പീഡിപ്പിക്കപ്പെടുന്നവര്‍ തെളിവ് ശേഖരിക്കണമെന്ന പോലീസ് വാദം അംഗീകരിക്കാനാവില്ല ; ഭാഗ്യലക്ഷ്മി
പീഡനത്തിന് ഇരയായ പെണ്‍കുട്ടി സ്ഥലങ്ങളെല്ലാം കൃത്യമായി ഓര്‍ത്തിരിക്കണമെന്ന വാദം ഒരാള്‍ക്കും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ല.
തിരുവനന്തപുരം: വടക്കാഞ്ചേരി പീഡനക്കേസില്‍ തെളിവുകള്‍ ലഭിച്ചില്ലെന്ന പോലീസിന്റെ വാദത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും ചലച്ചിത്ര പ്രവര്‍ത്തകയുമായ ഭാഗ്യലക്ഷ്മി രംഗത്തു വന്നു. ഇരയ്ക്ക് നീതി ലഭ്യമാക്കാന്‍ നിയോഗിക്കപ്പെട്ടവരാണ് പോലീസുകാര്‍. തെളിവുകള്‍ ശേഖരിച്ച് പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ട ദൗത്യം അന്വേഷണ സംഘത്തിനാണ്. വേണ്ടത്ര തെളിവുകള്‍ ശേഖരിച്ച് പോലീസിനു നല്‍കി കേസ് അന്വേഷിക്കാന്‍ പറയാന്‍ ഇരയ്ക്ക് കഴിയുന്ന സ്ഥിതിവിശേഷം കേട്ടുകേള്‍വി പോലുമില്ലാത്തതാണ്.
വടക്കാഞ്ചേരി കേസ് നിലവിലെ അന്വേഷണ സംഘത്തില്‍ വിശ്വാസമില്ല. ഓടുന്ന വണ്ടിയില്‍ വച്ച് മാനഭംഗത്തിനിരയായ നിരവധി സംഭവങ്ങള്‍ ഇന്ത്യയില്‍ നടന്നിട്ടുണ്ട്. പീഡനത്തിന് ഇരയായ പെണ്‍കുട്ടി സ്ഥലങ്ങളെല്ലാം കൃത്യമായി ഓര്‍ത്തിരിക്കണമെന്ന വാദം ഒരാള്‍ക്കും അംഗീകരിക്കാന്‍ കഴിയുന്നതല്ല. എന്ത് ക്രൂരതയാണ് ഇവര്‍ സംസാരിക്കുന്നത്. ഒരു പെണ്‍കുട്ടിയെ പിടിച്ചു വലിച്ച് വണ്ടിയില്‍ കയറ്റി പീഡിപ്പിക്കുകയാണ് ചെയ്തത്. താന്‍ പീഡിപ്പിക്കപ്പെട്ട സ്ഥലമൊക്കെ ഒരു ഇര അടയാളപ്പെടുത്തി വെയ്ക്കണോ. എല്ലാ തെളിവുകളും തങ്ങള്‍ കൊണ്ടു പോയി കൊടുത്താല്‍ പിന്നെ ഇവിടെ പോലീസിന്റ ആവശ്യമെന്താണെന്നാണ്' ഭാഗ്യലക്ഷ്മി ചോദിക്കുന്നത്.

തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ ഭാഗ്യലക്ഷ്മിയാണ് തൃശ്ശൂര്‍ സ്വദേശിയായ യുവതിയുടെ അനുഭവം ലോകത്തെ അറിയിച്ചത്. പീഡനത്തിനിരയായ യുവതിക്ക് നീതി ലഭ്യമാകാത്തതിനെക്കുറിച്ചും പോസ്റ്റില്‍ പ്രതിപാദിക്കുന്നുണ്ടായിരുന്നു. പിന്നീട് നടത്തിയ പത്രസമ്മേളനത്തിലാണ് യുവതിയും ഭര്‍ത്താവും മാധ്യമങ്ങള്‍ക്കു മുന്നില്‍ സംഭവങ്ങള്‍ വെളിപ്പെടുത്തിയത്. സംഭവം നടന്നിട്ട് 2 വര്‍ഷത്തോളമായതിനാല്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. പീഡനം നടന്ന സ്ഥലം പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന പോലീസിന്‍റെ വാദത്തിനെതിരെയാണ് ഭാഗ്യലക്ഷ്മി പ്രതികരിച്ചത്.












Click it and Unblock the Notifications