'രാഹുലിന് എന്തുകൊണ്ട് ചെളിയിൽ ഇറങ്ങിക്കൂട?, ഇത്രയും ഭൂരിപക്ഷത്തിൽ ജയിപ്പിച്ചതല്ലേ';ശോഭ സുരേന്ദ്രൻ
വയനാട്ടിൽ എത്രയും പെട്ടെന്ന് ദുരിതബാധിതർക്കായി പുനഃരധിവാസം കണ്ടെത്തണമെന്ന് ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രൻ. എവിടേക്ക് പോകും എന്ന ചോദ്യമാണ് എല്ലാവരും പങ്കുവെയ്ക്കുന്നത്. വയനാട്ടിൽ തന്നെ ഭൂമി കണ്ടെത്തി അവർക്ക് ജീവിക്കാനാവശ്യമായ സൗകര്യങ്ങൾ സർക്കാർ ഏർപ്പെടുത്തണമെന്നും ശോഭ സുരേന്ദ്രൻ വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു.
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയേയും അവർ വിമർശിച്ചു. ജനങ്ങളുടെ മനസ് കേൾക്കാൻ രാഹുൽ തയ്യാറായില്ലെന്നും ഇത്രയും ഭൂരിപക്ഷത്തിൽ ജയിപ്പിച്ച ജനതയ്ക്ക് വേണ്ടി എന്തുകൊണ്ട് രാഹുൽ ഗാന്ധിക്ക് അവർക്കിടയിൽ ഇറങ്ങി പ്രവർത്തിച്ചുകൂടെന്നും ശോഭ സുരേന്ദ്രൻ ചോദിച്ചു.

'എല്ലാവരും ചോദിക്കുന്നത് ഇനി ഞങ്ങൾ എങ്ങോട്ട് പോകും എന്നാണ്. ആ ചോദ്യമാണ് ഇനി ഭരണകുടം അഭിസംബോധന ചെയ്യേണ്ടത്. ദുരന്തം ഉണ്ടാകുമ്പോൾ സഹായം അഭ്യർത്ഥിക്കാനുള്ള ബാധ്യതയും ഉത്തരവാദിത്തവും മുഖ്യമന്ത്രിക്കുണ്ട്. അതിനോട് ഹൃദയം ചേർത്ത് വെച്ചാണ് എല്ലാവരും നീങ്ങുന്നത്. അതിന് ജാതിയോ മതമോ കക്ഷി രാഷ്ട്രീയമോ നോക്കാതെ ആളുകൾ ഇറങ്ങുന്നത് ജനങ്ങളെ സഹായിക്കാനാണ്. അവരുടെ സ്നേഹവും വാത്സല്യവും ഒരുപരിധി വരെ മാത്രമേ ജനങ്ങൾക്ക് കൊടുക്കാനാൂ. അത് കഴിഞ്ഞാൽ ഭരണകുടമാണ് മുന്നോട്ടുള്ള നടപടികൾ കൈക്കൊള്ളേണ്ടത്.
വയനാട്ടിൽ കാലഹരണപ്പെട്ട നിരവധി ഭൂമികളിൽ ഇല്ലേ. അവിടെ ഇവർക്ക് ജീവിക്കാൻ ആവശ്യമായിട്ടുള്ള സംവിധാനങ്ങൾ ഒരുക്കണം. പ്രതിപക്ഷത്തുള്ളവർ ചെയ്യേണ്ടത് ഈ ദുരന്തത്തെ അതിജീവിക്കാനുള്ള നടപടികളിൽ സർക്കാരിനൊപ്പം നിൽക്കുകയെന്നതാണ്. എന്നാൽ എന്തെങ്കിലും തെറ്റ് ഇക്കാര്യത്തിൽ ഉണ്ടായാൽ ഞാനടക്കമുള്ള പ്രതിപക്ഷ നേതാക്കൾ അതിനെ ചോദ്യം ചെയ്യും', ശോഭ സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാന സർക്കാരിന് കേന്ദ്രം നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയോടും അവർ പ്രതികരിച്ചു. 'വയനാട്ടിൽ മുന്നറിയിപ്പ് നൽകിയിട്ടും നടപടിയെടുത്തില്ലെന്ന അമിത് ഷാ പറഞ്ഞ കാര്യം തീർച്ചയായും പരിശോധിക്കപ്പെടണം. രേഖാമൂലമായിരിക്കും ഇത്തരം നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടാകുക. ആ രേഖകൾ മറച്ച് വെയ്ക്കാമെന്ന യാതൊരു വ്യാമോഹവും സർക്കാരിന് വേണ്ട', അവർ പറഞ്ഞു.
ഇത്രയും ഭൂരിപക്ഷത്തിൽ ജയിപ്പിച്ച ജനതയ്ക്ക് വേണ്ടി എന്തുകൊണ്ട് രാഹുൽ ഗാന്ധിക്ക് ചെളിയിൽ ഇറങ്ങിക്കൂടായെന്നും ശോഭാ സുരേന്ദ്രൻ ചോദിച്ചു.. ജനങ്ങളുടെ മനസ് അറിഞ്ഞും അവരുടെ പ്രശ്നങ്ങൾ കേട്ടും രാഹുൽ ഇവിടെ ഇറങ്ങണം. മലയാളം അറിയില്ലെങ്കിൽ പരിഭാഷപ്പെടുത്താൻ രണ്ട് പേരെ കൂടെ കൂട്ടിക്കൂടെ. ജനങ്ങളുടെ മനസറിയാൻ വിമുഖത കാണിച്ചത് കൊണ്ടാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ അദ്ദേഹത്തിനെതിരെ വിമർശനം ഉയർത്തിയതെന്നും ശോഭ പറഞ്ഞു.












Click it and Unblock the Notifications