സാധാരണക്കാരെ കണ്ടപ്പോള്‍ മോദി പ്രോട്ടോക്കോള്‍ മറന്നു; കൂളായി നിന്ന് കുശലം പറഞ്ഞു
കൊച്ചി:ഇന്ത്യയുടെ ആദ്യ തദ്ദേശനിർമിത വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് നാവികസേനയുടെ ഭാഗമായിരിക്കുകയാണ്. വെള്ളിയാഴ്‌ച കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കമീഷൻ ചെയ്‌തത്. ഇതോടെ, സ്വന്തമായി വിമാനവാഹിനിക്കപ്പൽ രൂപകൽപ്പന ചെയ്യാനും നിർമിക്കാനും ശേഷിയുള്ള ആറാമത്തെ രാജ്യമായി ഇന്ത്യ മാറി, ചടങ്ങിനോടനുബന്ധിച്ച്, നാവികസേനാംഗങ്ങളുടെ ഗാർഡ് ഓഫ് ഓണർ പ്രധാനമന്ത്രി സ്വീകരിച്ചിരുന്നു, വളരെ ചിട്ടയോടുള്ള ചടങ്ങുകളായിരുന്നു.
നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ, കൊച്ചിൻ ഷിപ്‌യാഡ് സിഎംഡി മധു എസ് നായർ എന്നിവർ സംസാരിച്ചു. കപ്പലിന്റെ കമാൻഡിങ് ഓഫീസർ ക്യാപ്‌റ്റൻ വിദ്യാധർ ഹാർകെ കമീഷനിങ് വാറന്റ് വായിച്ചു. വിക്രാന്തിന്റെ ഫ്ലൈറ്റ് ഡെക്കിൽ എത്തി പ്രധാനമന്ത്രി സൈനികരുടെ സല്യൂട്ട് സ്വീകരിച്ചു. അതിനുശേഷം നാവികസേനയുടെ പുതിയ പതാകയും ഉയർത്തി അങ്ങനെ വളരെ മനോഹരമായ ഒരു കാഴ്ച തന്നെയായിരുന്നു.

എന്നാൽ, ഷിപ്പ്‌യാഡിലെ സാധാരണക്കാരിലേക്ക് എത്തിയപ്പോൾ പ്രധാനമന്ത്രി എല്ലാ പതിവ് ചട്ടക്കൂടുകളും മറികടന്നു. പ്രോട്ടോക്കോളുകളുടെ തടസ്സമില്ലാതെ പ്രധാനമന്ത്രി ജീവനക്കാരോട് സംസാരിച്ചു. പ്രധാനമന്ത്രി തങ്ങളോട് സംസാരിച്ചപ്പോൾ ജീവനക്കാർക്കും സന്തോഷമായി. ദൂരെനിന്നു കൈ ഉയർത്തിക്കാണിച്ചവർക്കു നേരെ കൈവീശി അഭിവാദ്യമറിയിച്ചു. തൊട്ടുമുന്നിൽ കണ്ടവരോടു കുശലാന്വേഷണവും നടത്തിയാണ് മോദി മടങ്ങിയത്.
രാജ്യം തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി ഐഎൻഎസ് വിക്രാന്ത് രാജ്യത്തിനു സമർപ്പിക്കുന്നതിനായിരുന്നു പ്രധാനമന്ത്രി കൊച്ചി കപ്പൽശാലയിൽ എത്തിയത്. ഐഎൻഎസ് വിക്രാന്തിന്റെ വിഷ്വൽ കോൾ സൈനായ (റേഡിയോ ആശയവിനിമയങ്ങളിൽ യുദ്ധക്കപ്പലുകളെ തിരിച്ചറിയാനായി നൽകുന്ന തിരിച്ചറിയൽ നമ്പർ) ആർ- 11 (റോമിയോ 11) എന്ന നമ്പറും 'പ്രധാനമന്ത്രി' എന്ന വാക്കും സ്വർണനൂലിൽ തുന്നിയ കറുത്ത തൊപ്പി ധരിച്ചാണു പ്രധാനമന്ത്രി എത്തിയത്.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ, ടൂറിസം സഹമന്ത്രി അജയ് ഭട്ട്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, നാവികസേനാ മേധാവി അഡ്മിറൽ ആർ.ഹരികുമാർ, ദക്ഷിണനാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ എം.എ.ഹംപിഹോളി, കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡ് സിഎംഡി മധു എസ്.നായർ എന്നിവർ വേദിയിൽ എത്തിയിരുന്നു.












Click it and Unblock the Notifications