പ്രിയങ്കക്കെതിരെ ബിജെപിയുടെ വജ്രായുധം, ആരാണ് നവ്യ ഹരിദാസ് ? അറിയാം വിവരങ്ങള്‍
കോഴിക്കോട്: രാജ്യമാകെ ഉറ്റുനോക്കുന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പാണ് വയനാട്ടില്‍ നടക്കാനിരിക്കുന്നത്. കോണ്‍ഗ്രസ് പ്രിയങ്ക ഗാന്ധിയെയാണ് ഇവിടെ മത്സരിപ്പിക്കുന്നത്. രാഹുല്‍ ഗാന്ധി മത്സരിപ്പിച്ചപ്പോള്‍ മുതല്‍ ദേശീയ ശ്രദ്ധ വയനാട്ടിലായിരുന്നു. ബിജെപി പ്രിയങ്കയ്‌ക്കെതിരെ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കഴിഞ്ഞു. നവ്യ ഹരിദാസാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി. ആരാണ് നവ്യ ഹരിദാസ് എന്ന് പരിശോധിക്കാം.
നവ്യ ഹരിദാസ് കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് രണ്ട് തവണ വിജയിച്ച് കയറിയ ബിജെപിയുടെ താരനേതാവാണ്. ഒരിക്കല്‍ പോലും ബിജെപിയുടെ കോട്ടയല്ലാത്ത മണ്ഡലമാണ് കോഴിക്കോട്. അവിടെ കോര്‍പ്പറേഷനില്‍ ഒരു സീറ്റ് പോലും സ്വപ്‌നം കാണാന്‍ പോലും ബിജെപിക്ക് മുമ്പ് സാധിക്കില്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായുള്ള ബിജെപിയുടെ തേരോട്ടത്തില്‍ കോഴിക്കോട് കാരപ്പറമ്പ് വാര്‍ഡാണ് നവ്യ ഹരിദാസ് പിടിച്ചെടുത്തത്.

ഇരുമുന്നണികളെയും ഞെട്ടിച്ചാണ് ഈ വിജയം നവ്യ സ്വന്തമാക്കിയത്. ഈ വാര്‍ഡ് ഇപ്പോള്‍ ബിജെപിയുടെ കുത്തകയാണെന്ന് തന്നെ പറയാം. കോഴിക്കോട് മണ്ഡലത്തില്‍ തന്നെ വോട്ട് വര്‍ധിപ്പിച്ച ചരിത്രവും നവ്യക്കുണ്ട്.
നിലവില്‍ ബിജെപി മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് നവ്യ. കോഴിക്കോട് കോര്‍പ്പറേഷനില്‍ ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവും നവ്യയാണ്. വലിയ ശമ്പളമുള്ള ജോലി രാജിവെച്ചാണ് നവ്യ കോഴിക്കോട് സ്ഥാനാര്‍ത്ഥിയായി വരുന്നത്.
2015 ല്‍ ഹൈദരാബാദിലെ എച്ച്എസ്ബിസിയില്‍ നിന്ന് സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ജോലി രാജിവെച്ചാണ് കാരപ്പറമ്പ് വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി നവ്യ മത്സരിക്കാനിറങ്ങിയത്. തൊണ്ടയാട് ചിന്മയ വിദ്യാലയത്തില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം, കെഎംസിടി എഞ്ചിനീയറിംങ് കോളേജില്‍ നിന്നാണ് നവ്യ ബിടെക് ബിരുദം നേടിയത്. ബാലഗോകുലം പ്രവര്‍ത്തനത്തിലൂടെയാണ് നവ്യഹരിദാസ് പൊതുപ്രവര്‍ത്തനരംഗത്തിറങ്ങിയത്.
കാരപ്പറമ്പ് ഝാന്‍സി ബാലഗോകുലം രക്ഷാധികാരി, ഭഗിനിപ്രമുഖ് തുടങ്ങിയ ചുമതലകള്‍ വഹിച്ചു. ബിജെപി ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2015 ലും 2020 ലും കോര്‍പ്പറേഷന്‍ കാരപ്പറമ്പ് ഡിവിഷനില്‍ നിന്ന് രണ്ടു തവണ മത്സരിച്ചു വിജയിച്ചു. 2021 ല്‍ കോഴിക്കോട് സൗത്ത് നിയോജകമണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായും നവ്യ മത്സരിച്ചു. 20.84 ശതമാനം വോട്ട് നേടാനായി.
ഇപ്പോള്‍ വീണ്ടുമൊരു നിയോഗമാണ് നവ്യയെ തേടിയെത്തുന്നത്. കോണ്‍ഗ്രസിന്റെ ഏറ്റവും കരുത്തുറ്റ നേതാവിനെ തന്നെയാണ് നവ്യ നേരിടേണ്ടത്. അട്ടിമറി നടന്നാല്‍ നവ്യ ദേശീയ തലത്തില്‍ തന്നെ പ്രശസ്തയാവും. വോട്ടുവര്‍ധിപ്പിക്കാന്‍ സാധിച്ചാലും അത് നേട്ടമാണ്.
അതേസമയം പ്രിയങ്കയ്‌ക്കെതിരെ വിമര്‍ശനവും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ശേഷം നവ്യയില്‍ നിന്നുണ്ടായി. വയനാടിന് യോജിച്ച സ്ഥാനാര്‍ത്ഥിയല്ല പ്രിയങ്ക. മണ്ഡലത്തിലെ കാര്യങ്ങള്‍ അറിയുന്ന ഒരാളായിരിക്കണം സ്ഥാനാര്‍ത്ഥി. വികസനമാണ് അവിടെ ആവശ്യം. കോണ്‍ഗ്രസ് കുടുംബത്തിന് വയനാട്ടിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനാവുന്നില്ല.
ഈ തിരഞ്ഞെടുപ്പ് മുതല്‍ ഇവിടെയുള്ള ജനങ്ങള്‍ക്ക് അവരുടെ കാര്യം സംസാരിക്കാന്‍ സാധിക്കുന്ന ഒരാളെ പാര്‍ലമെന്റില്‍ ആവശ്യമാണ്. പ്രാദേശികമായ വിഷയം അറിയുന്ന ഒരാളായിരിക്കണം ജനപ്രതിനിധി. കഴിഞ്ഞ എട്ട് വര്‍ഷമായി ഞാന്‍ ജനങ്ങള്‍ക്കൊപ്പമുണ്ടെന്നും നവ്യ ഹരിദാസ് പറഞ്ഞു.












Click it and Unblock the Notifications