വി.എസ്-പിണറായി യുദ്ധത്തിലെ മധ്യസ്ഥന്‍; അടിമുടി പാര്‍ട്ടിയായി ജീവിച്ച കോടിയേരി വിടപറയുമ്പോള്‍
കോടിയേരി ബാലകൃഷ്ണന്‍ വിടവാങ്ങുമ്പോള്‍ സി പി ഐ എമ്മിന് നഷ്ടമാകുന്നത് പാര്‍ട്ടിക്കുള്ളിലെ നയതന്ത്രജ്ഞനെ. സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ സി പി ഐ എം കടന്നുപോയപ്പോഴെല്ലാം പാര്‍ട്ടിയിലെ മധ്യസ്ഥന്റെ റോള്‍ വഹിക്കാനും അത് വിജയത്തിലെത്തിക്കാനും കോടിയേരി ബാലകൃഷ്ണന് നിഷ്പ്രയാസം കഴിഞ്ഞിരുന്നു.
പിണറായിയോട് ചേര്‍ന്ന് നില്‍ക്കുമ്പോഴും വി.എസ് എന്ന മഹാമേരുവിനെ പാര്‍ട്ടിയില്‍ നിലനിര്‍ത്തിയതിലും വി.എസിന്റെ പൊട്ടിത്തെറികളെ സൗമ്യമാക്കിയതിലും കോടിയേരിക്കുള്ള പങ്ക് പറഞ്ഞറിയിക്കാനാവത്തതാണ്. കോടിയേരി ബാലകൃഷ്ണന്‍, പിണറായി വിജയന്‍ നയിച്ച ഔദ്യോഗിക പക്ഷത്തിന്റെ ഭാഗമാണ് എന്ന് അറിഞ്ഞിട്ടും ഏത് പ്രക്ഷുബ്ധഘട്ടത്തിലും വി.എസിനെ കാണാന്‍ അനുവാദമുള്ള നേതാവ് കൂടിയായിരുന്നു അദ്ദേഹം.

പാര്‍ട്ടി പ്രത്യയശാസ്ത്രത്തെ മുറുകെ പിടിക്കുന്നതോടൊപ്പം തന്നെ കാര്‍ക്കശ്യമല്ലാത്ത നിലപാടുകളിലൂടെ മുന്നിലിരിക്കുന്നയാളെ കേള്‍ക്കാന്‍ മനസ് കാണിച്ച നേതാവ് കൂടിയാണ് സി പി ഐ എമ്മിന് നഷ്ടമാകുന്നത്. സി പി ഐ എമ്മില്‍ മുമ്പുള്ളതിനേക്കാള്‍ കൂടുതല്‍ കണ്ണൂര്‍ ലോബി ശക്തിയാര്‍ജിക്കുന്നതും പിണറായി-കോടിയേരി കാലത്തിലാണ്.

2006 ലെ എല്‍ ഡി എഫ് സര്‍ക്കാരില്‍ അക്ഷരാര്‍ത്ഥത്തില്‍ വി എസ് എന്ന മുഖ്യമന്ത്രിയെ സി പി ഐ എം നിയന്ത്രിച്ചത് കോടിയേരി ബാലകൃഷ്ണന്‍ എന്ന ആഭ്യന്തര മന്ത്രിയിലൂടെയായിരുന്നു. എന്നാല്‍ സി പി ഐ എം സമ്മേളനങ്ങളിലും മറ്റുമെല്ലാം പിണറായിയുടെ നിഴലായി നില്‍ക്കുമ്പോഴും കോടിയേരി വി എസിന് നല്‍കിയ ആദരവ് എത്രയോ തവണ മാധ്യമങ്ങളില്‍ നിറഞ്ഞിട്ടുണ്ട്.

അക്ഷരാര്‍ത്ഥത്തില്‍ വി.എസിനും പിണറായിയ്ക്കുമിടയില്‍ പ്രവര്‍ത്തിച്ച ഒരു കമ്മ്യൂണിസ്റ്റ് പാലമായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. 2016 ലെ തെരഞ്ഞെടുപ്പില്‍ വി.എസിന് വീണ്ടും മുഖ്യമന്ത്രി സ്ഥാനം എന്ന ആവശ്യം ചര്‍ച്ചയായി വന്നപ്പോള്‍ സീതാറാം യെച്ചൂരിയെ ഉള്‍പ്പെടുത്തി വി.എസിനെ അനുനയിപ്പിക്കുന്നതിലും കോടിയേരി വിജയിച്ചിരുന്നു.

സൗഹൃദം തന്നെയായിരുന്നു ഇതിനെല്ലാം കോടിയേരിയുടെ കൈമുതല്‍. പാര്‍ട്ടിക്കാരോടും എതിരാളികളോടും സൗമ്യമായി ചിരിക്കുന്ന കോടിയേരി പതിവ് കാഴ്ചയാണ്. പൊതുവെ മാധ്യമങ്ങളെ അകറ്റി നിര്‍ത്തുന്ന കമ്മ്യൂണിസ്റ്റ് കാര്‍ക്കശ്യം കോടിയേരിക്ക് അന്യമായിരുന്നു. മാധ്യമങ്ങളെ എല്ലാ പ്രക്ഷുബ്ദ ഘട്ടങ്ങളിലും ചിരിച്ച് കൊണ്ട് തന്നെയായിരുന്നു കോടിയേരി നേരിട്ടത്.

പിണറായിയുമായുള്ള സൗഹൃദം സി പി ഐ എമ്മിന്റെ കണ്ണൂരിലെ രാഷ്ട്രീയത്തിന് പുതിയ പാതയാണ് നല്‍കിയത്. പിണറായി വിജയന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നണ് കോടിയേരി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാകുന്നത്. പിന്നീട് 1990 മുതല്‍ 95 വരെ കോടിയേരി ബാലകൃഷ്ണന്‍ സി പി ഐ എമ്മിനെ കണ്ണൂരില്‍ നയിച്ചു. ഒടുവില്‍ സി പി ഐ എം സംസ്ഥാന സെക്രട്ടറിയാകുന്നതും പിണറായി ആ സ്ഥാനം ഒഴിഞ്ഞതിന് ശേഷമാണ്.












Click it and Unblock the Notifications