പള്‍സര്‍ സുനി പൈലറ്റ്, ത്രേതായുഗത്തില്‍; സീതയെ തട്ടിക്കൊണ്ടുപോയി!! ബല്‍റാമിന്റെ ഇരട്ടയടി
നടിയെ തട്ടിക്കൊണ്ടുപോയ സംഭവവും പുരാണത്തിലെ സീതയെ തട്ടക്കൊണ്ടുപോയ സംഭവവും താരതമ്യപ്പെടുത്തിയാണ് ബല്‍റാമിന്റെ പോസ്റ്റിലെ പരാമര്‍ശം.
കോഴിക്കോട്: ഒറ്റയടിക്ക് നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തെയും പന്ന്യന്‍ രീവീന്ദ്രന്റെ സംഘപരിവാര്‍ അനുകൂല പരാമര്‍ശത്തെയും ആഞ്ഞടിച്ച് വിടി ബല്‍റാം എംഎല്‍എ. തന്റെ ഫേസ്ബുക്ക് പേജിലാണ് ഇരുസംഭവങ്ങളെയും പരാമര്‍ശിക്കുന്ന ബല്‍റാമിന്റെ തകര്‍പ്പന്‍ പോസ്റ്റ്.
നടിയെ തട്ടിക്കൊണ്ടുപോയ സംഭവവും പുരാണത്തിലെ സീതയെ തട്ടക്കൊണ്ടുപോയ സംഭവവും താരതമ്യപ്പെടുത്തിയാണ് ബല്‍റാമിന്റെ പോസ്റ്റിലെ പരാമര്‍ശം. ത്രേതായുഗത്തില്‍ സീതയെ തട്ടിക്കൊണ്ടുപോയ പുഷ്പക വിമാനത്തിന്റെ പൈലറ്റായിരുന്നു പള്‍സര്‍ സുനി എന്നാണ് പരിഹാസം.

തടവുകാരെ മോചിപ്പിക്കാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കത്തിനെതിരേയും ബല്‍റാമിന്റെ ഫേസ്ബുക്ക് പേജില്‍ കുറ്റപ്പെടുത്തലുണ്ട്. പ്രശസ്തരായവര്‍ പോലും തെരുവില്‍ ക്രൂരമായി ആക്രമിക്കപ്പെടുന്ന തരത്തിലുള്ള മാഫിയാ വാഴ്ച അരങ്ങുതകര്‍ക്കുന്ന ഈ കാലത്തും തടവ് ശിക്ഷ അനുഭവിക്കുന്ന 1850 കുറ്റവാളികളെ ഒറ്റയടിക്ക് വിട്ടയക്കാനുള്ള പിണറായി വിജയന്‍ സര്‍ക്കാരിന്റെ തീരുമാനം ദുരൂഹമാണെന്നാണ് ബല്‍റാം പറയുന്നത്.

മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ പട്ടികയില്‍ കടുത്ത കുറ്റങ്ങള്‍ ചെയ്തവരെയും കാണുന്നുണ്ടെന്ന് വാര്‍ത്തകളില്‍ പറയുന്നു. മയക്ക് മരുന്ന്, ലൈംഗികാതിക്രമം തുടങ്ങിയ കേസുകളിലെ പ്രതികളെ വിട്ടയക്കുന്നത് നാടിന്റെ ക്രമസമാധാന നിലയെ ബാധിക്കുമെന്ന് ബല്‍റാം അഭിപ്രായപ്പെട്ടു.

ഇത്രവലിയ തോതില്‍ കുറ്റവാളികളെ വിട്ടയക്കാനൊരുങ്ങുന്നത് ആദ്യമാണ്. ലഘു കുറ്റകൃത്യങ്ങളില്‍പ്പെട്ട് കുറച്ചുകാലം ജയിലില്‍ കഴിഞ്ഞവരെ മോചിപ്പിച്ച സംഭവങ്ങള്‍ മുമ്പ് ഉണ്ടായിട്ടുണ്ട്. വിശേഷ അവസരങ്ങളില്‍ ഇത്തരക്കാരെ മോചിപ്പിച്ചിട്ടുണ്ടെങ്കിലും ഇത്രയധികം പേരെ വിട്ടയച്ച സംഭവം മുമ്പുണ്ടായിട്ടില്ല.

സര്‍ക്കാര്‍ പട്ടിക തിരിച്ചയച്ച ഗവര്‍ണറുടെ നടപടിയെ അദ്ദേഹം സ്വാഗതം ചെയ്തു. സര്‍ക്കാരിന്റെ ലിസ്റ്റ് അംഗീകരിക്കാതെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടും പുനപ്പരിശോധന നിര്‍ദേശിച്ചും തിരിച്ചയച്ച മുന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് കൂടിയായ ഗവര്‍ണര്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ബല്‍റാം തന്റെ ഫേസ്ബുക്കില്‍ പറയുന്നു.

സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ വിമാന പരാമര്‍ശം സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബല്‍റാം എംഎല്‍എയുടെ അക്കാര്യം കൂടി പരാമര്‍ശിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് വ്യത്യസ്തമാവുന്നത്. ഒരു സ്വകാര്യ ചാനലിലെ അഭിമുഖത്തില്‍ പന്ന്യന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്.

ശ്രീരാമന്റെ കാലം മുതലേ വിമാനം നിലവിലുണ്ടെന്ന പന്ന്യന്റെ പരാമര്‍ശമാണ് വിവാദമായത്. മാത്രമല്ല, ത്രേതായുഗത്തില്‍ വിമാനം ഉണ്ടായിരുന്നുവെന്നും അന്ന് ഉപയോഗിച്ചിരുന്ന ആയുധങ്ങളുടെയും മറ്റു കണ്ടുപിടുത്തങ്ങളുടെയും വളര്‍ച്ചയാണ് ഇപ്പോഴത്തെ സാങ്കേതിക വിദ്യയെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഈശ്വറുമായുള്ള അഭിമുഖത്തിലാണ് സംഘപരിവാര്‍ വാദങ്ങള്‍ ശരിവച്ച് കമ്യൂണിസ്റ്റ് നേതാവ് സംസാരിച്ചത്. മുമ്പ് സമാനമായ ആശയങ്ങള്‍ സംഘപരിവാര്‍ നേതാക്കള്‍ പ്രചരിപ്പിച്ചിരുന്നു. അന്ന് കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി രംഗത്തെത്തിയത് കമ്യൂണിസ്റ്റ് നേതാക്കളായിരുന്നു.

പുരാണ കഥകളിലെ അസ്ത്രങ്ങള്‍ നന്മകള്‍ നിറഞ്ഞതായിരുന്നുവെന്നും ഇവയൊക്കെ ഒരുപാട് കാലം ആലോചിച്ച് കണ്ടെത്തിയവയായിരുന്നുവെന്നും സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന പന്ന്യന്‍ പറഞ്ഞു. അന്നത്തെ കണ്ടുപിടുത്തങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോഴുണ്ടാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications