'കോൺഗ്രസ് നൂറിലധികം വീടുകൾ നിർമ്മിച്ചു നൽകും'; ദുരിതബാധിത മേഖലയിൽ വീണ്ടുമെത്തി രാഹുൽ ഗാന്ധി
വയനാട്: ഉരുൾപൊട്ടലിൽ സർവനാശം സംഭവിച്ച വയനാട്ടിലെ മുണ്ടക്കൈ മേഖലയിൽ വീണ്ടും സന്ദർശനം നടത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ രാഹുൽ ഗാന്ധി. കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധിക്കൊപ്പം വയനാട്ടിലെ ദുരിതബാധിത മേഖലകൾ സന്ദർശിച്ച രാഹുൽ ഇന്ന് വീണ്ടും അവിടേക്ക് എത്തുകയായിരുന്നു.
ഉരുൾപൊട്ടലിൽ വീട് നഷ്‌ടപ്പെട്ടവർക്ക് നൂറിലധികം വീടുകൾ കോൺഗ്രസ് നിർമ്മിച്ച് നൽകുമെന്ന പ്രഖ്യാപനവും രാഹുൽ ഗാന്ധി നടത്തുകയുണ്ടായി. രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് ജില്ലാ അധികൃതരുമായി അദ്ദേഹം ചർച്ച നടത്തുകയും ചെയ്‌തിരുന്നു. ചൂരല്‍മലയിലെ ഫോറസ്‌റ്റ് ഓഫീസില്‍ വെച്ചായിരുന്നു ഇത് സംബന്ധിച്ച ചർച്ച നടന്നത്.

കേരളം മുൻപൊരിക്കലും ഇത്തരത്തിൽ ഒരു ദുരന്തം അഭിമുഖീകരിച്ചിട്ടില്ലെന്നും വിഷയം ഡൽഹിയിൽ ശക്തമായി ഉന്നയിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇക്കാര്യങ്ങൾ എല്ലാം സംസാരിക്കുമെന്നും പ്രത്യേകം പരിഗണന നൽകേണ്ട സാഹചര്യമാണ് വയനാട്ടിൽ നിലവിലുള്ളതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
'ഇത് വല്ലാത്തൊരു ദുരന്തമാണ്. ഞങ്ങള്‍ ഇന്നലെ ദുരന്തപ്രദേശത്ത് പോയിരുന്നു. ക്യാമ്പുകളില്‍ പോയി അവിടത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്ന് അധികൃതരുമായി ചര്‍ച്ചയും നടത്തി. നാശനഷ്‌ടങ്ങളെയും പുനരധിവാസത്തെയും കുറിച്ച് അവര്‍ സംസാരിച്ചു. സാധ്യമായ സഹായങ്ങളെല്ലാം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. നൂറിലധികം വീടുകള്‍ കോണ്‍ഗ്രസ് ഇവിടെ നിര്‍മിച്ചുനല്‍കും. കോണ്‍ഗ്രസ് കുടുംബം അതിന് പ്രതിജ്ഞാബദ്ധരാണ്' രാഹുൽ പറഞ്ഞു.
അതേസമയം, ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ 331 പേർ മരിച്ചെന്നാണ് അനൗദ്യോഗികമായി പുറത്തുവരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. സർക്കാർ കണക്ക് പ്രകാരം അത്രയും മരണങ്ങളില്ല. കാണാതായവരുടെ എണ്ണം ഇപ്പോഴും നൂറിന് മുകളിൽ ആണെന്നത് മരണസംഖ്യ ഉയർത്തുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
മരണപ്പെട്ടവരിൽ 116 മൃതദേഹങ്ങൾ നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി. 130 ശരീര ഭാഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്‌തിട്ടുണ്ട്. ഔഗ്യോഗിക കണക്കനുസരിച്ച് 206 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. 86 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിൽ കഴിയുന്നുണ്ട്. ജില്ലയില്‍ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരാണ് നിലവിലുള്ളത്.
അതിനിടെ ദുരന്ത മേഖലയിൽ തിരച്ചിൽ ശക്തമായി പുരോഗമിക്കുകയാണ്. കരസേന തീർത്ത ബെയ്‌ലി പാലം സജ്ജമായതോടെയാണ് ഇന്ന് കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളും ഉപകരണങ്ങളും മുണ്ടക്കൈയിലേക്ക് എത്തിക്കാനായത്. കൂടാതെ പടവെട്ടിക്കുന്നിൽ വീട്ടിൽ ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന നാല് പേരെ സൈന്യവും ഫയർഫോഴ്‌സും ചേർന്ന് കണ്ടെത്തി രക്ഷപ്പെടുത്തുകയും ചെയ്‌തിരുന്നു.












Click it and Unblock the Notifications