'കേന്ദ്രം ഒരു പകപോക്കൽ പോലെയാണ് കേരളത്തോട് പെരുമാറിക്കൊണ്ടിരിക്കുന്നത്'; മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ - ചൂരൽമല ദുരന്തത്തിൽ കേന്ദ്രം അർഹമായ സഹായം നിഷേധിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിന്റേത് പകപോക്കലാണെന്നും ഒരു സംസ്ഥാനത്തോടും ചെയ്യാൻ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. കേരളം രാജ്യത്തിന്റെ ഭാഗമാണ്. നീതി നിഷേധിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാർ കടുത്ത രീതിയിലാണ്, ഒരു പകപോക്കൽ പോലെയാണ് കേരളത്തോട് പെരുമാറിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി മുണ്ടക്കൈ - ചൂരൽമല ദുരന്തത്തിൽ കേന്ദ്രം അർഹമായ സഹായം പോലും നിഷേധിക്കുന്ന നിലയിലാണ്. ഒരു സംസ്ഥാനത്തോടും കാണിക്കാൻ പാടില്ലാത്ത ക്രൂരമായ നിലപാടാണ് കേരളത്തോട് കേന്ദ്രം കാണിക്കുന്നത്, മുഖ്യമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി വയനാട്ടിൽ സന്ദർശനത്തിന് വന്നതിന്റെ കാശ് കൂടി കേരളം കൊടുക്കേണ്ടി വരുമോ എന്ന് മന്ത്രി പി രാജീവ് ചോദിച്ചു. കേന്ദ്രം സഹായിച്ചാലും ഇല്ലെങ്കിലും വയനാട്ടിലെ പുനരധിവാസവുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമെന്നും ടൗൺഷിപ്പ് നിർമാണം എന്നതിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹൈക്കോടതിയുടെ ഉത്തരവ് ഉടൻ പ്രതീക്ഷിക്കുന്നുണ്ട്. ഇത് അനുകൂലമായാൽ എസ്റ്റേറ്റ് ഏറ്റെടുത്ത് ടൗൺഷിപ്പ് നിർമാണത്തിനുള്ള നടപടി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേ സമയം വയനാട്ടിലെ കേന്ദ്ര അവഗണനയ്ക്കെതിരെ ആദ്യം സംസാരിച്ചത് യു ഡി എഫാണെന്ന് വി ഡി സതീശൻ പറഞ്ഞു.
മുഖ്യമന്ത്രി പറയുന്നതിന് മുൻപ് തങ്ങൾ പറഞ്ഞിട്ടുണ്ടെന്നും കേന്ദ്ര അവഗണനയ്ക്കെതിരെ സി പി എമ്മിന്റെ കൂടെ സമരം ചെയ്യണമെങ്കിൽ ഒന്ന് ആലോചിക്കേണ്ടി വരും, മൂന്ന് തവണ ആലോചിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം വയനാട് ദുരന്തത്തിൽ ഹെലികോപ്റ്റർ സേവനത്തിന് പണം ആവശ്യപ്പെട്ടത് സാധാരണ നടപടി മാത്രമാണെന്ന് മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളോടും തുക ആവശ്യപ്പെടാറുണ്ടെന്നും ഹെലികോപ്റ്റർ സേവനത്തിന് പണം ആവശ്യപ്പെട്ടത് സാധാരണ നടപടി മാത്രമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇത് വിവാദം ആക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. എ ഐ ക്യാമറയും, ബ്രഹ്മപുരവും പോലെയുള്ള അഴിമതി കരാറുകൾക്കായി കോടികൾ ചെലവഴിക്കുന്ന സർക്കാർ വയനാട്ടിലെ ജനങ്ങൾക്കായി ഒന്നും നൽകാത്തത് എന്തുകൊണ്ടാണെന്നും രാജീവ് ചോദിച്ചു.












Click it and Unblock the Notifications