പിള്ളയേയും ജോര്‍ജ്ജിനേയും കൂടെ കൂട്ടാന്‍ വിഎസും?
തിരുവനന്തപുരം: ആര്‍ ബാലകൃഷ്ണ പിള്ളയെ അഴിമതി കേസില്‍ ജയിലില്‍ അടയ്ക്കാന്‍ വേണ്ടി കോടതികള്‍ കയറി ഇറങ്ങിയ ആളാണ് വിഎസ് അച്യുതാനന്ദന്‍. ഒടുവില്‍ വിഎസ് അക്കാര്യത്തില്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ആ വിഎസ് തന്നെ ബാലകൃഷ്ണ പിള്ളയെ ഇടതുമുന്നണിയിലെടുക്കാന്‍ സമ്മതം മൂളുമോ....?
പിള്ളക്കനുകൂലമായി പിണറായി വിജയനും തോമസ് ഐസക്കും രംഗത്ത് വന്നതിന് പിറകേ വിഎസും നിലപാട് മാറ്റുന്നു. ബാലകൃഷ്ണ പിള്ളയുടേയും പിസി ജോര്‍ജ്ജിന്റേയും അഴിമതി വിരുദ്ധ നിലപാടുകള്‍ പരിശോധിച്ചതിന് ശേഷം തീരുമാനമെടുക്കും എന്നാണ് വിഎസ് ഇപ്പോള്‍ പറയുന്നത്.

അഴിമതിക്കെതിരെ ആര് നിലപാടെടുത്താലും എല്‍ഡിഎഫ് അംഗീകരിക്കുമെന്നാണ് വിഎസ് അച്യുതാനന്ദന്‍ പറയുന്നത്. അവര്‍ ഇപ്പോള്‍ എന്ത് പറയുന്നു എന്നാണ് നോക്കേണ്ടതെന്നും പണ്ട് എന്ത് പറഞ്ഞു എന്നത് നോക്കേണ്ടതില്ലെന്നും വിഎസ് പറഞ്ഞു.

പണ്ട് ആര്‍ ബാലകൃഷ്ണപിള്ളയെ ഇടമലയാര്‍ കേസില്‍ ജയിലില്‍ അടച്ചപ്പോള്‍ പിള്ളയും മകന്‍ ഗണേഷ് കുമാറും വിഎസ് അച്യുതാനന്ദനെ വിശേഷിപ്പിച്ച വാക്കുകള്‍ അദ്ദേഹം ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടാകുമോ എന്നാണ് പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം ചോദിക്കുന്നത്. അത്രയും മോശം വാക്കുകളായിരുന്നു ഗണേഷ് കുമാര്‍ അടക്കമുള്ളവര്‍ അന്ന് ഉപയോഗിച്ചത്.

പിസി ജോര്‍ജ്ജും വിഎസ് അച്യുതാനന്ദനും തമ്മില്‍ ഒരുകാലത്ത് നല്ല ബന്ധമായിരുന്നു. ഈ ബന്ധത്തില്‍ വിള്ളല്‍ വീണതോടെയായിരുന്നു ജോര്‍ജ്ജ് നിവൃത്തിയില്ലാതെ കെഎം മാണിയുടെ കേരള കോണ്‍ഗ്രസില്‍ അഭയം തേടിയത്.
ബാര്‍ കോഴ വിവാദത്തില്‍ ആര്‍ ബാലകൃഷ്ണപിളളയെ മുന്നണിയില്‍ നിന്ന് പുറത്താക്കണം എന്നാണ് വലിയൊരു വിഭാഗം ആവശ്യപ്പെടുന്നത്. പിള്ളയെ പുറത്താക്കുകയാണെങ്കില്‍ പിസി ജോര്‍ജ്ജിനെതിരേയും നടപടി വേണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നു. ജനുവരി 28 ന് നടക്കുന്ന യുഡിഎഫ് യോഗത്തില്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications