'തൃക്കാക്കരയിൽ സഹതാപ തരംഗം മാത്രം പോര'; ഉടക്കിട്ട് ഡൊമനിക് പ്രസന്റേഷൻ
കൊച്ചി; തൃക്കാക്കര മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാർത്ഥി ചർച്ചകൾ സജീവാക്കിയിരിക്കുകയാണ് മുന്നണികൾ. മണ്ഡലം രൂപീകരിച്ചത് മുതൽ കോൺഗ്രസിനൊപ്പം നിൽക്കുന്ന തൃക്കാക്കരയിൽ ഇക്കുറിയും അത്ഭുതം സംഭവിക്കില്ലെന്നാണ് നേതൃത്വം അവകാശപ്പെടുന്നത്. പിടി തോമസിന്റെ ഭാര്യ ഉമ തോമസിനെ മത്സരിപ്പിച്ച് സഹതാപ തരംഗം വോട്ടാക്കി മാറ്റാൻ സാധിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. എന്നാൽ ഉമയെ മത്സരിപ്പിക്കാനുള്ള നേതൃത്വത്തിന്റെ തിരുമാനത്തിനെതിരെ കോൺഗ്രസിൽ പൊട്ടിത്തെറി രൂക്ഷമായിട്ടുണ്ട്. കെപിസിസി നീക്കത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് ഡൊമനിക് പ്രസന്റേഷൻ.
സഹതാപ തരംഗം കൊണ്ട് മാത്രം തൃക്കാക്കരയിൽ ജയിക്കാനാകില്ലെന്ന് ഡൊമനിക് പ്രസന്റേഷൻ പറഞ്ഞു ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പതിനായിരം വോട്ടിൻ്റെ ഭൂരിപക്ഷം തൃക്കാക്കരയിൽ യു ഡി എഫിനുണ്ട്. അത് മനസിലാക്കി കൃത്യമായ സ്ഥാനാർത്ഥിയെ നിർത്തിയാൽ മാത്രം ജയിക്കാൻ സാധിക്കും. സമവായങ്ങൾ നോക്കി മാത്രമാകണം സ്ഥാനാർത്ഥിയെ നിർത്തുന്നതെന്നും ഡൊമനിക് പ്രസന്റേഷൻ പറഞ്ഞു.
പരമ്പരാഗാതമായി കോൺഗ്രസ് ജയിക്കുന്ന മണ്ഡലമാണെങ്കിലും ഉപതിരഞ്ഞെടുപ്പിൽ അതുറപ്പിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരെയെങ്കിലും മത്സരിപ്പിക്കാം എന്നുള്ള തിരുമാനം തിരിച്ചടിക്ക് കാരണമായേക്കും. രാഷ്ട്പീയ നിലപാടുകളാണ് തൃക്കാക്കര പോലുള്ള മണ്ഡലങ്ങളിൽ ചർച്ചയാകുകയെന്നും ഡൊമനിക് പ്രസന്റേഷൻ പറഞ്ഞു. കോൺഗ്രസുമായി ഇടഞ്ഞ് നിൽക്കുന്ന മുതിർന്ന നേതാവ് കെ വി തോമസിനെ പാർട്ടിയുമായി ചേർത്ത് നിർത്താൻ നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
കെ വി തോമസ് പിണങ്ങിയാൽ അത് തിരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിച്ചേക്കും.ആരേയും പിണക്കാതെ ഒരുമിച്ച് നിർത്താൻ നേതൃത്വം പ്രത്യേകം ശ്രദ്ധിക്കണമെന്നും ഡൊമനിക് പ്രസന്റേഷൻ പറഞ്ഞു.
അതേസമയം പിടി തോമസിന്റെ ഭാര്യ ഉമയെ കോൺഗ്രസ് രംഗത്തിറക്കിയാൽ വനിതാ സ്ഥാനാർത്ഥിയെ തന്നെയാകും സി പി എം പരിഗണിച്ചേക്കുകയെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ഭാരത് മാതാ കോളേജ് മുന്‍ അദ്ധ്യാപിക കൊച്ചുറാണി ജോസഫിനാണ് സാധ്യത. സർപ്രൈസ് സ്ഥാനാർത്ഥിയായി കെ വി തോമസിന്റെ മകൾ ഉമാ തോമസിന്റെ മകളെ എൽ ഡി എഫ് മത്സര രംഗത്തിറക്കുമോയെന്നതും കാത്തിരുന്ന് കാണേണ്ടി വരും.
അതേസമയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് എൽ ഡി എഫ് സജ്ജമാണെന്നും ഏറ്റവും മികച്ച വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ എൽ ഡി എഫ് തൃക്കാക്കരയിൽ അവതരിപ്പിക്കുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. 99 സീറ്റുമായി ഇടതുപക്ഷം കേരളത്തിൽ ഭരിക്കുകയാണ്, അത് 100 ലേക്ക് എത്തുക എന്നതാണ് ഉപതെരഞ്ഞെടുപ്പിലെ പ്രധാനലക്ഷ്യം. അങ്ങനെയാകുമ്പോൾ തൃക്കാക്കരയിൽ ഒരു കുതിച്ച് ചാട്ടത്തിന്റെ സാഹചര്യം വരും. തെരഞ്ഞെടുപ്പില്‍ വിവകസനത്തിന്റെ രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യുന്നത്. വികസനത്തിനൊപ്പം നില്‍ക്കുന്നവരാണ് തൃക്കാക്കരയിലെ ജനങ്ങള്‍. വികസനത്തിന് എതിര് നില്‍ക്കുന്നവരെ തൃക്കാക്കരയിലെ ജനങ്ങള്‍ തള്ളിക്കളയും. വികസനവും മതനിരപേക്ഷ രാഷ്ട്രീയവും ഉയര്‍ത്തിപ്പിടിക്കുന്ന ഇടതുപക്ഷ നിലപാടിനൊപ്പമാണ് ജനങ്ങളെന്നും രാജീവ് പറഞ്ഞു.
നാലു വര്‍ഷം പാഴാക്കേണ്ടതില്ല എന്നാകും വോട്ടര്‍മാര്‍ ചിന്തിക്കുക. തൃക്കാക്കരയെ കേരളത്തിന്റെ ഹൃദയമായി മാറ്റാന്‍ കഴിയുന്ന പദ്ധതിയാണ് കെ റെയില്‍. ഏറ്റവും കുറച്ച് ഭൂമി ഏറ്റെടുത്ത് ഏറ്റവും വലിയ സാധ്യത വരുന്ന മണ്ഡലമാണ് തൃക്കാക്കര. അതിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരാണ് കോണ്‍ഗ്രസ്. സില്‍വര്‍ലൈന്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുന്നത് നല്ലകാര്യമാണ്. വികസനത്തിനൊപ്പം നില്‍ക്കുന്നവരെ എല്‍ഡിഎഫ് കൂടെ കൂട്ടുമെന്നും പി രാജീവ് വ്യക്തമാക്കി.
മെയ് 31 നാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്. ജൂൺ 3 ന് വോട്ടെണ്ണൽ. പത്രിക സമർപ്പിക്കാനുള്ള അവസാന തീയത് മെയ് 11 നാണ്. 16 വരെ പത്രിക പിൻവലിക്കാനും സമയം അനുവദിക്കും.