Get Updates
Get notified of breaking news, exclusive insights, and must-see stories!

'മുണ്ടക്കൈയിൽ ഇതുവരെ കാണാത്ത വേദനാജനകമായ കാഴ്‌ചകൾ, 1592 പേരെ രക്ഷപ്പെടുത്തി'; മുഖ്യമന്ത്രി

വയനാട്: മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ കുടുങ്ങിപോയവരിൽ 1592 പേരെ ഇതുവരെ രക്ഷപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ 191 പേരെയാണ് ഇനിയും കണ്ടെത്താനുള്ളതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിന് മുൻപ് നമ്മുടെ നാട് ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത വേദനാജനകമായ കാഴ്‌ചകളാണ് മുണ്ടക്കൈ-ചൂരൽമല പ്രദേശങ്ങളിൽ ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ രണ്ട് പ്രദേശങ്ങളും ഏറെക്കുറെ ഇല്ലാതായി കഴിഞ്ഞു. ഇതുവരെ 144 മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. അതിൽ 71 പുരുഷൻമാരും 64 സ്ത്രീകളും ഉൾപ്പെടുന്നു. 191 പേരെ കാണാനില്ലെന്നാണ് ഇതുവരെ കണക്കാക്കിയിട്ടുള്ളത്. ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭാ യോഗം കാര്യങ്ങൾ വിലയിരുത്തി. ദുരന്തത്തിൽ മന്ത്രിസഭാ യോഗം അനുശോചനവും രേഖപ്പെടുത്തി; പിണറായി പറഞ്ഞു.

pinarayiwayanad

ദുരന്ത മേഖലയിൽ നിന്നും പരമാവധി ആളുകളെ സുരക്ഷിതരാക്കാനുള്ള ശ്രമങ്ങൾ നല്ല നിലയിൽ പുരോഗമിക്കുകയാണ്. ആദിവാസി കുടുംബങ്ങളെ മാറ്റിപാർപ്പിക്കും. മാറാൻ തയ്യാറാത്തവർക്ക് ആവശ്യത്തിന് ഭക്ഷണം എത്തിക്കും. ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടവർക്ക് ആവശ്യമായ ചികിത്സയും പരിചരണവും ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

രണ്ട് ദിവസമായി രക്ഷാപ്രവർത്തനത്തിൽ 1592 പേരെയാണ് രക്ഷപ്പെടുത്തിയത്. ആദ്യ ഘട്ടത്തിൽ ദുരന്തം ഉണ്ടായതിന്റെ സമീപ സ്ഥലങ്ങളിലുള്ള 68 കുടുംബങ്ങളിലെ 206 പേരെയെയായിരുന്നു മൂന്ന് ക്യാമ്പുകളിലാക്കി മാറ്റിയത്. ഇതിൽ 75 പുരുഷന്മാർ, 88 സ്ത്രീകൾ, 43 കുട്ടികൾ എന്നിങ്ങനെയായിരുന്നു ഉണ്ടായിരുന്നത്; അദ്ദേഹം പറഞ്ഞു.

ഉരുൾപൊട്ടലിനെ തുടർന്ന് ഒറ്റപ്പെട്ടു പോയവർ, വീടുകളിൽ കുടുങ്ങി പോയവർ എന്നിങ്ങനെയുള്ള 1386 പേരെ തുടർന്നുള്ള രക്ഷാദൗത്യത്തിന്റെ ഫലമായി രക്ഷിക്കാൻ കഴിഞ്ഞു. ഇതിൽ 528 പുരുഷന്മാർ, 559 സ്ത്രീകൾ, 299 കുട്ടികൾ എന്നിങ്ങനെയുണ്ട്. ഇവരെ ഏഴ് ക്യാമ്പുകളിലേക്കായാണ് മാറ്റിയത്. 201 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കാനുമായി; മുഖ്യമന്ത്രി തുടർന്നു.

നിലവിൽ 90 പേരാണ് ചികിത്സയിൽ കഴിയുന്നത്. വയനാട് ജില്ലയിൽ ആകെ നിലവിൽ 82 ദുരിതാശ്വാസ ക്യാമ്പുകളിലായി 8017 ആളുകളാണ് ഉള്ളത്. അതിൽ 19 പേർ ഗർഭിണികളാണ്. മേപ്പാടിയിൽ മാത്രം എട്ട് ക്യാമ്പുകളുണ്ട്. മൊത്തം 421 കുടുംബങ്ങളിലായി 1486 പേർ ഈ ക്യാമ്പുകളിൽ ഇപ്പോൾ കഴിയുന്നുണ്ട്; പിണറായി വ്യക്തമാക്കി.

പുഴയിലൂടെ ഒഴുകി മലപ്പുറം ജില്ലയിലേക്ക് എത്തുന്ന മൃതദേഹങ്ങൾ കണ്ടെത്താനുള്ള സജ്ജീകരണങ്ങൾ പ്രവർത്തനനിരതമായി തന്നെ തുടരുന്നുണ്ട്. നിലവിൽ 1167 പേർ ഉൾപ്പെടുന്നതാണ് രക്ഷാപ്രവർത്തനത്തിനുള്ള സന്നാഹ സംഘം. അതിൽ പത്ത് സ്‌റ്റേഷൻ ഓഫീസർമാരുടെ നേതൃത്വത്തിൽ സമീപ ജില്ലയിൽ നിന്നുൾപ്പെടെ ഉള്ള 645 അഗ്നിശമനാ സേനാംഗങ്ങളുമുണ്ട്; മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരത്ത് നിന്ന് 132 സൈനികർ കൂടി വയനാട്ടിലേക്കെത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റോഡിലെ തടസം ഒഴിവാക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പിണറായി വിജയന്‍ അറിയിച്ചു. . മണ്ണിനടിയിലെ മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ ശ്രമം നടത്തും. ഇതിനായി റിട്ടേഡ് മേജർ ജനറൽ ഇന്ദ്രബാലന്റെ സഹായം തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

രക്ഷാപ്രവര്‍ത്തനത്തിന് രണ്ട് ഹെലികോപ്റ്ററുകള്‍ എഎല്‍എച്ച്, എം ഐ-7 ഹെലികോപ്റ്ററുകള്‍ എന്നിവ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ചൂരല്‍മലയില്‍ താലൂക്ക് തല കണ്ട്രോള്‍ റൂം തുടങ്ങി. മന്ത്രിമാര്‍ നേരിട്ട് സ്ഥലത്ത് ക്യാമ്പ് ചെയ്‌തു പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നുണ്ട്. വനംവകുപ്പിന്റെ 55 അംഗങ്ങള്‍, ആരോഗ്യ വകുപ്പ്, റവന്യു, തദ്ദേശസ്വയംഭരണ വകുപ്പുകള്‍ എന്നിവ സര്‍വസജ്ജമായി ചൂരല്‍മലയിലുണ്ട്. മുണ്ടക്കൈ ചെറാട്ട് കുന്ന് കോളനിയില്‍ 32 പേരില്‍ 26 പേരെ കണ്ടെത്തി. ഇതില്‍ 24 പേരെ അട്ടമല ക്യാമ്പിലേക്ക് മാറ്റി.

മേപ്പാടി പോളിടെക്നിക്കില്‍ താല്‍ക്കാലിക ആശുപത്രി സജ്ജമാക്കി. ചൂരല്‍മലയിലെ മദ്രസയിലും പള്ളിയിലും താല്‍ക്കാലിക ക്ലിനിക് തയാറാക്കി. പോസ്‌റ്റുമോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കാനും പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എല്ലാ ക്യാമ്പുകളിലും മാനസിക പിന്തുണ ഉറപ്പാക്കുന്നതിന് മാനസികാരോഗ്യ വിദഗ്‌ധരുടേയും കൗണ്‍സിലര്‍മാരുടേയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. വീടുകളില്‍ കഴിയുന്നവരെ നേരിട്ട് സന്ദര്‍ശിച്ച് മാനസിക പിന്തുണ ഉറപ്പാക്കും.

ഒറ്റപ്പെട്ടു പോയ മുണ്ടക്കൈയിലക്ക് ചൂരല്‍ മലയില്‍ നിന്നും താല്‍ക്കാലിക പാലം നിര്‍മിക്കുന്നതിനാവശ്യമായ സാധനങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. വ്യോമസേനയുടെ രണ്ടാമത്തെ വിമാനമാണ് ഇന്ന് എത്തിയത്. മോട്ടോര്‍ വാഹന വകുപ്പിന്‍റെ നേതൃത്വത്തില്‍ 17 ട്രക്കുകളിലായി ഇവ ചൂരല്‍മലയിലെത്തിക്കും.

ഇന്നലെ കണ്ണൂരിലെത്തിയ ആദ്യ വിമാനത്തില്‍ നിന്നും ഇറക്കിയ പാലം നിര്‍മാണ സാമഗ്രികള്‍ ഇന്നലെ രാത്രിയോടെ തന്നെ 20 ട്രക്കുകളിലായി ചൂരല്‍മലയിലെ ദുരന്ത മേഖലയില്‍ എത്തിച്ചിരുന്നു. പാലം നിര്‍മാണം പുരോഗമിക്കുകയാണ്. നാളത്തേക്ക് പാലം പൂർണ നിലയിൽ എത്തിക്കാനാകും എന്നാണ് ഇന്നത്തെ അവലോകനയോഗത്തിൽ അവർ പറഞ്ഞതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നു.

ഇന്ന് എവിടെയും റെഡ് അലര്‍ട്ട് നിലവില്‍ കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടില്ല. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ അതിശക്തമായ മഴ ഉണ്ടാകും എന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്നും, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ നാളെയും, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ മറ്റന്നാളും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്‌ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്‌ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്‌ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും വാർത്താകുറിപ്പിൽ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+