദിനം. വിശുദ്ധ റമദാനിലെ വെള്ളിയാഴ്ച പ്രാർത്ഥന കഴിഞ്ഞിറങ്ങിയ ഒരു ചെറുപ്പക്കാരനെ പിതാവിൻ്റെ മുന്നിൽവെച്ച് അരുംകൊല ചെയ്ത നൃശംസവൃത്തി അത്യധികം അപലപനീയമാണ്. മതവിഭജനത്തിലൂടെ രാഷ്ട്രീയാധിപത്യം ഉറപ്പാക്കാൻ പാലക്കാടും പരിസരങ്ങളിലും മതവർഗീയ ശക്തികൾ നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയാണ് ഈ ക്രൂരമായ കൊലപാതകവും. അക്രമത്തെ ശക്തമായി അപലപിക്കുന്നു. സൗഹാർദ്ദവും സമാധാനവും നിലനിർത്താൻ എല്ലാവരും ജാഗ്രത പുലർത്തണം''.
കേരളത്തെ വർഗ്ഗീയ സംഘടനകളുടെ വിളനിലമാക്കാൻ പിണറായി സർക്കാർ കൂട്ട് നിൽക്കുകയാണ് എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് എൻഎസ് നുസൂർ പ്രതികരിച്ചു. '' വർഗ്ഗീയ സംഘടനകളോടുള്ള കടുത്ത വിയോജിപ്പ് നിലനിർത്തിക്കൊണ്ട് തന്നെ പറയട്ടെ... കേരളത്തെ വർഗ്ഗീയ സംഘടനകളുടെ വിളനിലമാക്കാൻ പിണറായി സർക്കാർ കൂട്ട് നിൽക്കുകയാണ്. RSS -SDPI കൊലപാതകങ്ങൾ പോലീസിന്റെ അറിവോടുകൂടിയാണോ എന്ന് സംശയിക്കേണ്ട ഘട്ടത്തിലേക്കാണ് ഇന്നത്തെ കൊലപാതകം വിരൽചൂണ്ടുന്നത് . കൊലപാതകത്തിന് പിന്നിൽ വ്യക്തമായ അജണ്ട പ്രത്യക്ഷമായി തന്നെ മനസ്സിലാകുന്നുണ്ട്. റമളാൻ മാസത്തെ നോയമ്പ് കാലത്ത് ജുമ് ആ നമസ്കാരം കഴിഞ്ഞുവരുന്ന സമയം തിരഞ്ഞെടുത്ത് കൊലപ്പെടുത്തുമ്പോൾ ഉണ്ടാകുന്ന വൈകാരികത തന്നെയാണ് കൊലയാളികളുടെ ലക്ഷ്യം.
പാലക്കാട് RSS പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തോടെ ജാഗരൂകരാകേണ്ട പോലീസ് നിസ്സംഗമനോഭാവം സ്വീകരിച്ചതിന്റെ ഫലമാണ് അഞ്ച് മാസം തികയുന്നതിന്റെ അന്ന് വിഷുദിവസം തിരഞ്ഞെടുത്ത് വർഗ്ഗീയത ഫണം വിടർത്തി ആടിയത്. ഈ കൊലപാതകങ്ങൾക്ക് ഉത്തരവാദികൾ സർക്കാർ തന്നെയാണ്. സിപിഎമ്മിന്റെ "വർഗ്ഗീയസംഘടനാ പ്രീണന നയം" തന്നെയാണ് ഈ കൊലപാതകത്തിനും കാരണം. ഒരു കുടുംബം കൂടി അനാഥത്വത്തിലേക്ക്... സുബൈറിന്റെ കുടുംബത്തിന്റെ വേദനയോടൊപ്പം പങ്ക് ചേരുന്നു...''












Click it and Unblock the Notifications