സർക്കാർ വിളിച്ചു ചേർത്ത ചർച്ച നിരാശാജനകം, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന് ആവർത്തിച്ച് ഡബ്ല്യൂസിസി
തിരുവനന്തപുരം: ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്ത സിനിമാ സംഘടനകളുടെ യോഗം നിരാശാജനകമെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ്. പല കാര്യങ്ങളിലും വ്യക്തത കുറവുണ്ടെന്ന് ഡബ്ല്യൂസിസി അംഗങ്ങള്‍ പറഞ്ഞു. ഡബ്ല്യൂസിസിയെ പ്രതിനിധീകരിച്ച് ബീനാ പോള്‍, പത്മപ്രിയ അടക്കമുളളവരാണ് യോഗത്തില്‍ പങ്കെടുത്തത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണം എന്നുളള നിലപാട് ഡബ്ല്യൂസിസി ചര്‍ച്ചയില്‍ ആവര്‍ത്തിച്ചു.
'അമ്മ മലയാള സിനിമയിലെ ക്യാന്‍സര്‍, ഇടവേള ബാബു ഐസിസിയിലെന്നത് അശ്ലീലം', തുറന്നടിച്ച് പ്രകാശ് ബാരെ
അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിട്ടത് പോലെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും പുറത്ത് വിടണമെന്ന് പത്മപ്രിയ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടിന് രഹസ്യാത്മക സ്വഭാവം ഉണ്ടെന്നാണ് മന്ത്രി സജി ചെറിയാന്‍ പറയുന്നത്. അങ്ങനെയെങ്കില്‍ ആ രഹസ്യാത്മകത നിലനിര്‍ത്തിക്കൊണ്ട് റിപ്പോര്‍ട്ട് പുറത്ത് വിടണം എന്ന് ബീനാ പോള്‍ പറഞ്ഞു. ഇത്രയും പണവും സമയവും ചെലവാക്കി രൂപീകരിച്ച കമ്മിറ്റിയുടെ നിര്‍ദേശങ്ങളെ കുറിച്ച് പറയുമ്പോള്‍ അത് എന്തിനെ അടിസ്ഥാനപ്പെടുത്തിയാണ് എന്നത് വ്യക്തമാക്കണം. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ എന്താണ് എന്ന് അറിയാതെ നിര്‍ദേശങ്ങളെ എങ്ങനെ സമീപിക്കണം എന്ന് തങ്ങള്‍ക്ക് മനസ്സിലായിട്ടില്ലെന്നും ഡബ്ല്യൂസിസി വ്യക്തമാക്കി.
അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണം എന്ന് പറയുന്നവര്‍ക്ക് വേറെ ഉദ്ദേശമാണെന്നാണ് സിനിമ, സാംസ്‌ക്കാരിക വകുപ്പ് മന്ത്രി മന്ത്രി സജി ചെറിയാന്റെ പ്രതികരണം. റിപ്പോര്‍ട്ട് പുറത്ത് വിടേണ്ടതില്ല എന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ടെന്നും സജി ചെറിയാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. റിപ്പോര്‍ട്ട് പുറത്ത് വിടുന്നതിനേക്കാള്‍ ഹേമാ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കുകയാണ് വേണ്ടത്. റിപ്പോര്‍ട്ടിന്റെ ഉളളടക്കം സര്‍ക്കാര്‍ അംഗീകരിച്ചതിന് ശേഷമാണ് തുടര്‍നടപടികളിലേക്ക് കടക്കുന്നത് എന്നും മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി.
ഡബ്ല്യൂസിസിയെ കൂടാതെ എഎംഎംഎ, ഫെഫ്ക, മാക്ട, ഫിലിം ചേമ്പര്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അടക്കമുളള പ്രധാന സിനിമാ സംഘടനകളെല്ലാം യോഗത്തില്‍ പങ്കെടുത്തു. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടുന്നതില്‍ എതിര്‍പ്പില്ലെന്നാണ് അമ്മയെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത നടന്‍ സിദ്ദിഖ് അഭിപ്രായപ്പെട്ടത്. സര്‍ക്കാരിന്റെ 90 ശതമാനം നിര്‍ദേശങ്ങളോടും യോജിക്കുന്നുവെന്നും അമ്മ ഭാരവാഹികള്‍ പറഞ്ഞു. അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഉളളടക്കം അറിയേണ്ട കാര്യമില്ലെന്നും നിര്‍ദേശങ്ങള്‍ അറിഞ്ഞാല്‍ മതിയെന്നുമാണ് ഫിലിം ചേമ്പര്‍ പ്രസിഡണ്ട് സുരേഷ് കുമാര്‍ പ്രതികരിച്ചത്.