'ആ കത്ത് തുറന്നു പോലും നോക്കിയില്ലെന്ന്, ഇതിലും വലിയ നിരുത്തരവാദിത്തം എന്തുണ്ട്'; സുധാകരനെതിരെ പികെ ശ്രീമതി
വയനാട് ഡിസിസി ട്രഷറർ എൻ.എം വിജയന്റെ ആത്മഹത്യയിൽ ഐസി ബാലകൃഷ്ണൻ എംഎൽഎക്കെതിരെ കേസെടുക്കുന്നത് എന്തിനെന്നാണ് ഇന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകൻ ചോദിച്ചത്. വിജയൻ തനിക്ക് അയച്ച കത്ത് വായിച്ചിട്ടില്ലെന്നും അതേസമയം പുറത്തുവന്ന കാര്യങ്ങൾ ഗൗരവകരമാണെന്നും സുധാകരൻ പറഞ്ഞു. ഇപ്പോഴിതാ കത്ത് വായിച്ചില്ലെന്ന എംപിയുടെ പ്രതികരണത്തിൽ രൂക്ഷവിമർശനം ഉയർത്തുകയാണ് മുൻ എംപിയും സിപിഎം നേതാവുമായ പികെ ശ്രീമതി. കത്ത് തുറന്ന് നോക്കിയില്ലെന്ന് പറയുന്നതിലും വലിയ നിരുത്തരവാദിത്തം ഉണ്ടോയെന്ന് അവർ ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. വായിക്കാം
'കോൺഗ്രസ് നേതാവായ അച്ഛനും മകനുംആത്മഹത്യചെയ്തതിന്റെ കാരണം കത്തിലൂടെ എഴുതി അറിയിച്ചിട്ടും ആ കത്ത് തുറന്നു പോലും നോക്കിയില്ല എന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞിരിക്കുകയാണ്. ഇതിലും വലിയ നിരുത്തരവാദിത്വം വേറെ എന്തുണ്ട് ?കണ്ണൂർ മണ്ഡലത്തിലെ പാവപ്പെട്ട ജനങ്ങൾ നൽകുന്ന നിവേദനങ്ങളുടെ സ്ഥിതിയും ഇതു തന്നെയായിരിക്കില്ലേ?

2021 ൽ കോൺഗ്രസ് നേതാവായ എൻ എൻ വിജയൻ അയച്ച കത്ത് വായിച്ച് കൃത്യമായ നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ നിസ്സഹായരായ ആ അച്ഛനും മകനും ജീവനൊടുക്കുന്നതിൽ നിന്ന് അവരെ രക്ഷിക്കാമായിരുന്നില്ലേ. വിജയൻ എഴുതിവെച്ച കത്തിൽ ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്‌ണന്റെ പേരിലും ആരോപണമുന്നയിച്ചിരിക്കുകയാണ്. ഗുരുതരമായ കുറ്റകൃത്യം എംഎൽഎയുൾപ്പടെ നടത്തിയിരിക്കുന്നു എന്ന് എഴുതിവെച്ച് മകനെയും കൂട്ടി ആത്മഹത്യ ചെയ്ത കോൺഗ്രസ് നേതാവിൻ്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ ഒറ്റ കോൺഗ്രസ് നേതാവുമില്ലെന്നോ?
സിപിഐ എമ്മിന് നേരെ പടവാളുയർത്തിയ ചില മാധ്യമ വിശാരദന്മാരുടെ വിചാരണകൾ നടക്കാത്തതെന്ത് ? നിരാലംബരും ദുഃഖാർത്തരുമായ വിജയൻ്റെ കുടുംബത്തെ ആശ്വസിച്ചിക്കാൻ വീട്ടിലെത്തേണ്ട എംപി പ്രിയങ്കാ ഗാന്ധി അവിടെ എത്തിയിട്ടില്ല. എംപിയെ അങ്ങനെയിങ്ങനെയൊന്നും പ്രതീക്ഷിക്കേണ്ടതുമില്ല. വയനാട്ടിലെ ജനങ്ങളുടെ ദുർവിധി എന്നല്ലാതെ എന്തു പറയാൻ. എംഎൽഎക്ക് ഇനി ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാൻ അർഹതയില്ല എത്രയും വേഗത്തിൽ രാജിവെക്കുക എന്നതാണ് മാന്യത. എംപിക്കും കുടുംബം കത്ത് നൽകിയിട്ടുണ്ട് എന്ന് അറിയുന്നു. എന്താണവരുടെ ജനങ്ങളോടുള്ള പ്രതിബദ്ധത? സ്വന്തം സഹപ്രവർത്തകരോട് പോലും ഈ സമീപനമാണെങ്കിൽ സാധാരണജനത്തോട് എന്തായിരിക്കും മനോഭാവം? രണ്ടു വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെട്ടിട്ടും ഒന്ന് സാന്ത്വനിപ്പിക്കാൻ പോലും വരാത്ത ഒരു ജനപ്രതിനിധിക്ക് ആസ്ഥാനത്ത് തുടരാൻ ധാർമ്മികമായി ഒരു അവകാശവുമില്ല'.












Click it and Unblock the Notifications