ചൂരല്‍മല സ്‌കൂളിന് സമീപം വീണ്ടും തിരച്ചില്‍ നടത്തി, ബന്ധുക്കളെത്തി; നിരാശയെന്ന് രക്ഷാപ്രവര്‍ത്തകന്‍
മുണ്ടക്കൈ: ചൂരല്‍മലയില്‍ ഒരിക്കല്‍ പരിശോധിച്ച ഇടങ്ങളില്‍ വീണ്ടും പരിശോധന നടത്തിയെന്ന് രക്ഷാപ്രവര്‍ത്തകന്‍ സിയാദ് വണ്‍ ഇന്ത്യ മലയാളത്തിനോട് പറഞ്ഞു. ഇന്നത്തെ തിരച്ചില്‍ അവസാനിച്ചു. ഞങ്ങള്‍ മേപ്പാടിയിലേക്ക് മടങ്ങിയിട്ടുണ്ട്. ഹൈസ്‌കൂള്‍ റോഡിലാണ് ഇന്ന് പരിശോധന നടത്തിയത്. ബന്ധുക്കള്‍ പറഞ്ഞത് പ്രകാരമായിരുന്നു വീണ്ടും ഈ മേഖലയിലെല്ലാം പരിശോധന നടത്തിയത്.
ഇത് വലിയൊരു മേഖലയാണ്. എളുപ്പത്തില്‍ തിരച്ചില്‍ നടത്തുക സാധ്യമല്ല. എന്നിട്ടും ബന്ധുക്കളുടെയെല്ലാം അഭ്യര്‍ത്ഥന മാനിച്ച് ഒരിക്കല്‍ പരിശോധിച്ച ഇടങ്ങളില്‍ അവരെ എത്തിച്ച് കൊണ്ട് പരിശോധന നടത്തുകയായിരുന്നു. വൈകീട്ട് തിരച്ചില്‍ മതിയാക്കി പോവാനിരുന്നതിന് ശേഷമാണ് ഇത് തുടര്‍ന്നത്. എന്നാല്‍ തിരച്ചിലില്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്നും സിയാദ് പറഞ്ഞു.

തിരച്ചില്‍ തുടര്‍ന്ന് കുറച്ച് നേരം പിന്നിട്ടപ്പോള്‍ തന്നെ ബന്ധുക്കള്‍ നിരാശയിലായിരുന്നു. അവര്‍ തന്നെയാണ് ഞങ്ങളോട് തിരച്ചില്‍ നിര്‍ത്തിക്കൊള്ളാന്‍ പറഞ്ഞത്. നാളെയും ഇതുപോലെ തിരച്ചില്‍ തുടരും. ജീവനോടെ ഇനിയാരും ഉണ്ടാവാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. എങ്കിലും പ്രതീക്ഷ നഷ്ടപ്പെടാതെ ഞങ്ങള്‍ എല്ലാം തിരച്ചില്‍ നടത്തുന്നുണ്ട്.
അതിനിയും ദിവസങ്ങളോളം തുടരും. ചിലതൊക്കെ ചെളിയില്‍ പൂഴ്ന്ന് കിടക്കുകയാവാം. അതെല്ലാം കണ്ടെത്തുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. പക്ഷേ ഏറ്റവും മികച്ച പരിശ്രമം തന്നെ അതിനായി നടത്തും. ചാലിയാറിന്റെ ഭാഗത്ത് നിന്നടക്കം മൃതദേഹങ്ങള്‍ ലഭിച്ചിട്ടുണ്ട്. അവിടെയും തിരച്ചില്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെന്ന് സിയാദ് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാം ബന്ധുക്കള്‍ ഇല്ലാതെയായിരുന്നു ചൂരല്‍മലയിലും പുഞ്ചിരിമട്ടത്തുമെല്ലാം പരിശോധന നടത്തിയത്. ഇന്ന് ബന്ധുക്കളെ കൊണ്ടുവന്ന ശേഷമാണ് തിരച്ചില്‍ തുടര്‍ന്നത്. നിലവില്‍ മഴയൊന്നും ഇല്ല. ഇന്നും രക്ഷാപ്രവര്‍ത്തനം നേരത്തെ നിര്‍ത്തിയിരുന്നു. പക്ഷേ ബന്ധുക്കളുടെ അപേക്ഷ സ്വീകരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
അതുകൊണ്ടാണ് വീണ്ടും തിരച്ചില്‍ നടത്താന്‍ തീരുമാനിച്ചത്. തിരച്ചില്‍ നേരത്തെ ജാഗ്രതയോടെയാണ് നടത്തിയിരുന്നത്. മുകള്‍ ഭാഗത്തെ തിരച്ചില്‍ കുറച്ച് അപകടം പിടിച്ചതായിരുന്നു. മലവെള്ളപ്പാച്ചിലിന് അടക്കം സാധ്യതയുണ്ടായിരുന്നു. അതുകൊണ്ട് വളരെ ജാഗ്രതയോടെയാണ് പുഞ്ചിരിമട്ടത്ത് അടക്കം രക്ഷാപ്രവര്‍ത്തനം നടത്തിയതെന്നും സിയാദ് വ്യക്തമാക്കി.
ചൂരല്‍മലയില്‍ ഏറ്റവും മുകളിലായി ഒരു വീടുണ്ടായിരുന്നു. അവിടെയുള്ള തൊഴുത്തില്‍ ഭക്ഷണമൊന്നും കിട്ടാതെ പശു പട്ടിണിയിലായിരുന്നു. ഇന്നലെ അവിടെയെത്തി പശുവിന് ഭക്ഷണമെല്ലാം എത്തിച്ച് കൊടുത്തിട്ടുണ്ട്. ആ ഭാഗത്ത് ചെറിയ തോട് മുമ്പുണ്ടായിരുന്നു. അതെല്ലാം ഉരുള്‍പ്പൊട്ടലില്‍ ആഴമുള്ള ഗര്‍ത്തമായി പോയിട്ടുണ്ട്.
അത് കടന്ന് വേണം അപ്പുറത്തേക്ക് പോകാന്‍. പടിഞ്ഞാറേത്തറയില്‍ നിന്നാണ് പുല്ലും വൈക്കോലുമൊക്കെയായി വന്നത്. അവര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ഞങ്ങള്‍ അതെല്ലാം എത്തിച്ച് കൊടുത്തത്. മന്ത്രിമാരൊക്കെ ഏകോപിപ്പിക്കാന്‍ ഇവിടെയുണ്ട്. പാലം വന്നതോടെ എല്ലാവരും എത്തിയിട്ടുണ്ടെന്നും സിയാദ് പറഞ്ഞു.












Click it and Unblock the Notifications