വയനാട്ടിലുണ്ടായത് 3 ഉരുള്‍പൊട്ടല്‍ എന്ന് നാട്ടുകാര്‍, ഒഡീഷയില്‍ നിന്നുള്ള 2 ഡോക്ടര്‍മാരെ കാണാനില്ല
കല്‍പ്പറ്റ: വയനാട് മേപ്പാടി മുണ്ടക്കൈയ്യില്‍ ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്നുണ്ടായത് വന്‍ ദുരന്തം. ഇരട്ട ഉരുള്‍പ്പൊട്ടലില്‍ ഇതുവരെ എട്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. അതേസമയം രണ്ടല്ല മൂന്ന് ഉരുള്‍പ്പൊട്ടലുണ്ടായെന്ന് നാട്ടുകാര്‍ പറയുന്നു. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെയാണ് രണ്ടാമത്തെ ഉരുള്‍പ്പൊട്ടലുണ്ടായത്.
ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളിലും വീടുകളിലും കടകളിലുമെല്ലാം വെള്ളവും ചെളിയും നിറഞ്ഞിരിക്കുകയാണ്. അതേസമയം രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി മാറിയ വയനാട്ടിലേക്ക് സൈന്യമെത്തും. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം താല്‍ക്കാലിക പാലം നിര്‍മിക്കും.

തകര്‍ന്നടിഞ്ഞ വീടുകളും ഗതിമാറി ഒഴുകുന്ന പുഴയും വന്‍തോതില്‍ കുന്നുകൂടി കിടക്കുന്ന മരത്തടികളും, ചെളിയും മാല്യനങ്ങളുമാണ് ഉരുള്‍പ്പൊട്ടലുണ്ടായ പ്രദേശങ്ങളില്‍ നിന്ന് കാണാന്‍ കഴിയുന്നത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്.
ചൂരല്‍മല ടൗണിലെ പാലം തകര്‍ന്നതോടെയാണ് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായത്. മുണ്ടക്കൈ അട്ടമല പ്രദേശത്തേക്കുള്ള ഏക പാലമാണിത്. പ്രദേശത്തെ വൈദ്യുതി ബന്ധം അടക്കം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. അതേസമയം മുണ്ടക്കൈയിലെ ഹോംസ്‌റ്റേയില്‍ താമസമുണ്ടായിരുന്ന ഒഡീഷ സ്വദേശികളായ ഡോക്ടര്‍മാരുടെ സംഘത്തിലെ രണ്ട് പേരെ കാണാനില്ല. മൂന്നാമത്തെയാളെ പരുക്കുകളോടെ രക്ഷപ്പെടുത്തി.
മലപ്പുറത്ത് ചാലിയാറിന്റെ ഇരുട്ടുകുത്തിക്കടവില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ചൂരല്‍മല ഭാഗത്ത് ഉരുള്‍പ്പൊട്ടലില്‍ കാണാതായവരുടേതാണെന്ന് സംശയമുണ്ട്. ഈ ഭാഗത്തേക്ക് എത്തണമെങ്കില്‍ അഗ്നിരക്ഷാസേനയുടെ ഡിങ്കി ബോട്ടെത്തിക്കണം. 33 പേര്‍ ഇപ്പോള്‍ ദുരന്തത്തെ തുടര്‍ന്ന് ചികിത്സയിലാണ്.
അതേസമയം ചൂരല്‍മലയ്ക്ക് സമീപം വീണ്ടും ഉരുള്‍പ്പൊട്ടലെന്ന് സംശയമുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരോട് മാറിനില്‍ക്കാന്‍ അഗ്നിരക്ഷാസേനയുടെ നിര്‍ദേശം. വെള്ളം കുത്തിയൊലിച്ചുവരാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം. വനമേഖലയില്‍ വീണ്ടും മഴ ശക്തമായിട്ടുണ്ട്.
നിലമ്പൂര്‍ പോത്തുകല്ലില്‍ നിന്ന് അഞ്ചുവയസ്സു തോന്നുന്ന കുട്ടിയുടെ മൃതദേഹവും, ഭൂതാനം മച്ചികൈ ഭാഗത്ത് നിന്ന് ഒരു സ്ത്രീയുടെ മൃതദേഹവും കണ്ടെത്തി. മൃതദേഹങ്ങള്‍ ചാലിയാറിലൂടെ ഒഴുകിവന്നതാണ്. വയനാട്ടിലെ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ആണിതെന്ന് സംശയം.
അതേസമയം പരുക്കുകളോടെ നിരവധി പേരെ മേപ്പാടി വിംസ് ആശുപത്രിയിലേക്കാണ് മാറ്റിയത്. ഇവിടെയാണ് 33 പേര്‍ ചികിത്സയിലുള്ളത്. അട്ടമലയിലെ വീടുകളെല്ലാം ഒലിച്ചുപോയെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ഉരുള്‍പ്പൊട്ടലില്‍ ചൂരല്‍മല വെള്ളാര്‍മല ജിവിഎച്ച്എസ്എസ് സ്‌കൂള്‍ ഒലിച്ചുപോയി. അപകടത്തില്‍പ്പെട്ടവരുടെ ചികിത്സ ഉറപ്പാക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കി.
കാഷ്വാലിറ്റിയില്‍ കൂടുതല്‍ ഡോക്ടര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. അവധിയില്‍ ഉള്ളവരോട് വേഗതം തന്നെ ജോലിയില്‍ തിരികെ പ്രവേശിക്കാനും നിര്‍ദേശം നല്‍കി. അപകടം നടന്ന ഭാഗത്ത് നിരവധി ഹോംസ്‌റ്റേകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ താമസിച്ചിരുന്ന വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവരെ കാണാതായി റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications