കേരളത്തില്‍ ചെറിയ പെരുന്നാള്‍ എന്ന്? ഈദുല്‍ ഫിത്തര്‍ വെള്ളിയാഴ്ചയായാല്‍ രണ്ട് ജുമുഅ നടക്കുമോ
ഒരു മാസം നീണ്ട വ്രതമെടുക്കലിന് അന്ത്യം കുറിച്ച് നടക്കുന്ന ആഘോഷമാണ് ഈദുല്‍ ഫിത്തര്‍ അഥവാ ചെറിയ പെരുന്നാള്‍. നോമ്പെടുത്ത് വിശന്ന് ദൈവ മാര്‍ഗത്തില്‍ ഓരോ ദിവസവും ചെലവഴിച്ചതിന് അല്ലാഹു അനുവദിച്ച ആഘോഷമാണിതെന്ന് ഇസ്ലാം മത വിശ്വാസികള്‍ കരുതുന്നു. പുതു വസ്ത്രങ്ങള്‍ അണിഞ്ഞും കുടുംബ വീടുകള്‍ സന്ദര്‍ശിച്ചുമെല്ലാം ആഘോഷം കെങ്കേമമാക്കുകയാണ് പതിവ്.
റമദാന്‍ മാസത്തിലാണ് മുഹമ്മദ് നബിക്ക് ഖുര്‍ആന്‍ അവതീര്‍ണമായത്. അതുകൊണ്ടാണ് ഈ മാസം മുഴുവന്‍ വ്രതമെടുക്കാന്‍ ദൈവം കല്‍പ്പിച്ചതത്രെ. ഈ മാസത്തില്‍ ചെയ്യുന്ന ഓരോ പുണ്യ പ്രവര്‍ത്തികള്‍ക്കും ദൈവത്തിന്റെ അടുക്കല്‍ വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് വിശ്വാസം. പാവങ്ങളെ സഹായിക്കല്‍, സംസാരത്തിലും പ്രവര്‍ത്തനങ്ങളിലുമുള്ള സൂക്ഷ്മത എന്നിവയെല്ലാം വ്രതമെടുക്കുന്നവര്‍ ചെയ്യേണ്ടതാണ്.

എന്നാണ് കേരളത്തില്‍ ചെറിയ പെരുന്നാള്‍ എന്ന ചോദ്യമാണ് ഇനി ഉയരുന്നത്. ഓരോ അറബ് മാസവും 29 ദിവസമോ 30 ദിവസമോ ആണ് സാധാരണയുണ്ടാകാറ്. ചാന്ദ്ര മാസപ്പിറവി അടിസ്ഥാനമാക്കിയാണ് ഇവ നിശ്ചയിക്കുക. റമദാന്‍ മാസം കഴിഞ്ഞാല്‍ ശവ്വാല്‍ മാസപ്പിറവിയായി ചന്ദ്രനെ കണ്ടാല്‍ പെരുന്നാള്‍ ഉറപ്പിക്കാം. റമദാന്‍ 29 ദിവസമാണെങ്കില്‍ പെരുന്നാള്‍ വെള്ളിയാഴ്ചയാകും. 30 ദിവസമാണെങ്കില്‍ പെരുന്നാള്‍ ശനിയാഴ്ചയും.
വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ആകും കേരളത്തില്‍ ചെറിയ പെരുന്നാള്‍. ശവ്വാല്‍ മാസപ്പിറവി കാണുന്നതിന് അനുസരിച്ച് മുസ്ലിം പണ്ഡിതന്മാരാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. മാസപ്പിറവി കണ്ണ് കൊണ്ട് കാണണം എന്നാണ് പ്രബല അഭിപ്രായം. അങ്ങനെ കാണുന്നവര്‍ പണ്ഡിതന്മാര്‍ക്ക് മുമ്പിലെത്തി കാര്യങ്ങള്‍ പറയുകയും പിന്നീട് നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷം ഖാസിമാര്‍ പെരുന്നാള്‍ പ്രഖ്യാപിക്കുകയും ചെയ്യും.
കേരളത്തില്‍ ചെറിയ പെരുന്നള്‍ ദിനം പൊതു അവധിയാണ്. ഏപ്രില്‍ 21 വെള്ളിയാഴ്ചയാണ് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇനി ശനിയാഴ്ചയാണ് പെരുന്നാള്‍ വരുന്നതെങ്കില്‍ അവധി നീട്ടുകയാണ് ചെയ്യുക. ശനിയാഴ്ച പെരുന്നാള്‍ വരികയാണെങ്കില്‍ വ്യാഴാഴ്ച അടയ്ക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ തിങ്കളാഴ്ചയേ തുറക്കൂ എന്ന് സാരം.

എല്ലായിടത്തും ഒരേ ദിവസം തന്നെ പെരുന്നാള്‍ ആഘോഷം നടന്നു എന്ന് വരില്ല. ചാന്ദ്ര മാസപ്പിറവി ദൃശ്യമാകുന്നതിനെ ആശ്രയിച്ച് മാറ്റമുണ്ടാകും. കേരളത്തില്‍ പെരുന്നാള്‍ ആഘോഷം കഴിഞ്ഞ് തൊട്ടടുത്ത ദിവസമാണ് ഇന്ത്യയിലെ പല ഭാഗങ്ങളിലും പെരുന്നാള്‍ ആഘോഷിക്കാറ്. ഗള്‍ഫില്‍ പെരുന്നാള്‍ ശനിയാഴ്ച ആയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
പെരുന്നാളിനോട് അനുബന്ധിച്ച് മുസ്ലിങ്ങള്‍ നടത്തുന്ന ഒന്നാണ് ഫിത്തര്‍ സക്കാത്ത്. നോമ്പ് ഒന്ന് മുതല്‍ പെരുന്നാള്‍ ദിനത്തിലെ സൂര്യന്‍ ഉദിക്കുന്നതിന് മുമ്പ് വരെയുള്ള ഏത് സമയവും ഈ സക്കാത്ത് കൊടുക്കാമെന്നാണ് പറയുന്നത്. മുസ്ലിമായ ഓരോ വ്യക്തിയും ഈ സക്കാത്ത് നല്‍കണം. ഇപ്പോള്‍ പിറന്ന കുഞ്ഞിന് പോലും ഗൃഹനാഥന്‍ സക്കാത്ത് കൊടുക്കണമത്രെ. രണ്ട് കിലോ 600 ഗ്രാം ധാന്യമാണ് കൊടുക്കേണ്ടത്.
വെള്ളിയാഴ്ച ദിനത്തിലാണ് ചെറിയ പെരുന്നാള്‍ വരുന്നതെങ്കില്‍ രണ്ട് ജുമുഅ നടക്കും. പെരുന്നാളിനോട് അനുബന്ധിച്ച ജുമുഅ നിസ്‌കാരം അതിരാവിലെ ആയിരിക്കും. വെള്ളിയാഴ്ചയിലെ ജുമുഅ പതിവ് പോലെ ഉച്ചയ്ക്കും. രണ്ട് ജുമുഅ നടക്കേണ്ടതിനാല്‍ പെരുന്നാള്‍ ജുമുഅ രാവിലെ എട്ട് മണിക്ക് മുമ്പ് തന്നെ കഴിയുന്നതാണ് പതിവ്.












Click it and Unblock the Notifications