പാർട്ടി നിലപാടുകളോട് കലഹിച്ച വിഎസ്; നേരിട്ടത് കടുത്ത അച്ചടക്ക നടപടികൾ
സിപിഎമ്മിൽ പാർട്ടിയോട് നിരന്തരം കലഹിച്ചുകൊണ്ടിരുന്ന റിബൽ ആയിരുന്നു വിഎസ് അച്യുതാനന്ദൻ. പാർട്ടിക്ക് പിഴച്ചപ്പോഴെല്ലാം അദ്ദേഹം നേതൃത്വത്തെ ചോദ്യം ചെയ്തു. ഇതിന്റെ പേരിൽ കടുത്ത നടപടികളും അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അച്ചടക്ക നടപടി ഉണ്ടായപ്പോഴൊക്കെയും യാതൊരു എതിർപ്പും പ്രകടിപ്പിക്കാതെ, മിണ്ടാതെ ആ നടപടികൾ അദ്ദേഹം നേരിട്ടു.
വിഎസ് സിപിഎമ്മിൽ ആദ്യ അച്ചടക്ക നടപടി നേരിടുന്നത് 1964ലാണ്. അന്ന് ഇന്ത്യ-ചൈന യുദ്ധത്തിൽ ചൈനയോട് മൃദുസമീപനം സ്വീകരിച്ചുവെെന്ന് ആരോപിച്ച് രാജ്യദ്രോഹ കുറ്റം ചുമത്തി വിഎസ് അച്യുതാനന്ദൻ ഉൾപ്പെടയുള്ള നേതാക്കൾ അറസ്റ്റിലായി. എന്നാൽ അതിർത്തിയിൽ പോരാടുന്ന ജവാൻമാർക്ക് വേണ്ടി രക്തം ദാനം ചെയ്യണമെന്ന പ്രചാരണം അദ്ദേഹം ജയിലിൽ വെച്ച് നടത്തി. ഇത് ജയിനുള്ളിലെ പാർട്ടി പ്രവർത്തകരിൽ കടുത്ത അമർഷത്തിന് വഴിവെച്ചു. പാർട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചതിന് അന്ന് അദ്ദേഹത്തെ കേന്ദ്ര കമ്മിറ്റിയിൽ നിന്നും നേതൃത്വം തരംതാഴ്ത്തി.

പാർട്ടിക്കുള്ളിലെ അഴിമതി, കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ നിന്നും പാർട്ടി വ്യതിചലിക്കുന്നു എന്നിങ്ങനെ പാർട്ടിയെ തള്ളിയുള്ള നിരന്തര വിമർശനങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു 1998 ൽ രണ്ടാമത്തെ അച്ചടക്കനടപടിക്ക് വിഎസ് വിധേയനാകുന്നത്. അന്ന് വിഎസിന് എതിരെ നിൽക്കുന്ന പല നേതാക്കളേയും അദ്ദേഹം വെട്ടിനിരത്തിയതായി ആരോപണം ഉയർന്നിരുന്നു. പാർട്ടിയുടെ പ്രഖ്യാപിത നയങ്ങളിൽ നിന്ന് വ്യതിചലിക്കാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിഎസിന്റെ നീക്കം.
അന്ന് എംവി രാഘവൻ, കെആർ ഗൗരിയമ്മ തുടങ്ങിയവരെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ വിഎസ് ചുക്കാൻ പിടിച്ചുവെന്നാണ് ആരോപണം ഉയർന്നത്. 1996 ൽ മാരാരിക്കുളത്ത് നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ തനിക്കെതിരെ പ്രവർത്തിച്ചവർക്കെതിരേയും വിഎസ് തിരഞ്ഞ് പിടിച്ച് നടപടിയെടുത്തു. ഇത് കേന്ദ്ര നേതൃത്വത്തിന്റെ കടുത്ത അതൃപ്തിക്ക് കാരണമായി. ഇത്തരത്തിൽ ശത്രുതാ മനോഭാവവുമായി തുടരാൻ അനുവദിക്കില്ലെന്നും അത് ഉപേക്ഷിക്കണമെന്നും കേന്ദ്ര നേതൃത്വം വടിയെടുത്തു.
പിണറായി വിജയൻ പ്രതിയായിരുന്ന ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട് വിഎസ് സ്വീകരിച്ച നടപടിയാണ് മൂന്നാമത്തെ അച്ചടക്ക നടപടിയിലേക്ക് നയിച്ചത്. അന്ന് കേസിൽ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐ കേരള സർക്കാരിന്റെ അനുമതി തേടി. സിബിഐയുടെ ആവശ്യം വിഎസ് അംഗീകരിച്ചു. അഴിമതിക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു വിഎസ് നീക്കം. ഇത് പാർട്ടിക്കുള്ളിൽ കടുത്ത അതൃപ്തിക്ക് കാരണമായി. പിണറായിക്കെതിരായ കേസ് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായിരുന്നുവെന്നാണ് പാർട്ടി നിലപാട് കൈക്കൊണ്ടത്. വിഷയത്തിൽ ചേരി തിരിഞ്ഞ് നേതാക്കൾ പോരടിച്ചു. പരസ്യമായ പ്രതികരണങ്ങളും നടത്തി. ഒടുവിൽ 2007 മെയ് 26 ന് വിഎസിനെ പോളിറ്റ് ബ്യൂറോയിൽ നിന്നും സസ്പെന്റ് ചെയ്തു. വിഎസിനൊപ്പം പിണറായി വിജയനേയും സസ്പെന്റ് ചെയ്തിരുന്നു.
അച്ചടക്കമില്ലായ്മയും പാർട്ടിയുടെ കൂട്ടായ തീരുമാനങ്ങളോടുള്ള ആവർത്തിച്ചുള്ള എതിർപ്പും വീണ്ടുമൊരു അച്ചടക്ക നടപടിയിലേക്ക് നയിച്ചു. പി ജയരാജൻ, എംവി ജയരാജൻ പോലുള്ള നേതാക്കൾക്കെതിരെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാൻ അദ്ദേഹം തയ്യാറായില്ലെന്നതാണ് പ്രധാന കാരണങ്ങളിലൊന്നും. അന്ന് വിഎസ് മുഖ്യമന്ത്രിയായിരുന്നുവെന്ന് കൂടി ഓർക്കണം. മാത്രമല്ല സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായും അദ്ദേഹം പോരടിച്ചു. ഇതിന്റെ പേരിൽ മാധ്യമങ്ങളിലൂടെ അടക്കം അദ്ദേഹം പരസ്യ പ്രതികരണം നടത്തി. ഇതെല്ലാമാണ് നടപടിയിൽ കലാശിച്ചത്, പിബിക്ക് പുറത്താക്കുകയായിരുന്നു.
കേരളത്തിന് എഡിബി അനുവദിച്ച വായ്പയെ പാർട്ടി പിന്തുണച്ചപ്പോൾ അതിനെ എതിർത്തുള്ള വിഎസിന്റെ പ്രതികരണങ്ങളും അച്ചടക്ക നടപടിക്ക് കാരണമായി.. വായ്പ സ്വകാര്യവത്കരണത്തിന് വഴിവെക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിഎസിന്റെ എതിർപ്പ്. പാർട്ടിയ്ക്കെതിരായ പ്രവർത്തിച്ചതിന് 2015 ൽ കേന്ദ്രകമ്മിറ്റിയിൽ നിന്നും അദ്ദേഹത്തെ നേതൃത്വം നീക്കം ചെയ്തു. ടിപി ചന്ദ്രശേഖരൻ വധക്കേസിൽ പരസ്യനിലപാടുകൾ സ്വീകരിച്ചതിനും വിഎസ് നടപടി നേരിട്ടിരുന്നു. വിലക്ക് ലംഘിച്ച് ടിപിയുടെ ഭാര്യ കെകെ രമയെ സന്ദര്‍ശിക്കനായി അദ്ദേഹം വീട്ടിലെത്തിയ നടപടി കേരള രാഷ്ട്രീയത്തിൽ തന്നെ വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. അന്ന് പാർട്ടിക്കെതിരെ തിരിഞ്ഞതിന് കടുത്ത നടപടിക്ക് നേതൃത്വം ഒരുങ്ങിയെങ്കിലും പിന്നീട് നടപടി ശാസനയിൽ ഒതുക്കുകയായിരുന്നു.












Click it and Unblock the Notifications