'പലിശയിളവും കാലാവധി നീട്ടലും പോര.., വായ്പ പൂര്‍ണമായി എഴുതിത്തള്ളണം'; ബാങ്കുകളോട് മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതരുടെ വായ്പ ബാങ്കുകള്‍ പൂര്‍ണമായും എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എസ്എല്‍ബിസി (ബാങ്കേഴ്‌സ് സമിതി) യോഗത്തില്‍ സംസാരിക്കവെ ആണ് അദ്ദേഹത്തിന്റെ പ്രതികരണം. വായ്പ എഴുതി തള്ളുക എന്നത് മാത്രമാണ് പരിഹാരം എന്നും പലിശ ഇളവ്, തിരിച്ചടവിനുള്ള കാലാവധി നീട്ടല്‍ ഇതൊന്നും അതിന് പകരമാകില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ദുരന്തം നടന്ന പ്രദേശത്തെ മുഴുവന്‍ കടങ്ങളും പൂര്‍ണമായും എഴുതിത്തളളണം എന്നും അദ്ദേഹം പറഞ്ഞു. കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട അവസ്ഥ ഇല്ല എന്നും ബാങ്കുകള്‍ക്ക് തന്നെ അത് വഹിക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു. ബാങ്കുകള്‍ക്ക് താങ്ങാവുന്ന തുക മാത്രമേ വായ്പ ഇനത്തിലുളളുവെന്നും അദ്ദേഹം വ്യക്തമാക്കി. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വയനാട്ടിലെ കൃഷിഭൂമിയുടെ രൂപം തന്നെ മാറിയിരിക്കുകയാണ്.

ഇനി ഇവിടെ തുടര്‍വാസമോ കൃഷിയോ സാധ്യമല്ല എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഈ പ്രദേശത്ത് കൂടുതലും കര്‍ഷക കുടുംബങ്ങള്‍ ആണ്. അവരില്‍ മിക്കവരും വായ്പ എടുത്തിട്ടുണ്ട് എന്നും വീട് നിര്‍മ്മിക്കാന്‍ ലോണ്‍ എടുത്തവര്‍ക്ക് വീട് തന്നെ ഇല്ലാതായ സ്ഥിതിയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്ത സ്ഥിതിയാണ് നിലനില്‍ക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
മാതൃകാപരമായ നടപടികള്‍ സ്വീകരിക്കാന്‍ ബാങ്കുകള്‍ തയ്യാറാകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കേരള ബാങ്കിന്റെ മാതൃക പിന്തുടരണം. അതേസമയം ദുരിതബാധിതര്‍ക്കുളള സഹായ ധനത്തില്‍ നിന്ന് പോലും കൈയിട്ട് വാരിയ ഗ്രാമീണ ബാങ്കിന്റെ നടപടി ശരിയായില്ലെന്നും അദ്ദേഹം തുറന്നടിച്ചു. കൂടുതലൊന്നും പറയുന്നില്ല എന്നും യന്ത്രികമായി മാറരുത് എന്നുമായിരുന്നു ഈ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം.
നേരത്തെ മുണ്ടക്കൈ- ചൂരല്‍മല മേഖലയിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് നല്‍കിയ ആശ്വാസധനത്തില്‍നിന്ന് കേരള ഗ്രാമീണ്‍ ബാങ്ക് വായ്പയുടെ തിരിച്ചടവ് പിടിച്ചിരുന്നു. ഇത് വലിയ വിവാദമായിരുന്നു. ദുരന്തത്തില്‍ ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്കുള്ള സര്‍ക്കാര്‍ സഹായമായ പതിനായിരം രൂപയാണ് അക്കൗണ്ടിലെത്തിയ ഉടനെ ബാങ്ക് കൈക്കലാക്കിയത്. ബാങ്ക് വായ്പകള്‍ ഉടനെ തിരിച്ചടയ്ക്കേണ്ടതില്ലെന്ന സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെയും സര്‍ക്കാരിന്റെയും ഉറപ്പ് നിലനില്‍ക്കെയായിരുന്നു ഈ സംഭവം.
അതേസമയം വായ്പ എഴുതിത്തള്ളാനുള്ള തീരുമാനം അതത് ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡാണ് തീരുമാനിക്കേണ്ടത്. അതിനാല്‍ എഴുതിത്തള്ളാന്‍ ബാങ്കേഴ്സ് സമിതി ബാങ്കുകളോട് ആവശ്യപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. മുഴുവന്‍ അംഗങ്ങളും മരിച്ച കുടുംബങ്ങളുടെ വായ്പകളും കുട്ടികള്‍മാത്രം ശേഷിക്കുന്ന കുടുംബങ്ങളുടെ വായ്പകളും എഴുതിത്തള്ളാന്‍ ബാങ്കുകള്‍ തയ്യാറായേക്കും എന്നാണ് വിവരം.












Click it and Unblock the Notifications