ശ്വേത മേനോന്‍ അഭിമുഖത്തില്‍ പറഞ്ഞത് ശരിയല്ല; കേസ് കൊടുക്കാന്‍ കാരണം വിശദീകരിച്ച് പരാതിക്കാരന്‍
കൊച്ചി: നടി ശ്വേത മേനോനെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. സിജെഎം കോടതിയുടെ നിര്‍ദേശം കണക്കിലെടുത്താണ് പോലീസ് എഫ്‌ഐആര്‍ രേഖപ്പെടുത്തിയത്. അശ്ലീല രംഗങ്ങളില്‍ അഭിനയിച്ച് നടി പണം സമ്പാദിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് മാര്‍ട്ടിന്‍ മോനാച്ചേരി എന്ന വ്യക്തി പരാതി നല്‍കിയത്.
അനാശാസ്യ നിരോധന നിയമം, ഐടി ആക്ട് എന്നിവ പ്രകാരമാണ് ശ്വേതയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ചു എന്നാണ് പരാതി. താര സംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പും തന്റെ പരാതിയും തമ്മില്‍ ബന്ധമില്ലെന്ന് മാര്‍ട്ടിന്‍ പറയുന്നു. കേസ് കൊടുക്കാനുണ്ടായ കാരണം എന്താണ് എന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു...

അമ്മയിലെ തിരഞ്ഞെടുപ്പും തന്റെ പരാതിയും തമ്മില്‍ ബന്ധമില്ല. താന്‍ ആദ്യം പോലീസില്‍ പരാതി നല്‍കിയത് മാര്‍ച്ച് 17നാണ്. പരാതിയില്‍ നടപടി ഇല്ലാത്തതിനെ തുടര്‍ന്ന് കമ്മീഷണറെ സമീപിച്ചു. തുടര്‍ന്നാണ് സിജെഎം കോടതിയില്‍ പരാതിപ്പെട്ടത്. തന്റെ പരാതിയില്‍ കഴമ്പുണ്ട് എന്ന് കോടതിക്ക് ബോധ്യമായതുകൊണ്ടാണല്ലോ കേസ് എടുക്കാന്‍ നിര്‍ദേശിച്ചത് എന്നും മാര്‍ട്ടിന്‍ പറയുന്നു.
പണം ലഭിച്ചാല്‍ ഇനിയും സെക്ഷ്വല്‍ എക്‌സ്പ്ലിസിറ്റ് ആയ ചിത്രങ്ങളില്‍ അഭിനയിക്കുമെന്ന് ശ്വേത പറയുന്ന അഭിമുഖത്തിന്റെ വീഡിയോ അടുത്തിടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്നാണ് പോലീസില്‍ പരാതിപ്പെടാന്‍ തീരുമാനിച്ചത്. അശ്ലീല വെബ്‌സൈറ്റുകളിലും ശ്വേതയുടെ ചിത്രങ്ങള്‍ ഉണ്ട്. ഉത്തരവാദിത്തമുള്ള ഒരു മലയാളി നടി ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല എന്നും മാര്‍ട്ടിന്‍ പറയുന്നു.
അടുത്ത കാലത്ത് നിയമത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഒരുപാട് വെബ്‌സൈറ്റുകളും യുട്യൂബ് ചാനലുകളും അടുത്ത കാലത്ത് നിരോധിച്ചല്ലോ. നിയമ പ്രകാരം ശ്വേത ചെയ്തത് തെറ്റാണ്. അവര്‍ ഇനിയും അഭിനയിക്കുമെന്ന് അഭിമുഖത്തില്‍ പറഞ്ഞതുകൊണ്ടാണ് പരാതിപ്പെട്ടത്. തനിക്ക് ഇക്കാര്യത്തില്‍ ബാഹ്യസമ്മര്‍ദ്ദങ്ങളില്ല. ഇനി ആരെയൊക്കെ പ്രതി ചേര്‍ക്കണം എന്ന് പോലീസ് അന്വേഷിച്ച ശേഷം തീരുമാനിക്കട്ടെ. നിയമ നടപടിയുമായി മുന്നോട്ട് പോകും. പ്രശസ്തിക്ക് വേണ്ടിയല്ല പരാതി നല്‍കിയത് എന്നും മാര്‍ട്ടിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, ചിത്രങ്ങളില്‍ അഭിനയിച്ച താരത്തിനെതിരെ മാത്രം എന്തുകൊണ്ട് പരാതി നല്‍കി, അതിന്റെ നിര്‍മാതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത് തുടങ്ങി അണിയറയില്‍ പ്രവര്‍ത്തിച്ച പ്രധാനപ്പെട്ടവര്‍ക്കെതിരെ എന്തുകൊണ്ട് പരാതി നല്‍കിയില്ല തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരം ലഭിക്കേണ്ടതുണ്ട്. ആരൊക്കെ ഇനി പ്രതികളാക്കണം എന്ന് പോലീസ് അന്വേഷിച്ച് തീരുമാനിക്കട്ടെ എന്നാണ് മാര്‍ട്ടിന്‍ പറയുന്നത്.
സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശന അനുമതി നല്‍കി പുറത്തിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞ സിനിമയില്‍ അഭിനയിച്ച നടിക്കെതിരെ മാത്രം നല്‍കിയ പരാതി നിലനില്‍ക്കുമോ എന്നും വ്യക്തമല്ല. ശ്വേതക്കെതിരായ നടപടികളുമായി മുന്നോട്ട് പോകാനാണ് പോലീസ് തീരുമാനം. പരാതിയും അമ്മ തിരഞ്ഞെടുപ്പും തമ്മില്‍ ബന്ധമുണ്ട് എന്ന സംശയമാണ് നടി മാലാ പാര്‍വതി പങ്കുവച്ചത്. ഗൂഢാലോചനക്കെതിരെ ശ്വേതയും പരാതി നല്‍കണം എന്നാണ് അവരുടെ അഭിപ്രായം.












Click it and Unblock the Notifications