വയനാടിനായി കൈകോര്‍ത്ത് സിനിമാലോകം; കളക്ഷന്‍ സെന്ററിലെത്തി നിഖില, പിന്തുണച്ച് മമ്മൂട്ടിയും ലാലും മഞ്ജുവും
കണ്ണൂര്‍: ഉരുള്‍പൊട്ടലില്‍ സര്‍വവും നഷ്ടമായ വയനാടിന് കൈത്താങ്ങായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ അറിയിച്ച് മലയാള സിനിമാ മേഖലയും. വയനാട്ടിലെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് സഹായമെത്തിക്കാനായി ഡി വൈ എഫ് ഐ ആരംഭിച്ച കളക്ഷന്‍ സെന്ററിലെ സജീവപ്രവര്‍ത്തനത്തില്‍ നടി നിഖില വിമല്‍ പങ്കാളിയായി. തളിപറമ്പില്‍ സജ്ജമാക്കിയ കളക്ഷന്‍ സെന്ററില്‍ രാത്രി ഏറെ വൈകിയും നിഖില വിമല്‍ തുടര്‍ന്നു.
സാധനങ്ങള്‍ പാക്ക് ചെയ്തും മാര്‍ക്ക് ചെയ്തും നിഖില കളക്ഷന്‍ പോയന്റിലുണ്ടായിരുന്നു. നേരത്തെ മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, ബേസില്‍ ജോസഫ്, ഉണ്ണി മുകുന്ദന്‍ തുടങ്ങിയ താരങ്ങളും വയനാടിന് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിരുന്നു. കനത്ത മഴയും പ്രകൃതിക്ഷോഭവും തുടരുന്ന സാഹചര്യത്തില്‍ സുരക്ഷയും ജാഗ്രതയും പാലിക്കാന്‍ ശ്രമിക്കണം എന്ന് മമ്മൂട്ടിയും മോഹന്‍ലാലും ആവശ്യപ്പെട്ടു.

ജില്ലാ ഭരണകൂടം പുറത്തുവിട്ട കണ്‍ട്രോള്‍ റൂം നമ്പറുകളും താരങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പങ്ക് വെച്ചിട്ടുണ്ട്. താരസംഘടനയായ അമ്മയുടെ ഈ വിവരങ്ങള്‍ പങ്കിട്ടുണ്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ടൊവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണം അപ്‌ഡേറ്റ് മാറ്റിവെച്ചിരുന്നു. ഉരുള്‍പൊട്ടല്‍, മഴ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള മുന്നറിയിപ്പുകളും ടൊവിനോ പങ്ക് വെച്ചിട്ടുണ്ട്.
വയനാട് പ്രകൃതി ദുരന്തത്തില്‍ ജീവന്‍ നഷ്ട്ടപെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ നേരുന്നതായി ഉണ്ണി മുകുന്ദന്‍ അറിയിച്ചു. ' കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക് വേണ്ട സഹായം ഒരുക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണ്. ദുരന്തത്തെ നേരിടാന്‍ നമ്മളെകൊണ്ട് കഴിയുന്നതൊക്കെ ചെയ്യാന്‍ ഓരോരുത്തരും ശ്രമിക്കുക,' എന്നും ഉണ്ണി മുകുന്ദന്‍ ആവശ്യപ്പെട്ടു.
മഞ്ജു വാര്യര്‍ ചിത്രം ഫൂട്ടേജിന്റെ റിലീസ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റി വെച്ചിരിക്കുകയാണ്. മാത്രമല്ല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുറപ്പെടുവിച്ച മിക്ക മുന്നറിയിപ്പുകളും താരം തന്റെ പേജില്‍ പങ്ക് വെച്ചിട്ടുമുണ്ട്. കൂടാതെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് ആവശ്യമായ സാധനങ്ങള്‍ ശേഖരിക്കുന്നതിന്റെ പോസ്റ്ററും മഞ്ജുവിന്റെ പേജിലുണ്ട്. ജാതിമതഭേദമന്യേ സര്‍വ മനുഷ്യരും വയനാടിനായി കൈകോര്‍ക്കുകയാണ്.
ഇന്നലെ ഷെഫ് പിള്ള ബത്തേരിയിലെ സഞ്ചാരി റെസ്റ്റോറന്റില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ക്കും മറ്റുമായി ആയിരത്തോളം പേര്‍ക്കുള്ള ഭക്ഷണം വിതരണം ചെയ്യും എന്ന് അറിയിച്ചിരുന്നു. ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, എഐവൈഎഫ് എന്നീ യുവജന സംഘടനകളും സന്നദ്ധപ്രവര്‍ത്തകരുമെല്ലാം വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
കുടിവെള്ളം, ബിസ്‌ക്കറ്റ്, ബ്രഡ് പോലുള്ള ഭക്ഷണസാമഗ്രികള്‍, സാനിറ്ററി നാപ്കിന്‍, ഡയപ്പറുകള്‍, വസ്ത്രങ്ങള്‍, പുതപ്പ് അടക്കുള്ള വസ്തുക്കളാണ് ഇവര്‍ ശേഖരിച്ച് ക്യാംപുകളിലെത്തിക്കുന്നത്. അതിനിടെ വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം ഇന്ന് രാവിലെ ഏഴ് മണി മുതല്‍ ആരംഭിച്ചു. നാല് സംഘങ്ങളായി 150 സൈനികരുടെ നേതൃത്വത്തിലാണ് ഇനി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുക.












Click it and Unblock the Notifications