'പോലീസിനെ കൊണ്ട് പിടിപ്പിക്കുമെന്നോ, പിടിച്ചോട്ടെ, ജയിലില്‍ കിടക്കണോ', പ്രതികരണവുമായി വിനായകൻ
കൊച്ചി: മീ ടൂ ആരോപണത്തിന് മറുപടിയുമായി നടന്‍ വിനായകന്‍ രംഗത്ത്. തന്നോട് അപമര്യാദമായി ഒരാള്‍ സംസാരിച്ചപ്പോള്‍ അതിന് മറുപടി പറയുക മാത്രമാണ് താന്‍ ചെയ്തത് എന്നാണ് നടന്റെ ന്യായം. ദളിത് ആക്ടിവിസ്റ്റായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിനായകനെ പോലീസ് അറസ്റ്റ് ചെയ്‌തേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടന്റെ പ്രതികരണം. പരിപാടിക്ക് ക്ഷണിക്കാനായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ലൈംഗികാധിക്ഷേപം നടത്തി എന്നതാണ് നടനെതിരെയുളള പരാതി.
വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് മാധ്യമങ്ങള്‍ സംഭവത്തെ കുറിച്ച് പ്രചരിപ്പിക്കുന്നതെന്ന് വിനായകന്‍ ആരോപിച്ചു. ഫോണ്‍ സംഭാഷണം ആദ്യം മുതല്‍ക്കേ കേള്‍ക്കാതെയാണ് എല്ലാവരും പ്രതികരിക്കുന്നത്. കേസുമായി യുവതി മുന്നോട്ട് പോവുകയാണ് എങ്കില്‍ നിയമപരമായി തന്നെ നേരിടുമെന്നും നടന്‍ വ്യക്തമാക്കി.

താന്‍ സ്ത്രീകളോട് ഒരിക്കലും മോശമായി പെരുമാറുന്ന ആളല്ലെന്ന് വിനായകന്‍ പറയുന്നു. സ്ത്രീകളെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളാണ് താന്‍. 'എന്താണ് ഇവര്‍ പറയുന്നത്, പോലീസിനെ കൊണ്ട് പിടിപ്പിക്കുമെന്നോ, പിടിച്ചോട്ടെ, ജയിലില്‍ കിടക്കണോ, എനിക്കെന്താ' എന്നും വിനായകന്‍ പ്രതികരിച്ചു. കല്‍പ്പറ്റ പോലീസാണ് യുവതിയുടെ പരാതിയില്‍ വിനായകന് എതിരെ കേസ് എടുത്തിരിക്കുന്നത്.
യുവതിയുടെ മൊഴി പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ഐപിസി 506, 294 ബി, കെപിഎ 120, എന്നീ വകുപ്പുകളാണ് വിനായകന് മേലെ ചുമത്തിയിരിക്കുന്നത്. വിവാദം ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ യുവതി പോലീസിന് കൈമാറിയിട്ടുണ്ട്. അശ്ലീല ചുവയോടെ വിനായകന്‍ സംസാരിച്ചു എന്നാണ് യുവതി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വിനായകനെ അറസ്റ്റ് ചെയ്യേണ്ടി വരും എന്നാണ് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications