ആകെ കുഴപ്പം; വൈറ്റില മേല്‍പ്പാലം തല്ലിപ്പൊളിച്ച് കളയണം; കുറേ തൂണുകള്‍ പണിതുവച്ചിരിക്കുന്നു
കൊച്ചിയില്‍ ഏറ്റവും ഗതാഗതക്കുരുക്കുള്ള മേഖലയായ വൈറ്റിലയിലെ മേല്‍പാലത്തിന്റെ നിര്‍മ്മാണത്തിന് എതിരെ രൂക്ഷമായ വിമര്‍ശനവുമായി ഗണേഷ് കുമാര്‍. വൈറ്റില മേല്‍പ്പാലത്തിന്റേത് അശാസ്ത്രീയ നിര്‍മ്മാണമാണെന്നും അത് തല്ലിപ്പൊളിച്ചു കളയണമെന്നുമാണ് മന്ത്രിയുടെ നിലപാട്. പാലത്തിന്റെ തൂണുകള്‍ സ്ഥാപിച്ചതില്‍ ഗുരുതരമായ പിഴവുകള്‍ ഉണ്ട്. പാലത്തിനു താഴെ വാഹനങ്ങള്‍ക്ക് തിരിയാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്നും മന്ത്രി വിമര്‍ശിച്ചു. അശാസ്ത്രീയമായ നിര്‍മ്മാണം തിരുത്താനായി ഒന്നരക്കോടി രൂപ അനുവദിച്ചിട്ടുണ്ട്
ഗണേഷ് കുമാറിന്റെ വാക്കുകള്‍: എറണാകുളത്ത് വൈറ്റിലയില്‍ ഒരു ഫ്‌ളൈഓവര്‍ ഉണ്ട്. അശാസ്ത്രീയമായി തൂണുകള്‍ അവിടെ ഇവിടെയൊക്കെ വെച്ചിട്ടുണ്ട്. താഴെ റോഡിലൂടെ വണ്ടികള്‍ പോകുന്നത് ചിന്തിക്കാതെ പാലം അങ്ങ് പണിതു. താഴെക്കൂടെ വണ്ടി പോകുന്ന കാര്യം പാലം പണിഞ്ഞയാള് ചിന്തിച്ചില്ല. അയാളെ സംബന്ധിച്ച് പാലം പണിയുക എന്ന ജോലി മാത്രമേ ഉണ്ടായിരുന്നുള്ളൂ. തൂണുകള്‍ വശക്കേടായി വച്ചിരിക്കുകയാണ്. എങ്ങും തിരിയാന്‍ കഴിയില്ല.

പാലം പണിയുന്ന സമയത്ത് താഴത്തെ ട്രാഫിക് കൂടി പരിഗണിച്ച് യുടേണ്‍ ചെയ്യാനുള്ള സൗകര്യങ്ങള്‍ കൂടി കൊടുത്ത് തൂണുകള്‍ പണിതിരുന്നെങ്കില്‍ പാലത്തിനു ബലവും കിട്ടിയേനെ, ട്രാഫിക് കുരുക്കും ഒഴിഞ്ഞേനെ. ഇപ്പോള്‍ കുരുക്ക് അഴിക്കുന്നത് വലിയ പാടായി മാറിയിരിക്കുകയാണ്. താഴെ മുഴുവന്‍ സിമന്റ് ഇട്ട് പൊക്കി ഐലന്‍ഡ് പോലെ പാലം പണിതു വച്ചിരിക്കുകയാണ്. ബസ് തിരിക്കാന്‍ പറ്റില്ല, കാര്‍ തിരിക്കാന്‍ പറ്റില്ല.. അങ്ങനെ ആകെ കുഴപ്പമാണ്. അത് തല്ലിപ്പൊട്ടിച്ചു കളഞ്ഞ് പുതുക്കി പണിയാനാണ് ഒന്നരക്കോടി. എത്രത്തോളം ശരിയാകുമെന്ന് അറിഞ്ഞുകൂടാ - ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
വൈറ്റില മേല്‍പാലത്തിന്റെ നിര്‍മാണത്തെക്കുറിച്ച് നേരത്തെ മുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ട്രാഫിക് കുരുക്ക് അഴിക്കാനായി ലക്ഷ്യമിട്ട് പണിത പാലം നിര്‍മാണത്തിനു ശേഷം ട്രാഫിക് കുരുക്ക് വര്‍ധിപ്പിക്കുന്നതാണ് കണ്ടത്.
കേരളത്തിലെ ഏറ്റവും വലിയ ജംഗ്ഷനാണ് വൈറ്റില ജംഗ്ഷന്‍. 2021 ജനുവരിയിലാണ് വൈറ്റില മേല്‍പ്പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി കൊച്ചി നഗരത്തില്‍ നാലു പാലങ്ങളാണ് തുറന്നു കൊടുത്തത്. ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍. 75 കോടിയോളം മുടക്കിയാണ് വൈറ്റില മേല്‍പ്പാലം പണിതത്. എന്നാല്‍ അന്നു മുതല്‍ ഇന്നു വരെ ഗതാഗതക്കുരുക്കിന് യാതൊരു കുറവും ഉണ്ടായിട്ടില്ല.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് പാലം തുറന്നുകൊടുത്തത്. പലതവണ ട്രാഫിക് പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ചെങ്കിലും അതൊന്നും ഫലപ്രദമായില്ല. ഗതാഗത പരിഷ്‌കാരത്തിനു വേണ്ടിയാണ് ഒന്നരക്കോടി രൂപ ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത് എന്നാണു വിവരം.












Click it and Unblock the Notifications