ജുനൈദിന്റെ മരണത്തിന് പിന്നില്‍ അസ്വാഭാവികതയുണ്ടോ? പൊലീസ് പറയുന്നതിങ്ങനെ, 'മദ്യപിച്ചിരുന്നു'
മലപ്പുറം: വ്ലോഗറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ജുനൈദിന്റെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പൊലീസ്. ജുനൈദ് മദ്യപിച്ചിരുന്നു എന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് മരണത്തിലെ അസ്വാഭാവികത എന്ന വാദം പൊലീസ് തള്ളിയത്. മഞ്ചേരി വഴിക്കടവ് സ്വദേശിയായ ജുനൈദ് ഇന്നലെയായിരുന്നു വാഹനാപകടത്തില്‍ മരിച്ചത്. രണ്ടാഴ്ച മുന്‍പ് യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ജുനൈദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ആയിരുന്നു മലപ്പുറം പൊലീസ് മാര്‍ച്ച് 1 ന് ജുനൈദിനെ അറസ്റ്റ് ചെയ്തത്. ഈ കേസ് ഒത്തുതീര്‍പ്പാക്കിയതാണ് എന്നാണ് പൊലീസ് പറയുന്നത്. കേസിന്റെ പശ്ചാത്തലത്തില്‍ ആണ് ജുനൈദിന്റെ മരണത്തില്‍ അസ്വാഭാവികത എന്ന ആരോപണം ഉയര്‍ന്നത്. വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു ജുനൈദ് അപകടത്തില്‍പ്പെട്ടത്.

ജുനൈദ് സഞ്ചരിച്ച ബൈക്ക് മഞ്ചേരി മരത്താണിയില്‍ വെച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. മഞ്ചേരി കാരക്കുന്ന് മരത്താണി വളവില്‍ റോഡരികിലെ മണ്‍കൂനയില്‍ തട്ടി ബൈക്ക് മറിഞ്ഞായിരുന്നു അപകടം. റോഡരികില്‍ രക്തം വാര്‍ന്ന നിലയില്‍ കിടന്ന ജുനൈദിനെ ബസ് ജീവനക്കാരാണ് കണ്ടത്. ജുനൈദിന്റെ തലയുടെ പിന്‍ഭാഗത്തേറ്റ മുറിവില്‍ നിന്ന് രക്തം വാര്‍ന്നാണ് മരണപ്പെടുന്നത്.
ജുനൈദ് അമിത വേഗതയിലാണ് ബൈക്ക് ഓടിച്ചിരുന്നതെന്നും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്നും സൂചനയുണ്ട്. അതേസമയം ജുനൈദ് മദ്യപിച്ചതാണ് വാഹനാപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. പോസ്റ്റുമോര്‍ട്ടത്തില്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട് എന്നും രക്ത സാമ്പിള്‍ വിദഗ്ധ പരിശോധനക്കയക്കും എന്നും പൊലീസ് അറിയിച്ചു. ജുനൈദ് അലക്ഷ്യമായി വാഹനമോടിച്ചതായി പൊലീസ് കണ്ട്രോള്‍ റൂമില്‍ പരാതി ലഭിച്ചിരുന്നു.
അപകടത്തിന് തൊട്ടുമുന്‍പായിരുന്നു ഇത്. സ്ഥലത്തെ സി സി ടി വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചിരുന്നു. മഞ്ചേരിയില്‍ നിന്ന് വഴിക്കടവ് ഭാഗത്തേക്ക് വരികയായിരുന്നു ജുനൈദ്. വഴിക്കടവ് ആലപ്പൊയില്‍ ചോയത്തല ഹംസയുടെ മകനാണ് 32 കാരനായ ജുനൈദ്. ഇന്‍സ്റ്റഗ്രാം റീല്‍സില്‍ പാട്ടുകളുടെ വരികള്‍ക്കൊപ്പിച്ച് സ്ലോ മോഷന്‍ ഡാന്‍സ് കളിച്ച് കൊണ്ടാണ് ജുനൈദ് ശ്രദ്ധിക്കപ്പെടുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ 44000 ത്തോളം ഫോളോവേഴ്സ് ഉള്ള താരമായിരുന്നു ജുനൈദ്. ആദ്യകാലങ്ങളില്‍ നിരവധി പരിഹാസങ്ങള്‍ ഏറ്റുവാങ്ങിയിരുന്നെങ്കിലും പിന്നീട് ജുനൈദിന്റെ റീല്‍സിന് മികച്ച അഭിപ്രായം ലഭിച്ചിരുന്നു.












Click it and Unblock the Notifications