'പിഞ്ചുകുഞ്ഞുങ്ങളുടെ ശരീരങ്ങൾ പുറത്തെടുക്കുമ്പോൾ നെഞ്ച് പിടയും'; എൻഡിആർഎഫ് സേനാംഗം പറയുന്നു
'ചളിയിൽ ആഴ്ന്നുപോയ പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനറ്റ ശരീരം പുറത്തെടുക്കുമ്പോൾ നെഞ്ച് പിടയും. കണ്ടു നിൽക്കാൻ കഴിയില്ല ആ കാഴ്ച', കേരളത്തിന്റെ ഉള്ളുലച്ച വയനാട്ടെ ദുരന്ത ഭൂമിയിൽ ജീവൻ പോലും വകവയ്ക്കാതെ രക്ഷാപ്രവർത്തനം നടത്തുന്ന എൻഡിആർഎഫ് സേനാംഗങ്ങളുടെ വാക്കുകളാണിത്. ഉരുൾപൊട്ടലിന് തൊട്ടുപിന്നാലെ ആദ്യം രക്ഷാകവചം നീട്ടിയത് എൻഡിആർഎഫ് സേനാംഗങ്ങളാണ്. മഴ ശക്തമാവുന്നതിന്റെ പശ്ചാത്തലത്തിൽ വയനാട് ഉൾപ്പെടെ ഒമ്പത് ജില്ലകളിൽ എൻഡിആർഎഫ്സംഘത്തെ നിയോഗിച്ചിരുന്നു. ഒട്ടും സമയം കളയാതെ ദുരന്തഭൂമിയിൽ എത്തിപ്പെടാൻ അവർക്ക് സാധിച്ചതിനാൽ നിരവധി പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞു.
ജീവന്റെ കണിക കെട്ടിടാവശിഷ്ടങ്ങൾക്കിടയിലും മറ്റും അവശേഷിക്കുന്നുണ്ടോ എന്ന് അറിയാൻ ഏറെ സാഹസപ്പെട്ട് നടത്തിയ തിരച്ചിലിൽ ജീവിതത്തിലേക്ക് കൈപ്പിടിച്ച് ഉയർന്നവരും ഏറെയുണ്ട്. ദുരന്തഭൂമിയിലെ രക്ഷാപ്രവർത്തനവും നേരിട്ട വെല്ലുവിളികളും വൺ ഇന്ത്യയുമായി പങ്കുവയ്ക്കുകയാണ് എൻഡിആർഎഫ് റെസ്‌ക്യൂ കോൺസ്റ്റബിളായ വൈശാഖ്.

'മഴ തുടരമ്പോൾ സംസ്ഥാനത്തെ 9 ജില്ലകളിൽ എൻഡിആർഎഫ് സംഘത്തെ വിന്യസിക്കാറുണ്ട്. അതിന്റെ ഭാഗമായി നേരത്തേ തന്നെ ഒരു സംഘം വയനാട്ടിൽ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ദുരന്തം ഉണ്ടായപ്പോൾ ആറ് മണിയോടെ ഒരു ടീം മുണ്ടക്കൈയിൽ എത്തി. ഞങ്ങൾ കോഴിക്കോട് വിലങ്ങാടായിരുന്നു. അവിടെ ഉരുൾപൊട്ടൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിലാണ് ഇവടേക്ക് വരാൻ ആവശ്യപ്പെട്ടത്. നിലവിൽ എൻഡിആർഎഫിന്റെ മൂന്ന് ടീമാണ് ഇവിടെ ഉള്ളത്.
തുടക്കം മുതൽ ഞങ്ങൾ നേരിട്ട പ്രധാന വെല്ലുവിളി ശക്തമായ മഴ തന്നെയായിരുന്നു. മണ്ണ് വന്ന് മൂടിയതിനാൽ പല വഴികളും മനസിലാക്കാൻ സാധിച്ചിരുന്നില്ല. എങ്ങോട്ട് പോകുന്നുവെന്ന് പോലും മനസിലാകാതെയാണ് നടന്നത്. പലയിടങ്ങളിലും സംഘാംഗങ്ങൾ ചളിയിൽ പുതഞ്ഞ് പോയിട്ടുണ്ട്. വീടുകൾ പൂർണമായും ഒലിച്ചുപോയിരുന്നു. എന്നാൽ ഇവിടങ്ങളിൽ കിണറുകൾ ഉണ്ട്. അതുകൊണ്ട് തന്നെ എന്ത് ചെയ്യും എന്ന് ഒരുപിടിയും ഉണ്ടായിരുന്നില്ല. പാലം തകർന്നിടത്ത് റോപ്പ് കെട്ടിയായിരുന്നു ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് സൈന്യം എത്തി പകുതി പാലം പണിതു. ആ പാലത്തിലൂടെയായിരുന്നു പിന്നീട് രക്ഷാപ്രവർത്തനം പുരോഗമിച്ചത്. ബെയ്ലി പാലം വന്നതോടെ ഇപ്പോൾ കൂടതൽ വാഹനങ്ങൾക്ക് കടന്ന് പോകാൻ സാധിക്കുന്നുണ്ട്.

പ്രതികൂലമായ പല കാര്യങ്ങളും രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. എന്നാൽ അതിനെല്ലാം അപ്പുറം തിരച്ചിലിൽ കുഞ്ഞു കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഏറെ ഉള്ളുലച്ച കാര്യമായിരുന്നു. ഞങ്ങളുടെ ജോലിയാണ് ഇതെങ്കിലും കുഞ്ഞുങ്ങളുടെ ജീവനറ്റ ശരീരം കണ്ടുനിൽക്കാൻ സാധിക്കുമായിരുന്നില്ല. ജീവനോടേയും നിരവധി പേരെ കണ്ടെടുത്തിട്ടുണ്ട്. ചിലർ അബോധാവസ്ഥയിലായ നിലയിലായിരുന്നു. ചിലരുടെ കണ്ണിൽ രക്ഷപ്പെട്ടതിന്റെ ആശ്വാസവും സമാധാനവും കാണാമായിരുന്നു.
നാലാം ദിവസം കൂടുതൽ യന്ത്രങ്ങൾ ഉപയോഗിച്ചുള്ള തിരച്ചിലാണ് തുടരുന്നത്. വെള്ളാർമല ഗവ സ്കൂളിന് സമീപത്താണ് ഇന്ന് പരിശോധന നടക്കുന്നത്. അവിടെയുള്ള കെട്ടിടങ്ങൾ നിലംപൊത്തിയ നിലയിലാണ്. ഒരാൾപൊക്കത്തിൽ മണ്ണും ചളിയും മൂടികിടക്കുന്നുണ്ട്. ഒപ്പം മരങ്ങളും കെട്ടിടാവശിഷ്ടങ്ങളും ഉണ്ട്. ആ ഭാഗത്തെ മണ്ണ് നീക്കം ചെയ്ത് നടത്തിയ പരിശോധനയിൽ ഉച്ചവരെ 8 മൃതദേഹങ്ങൾ കണ്ടെടുത്തു. തകർന്ന് വീടുകളിലൊക്കെ പരിശോധന നടക്കുന്നുണ്ട്. അവിടെ നിന്നും മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്.
ദേശീയ ദുരന്തമായി അംഗീകരിക്കേണ്ടൊരു സാഹചര്യമാണ് ശരിക്കും ഇവിടെ ഉണ്ടായിരിക്കുന്നത്. 300 ന് അടുത്ത് പേർ മരിച്ചു. ശരീരഭാഗങ്ങൾ വേർപെട്ടാണ് പല മൃതദേഹങ്ങളും കണ്ടെടുത്തത്. 3500 ഓളം പേരാണ് ഇവിടെ ഉണ്ടായിരുന്നതെന്നാണ് പറയുന്നത്. എട്ടായിരത്തോളം പേരെയാണ് പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചത്', അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications