പോര് മൂര്‍ച്ചിച്ച് കോണ്‍ഗ്രസ്; കൊടിക്കുന്നിലിനെതിരെ സൈബര്‍ ആക്രമണം, പുതിയ പാര്‍ട്ടിയെന്ന് സുധാകരന്‍ അനുകൂലികൾ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി വിഡി സതീശനെ ഹൈക്കമാന്‍ഡ് നിശ്ചയിച്ചപ്പോള്‍ കോണ്‍ഗ്രസിനുള്ളില്‍ വലിയ സൈബര്‍ പ്രതിഷേധം ഒന്നും ഉയര്‍ന്നിരുന്നില്ല. എന്നാല്‍ കെപിസിസി പ്രസിഡന്റിന്റെ കാര്യത്തില്‍ അങ്ങനെയാവില്ലെന്ന് ഇപ്പോള്‍ വ്യക്തമായിക്കഴിഞ്ഞിരിക്കുകയാണ്.
തങ്ങള്‍ പിന്തുണയ്ക്കുന്നവര്‍ക്ക് വേണ്ടി സാമൂഹ്യ മാധ്യമങ്ങളില്‍ അങ്കംവെട്ടാനിറങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ് അനുകൂലികള്‍. അതില്‍ ഏറ്റവും ശക്തം കെ സുധാകരനെ പിന്തുണയ്ക്കുന്നവരാണ്. പുതിയ പാര്‍ട്ടിയുണ്ടാക്കിക്കളയും എന്ന ഭീഷണി വരെ മുഴക്കുന്നുണ്ട് ഇവര്‍. പരിശോധിക്കാം...
ഉക്രെയിനില്‍ നിന്ന് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഇന്ത്യയിലെത്തി: ചിത്രങ്ങള്‍

സുധാകരന്‍ വരണം
കെ സുധാകരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ- എന്ന പതിവ് പല്ലവി തന്നെയാണ് സോഷ്യല്‍ മീഡിയയിലും ഒരു വിഭാഗം ഉയര്‍ത്തുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ പരാജയം ഏറ്റുവാങ്ങിയപ്പോഴും ഇത്തരം ഒരു ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ അന്ന് നേതൃമാറ്റം എന്നത് ഹൈക്കമാന്‍ഡിന്റെ അജണ്ടയില്‍ ഉണ്ടായിരുന്നില്ല.

അണികളുടെ ആവേശം
അണികളില്‍ ആവേശം ഉണ്ടാക്കാനും അടിത്തട്ട് മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനും കെ സുധാകരനെ പോലെ ഒരു നേതാവ് തന്നെ കെപിസിസി അധ്യക്ഷ പദവിയില്‍ എത്തണം എന്നാണ് വാദം. എന്നാല്‍ ഇത്രയും ശക്തനായ കെ സുധാകരന്റെ സ്വന്തം ജില്ലയില്‍ എന്താണ് കോണ്‍ഗ്രസിന്റെ സ്ഥിതി എന്ന മറുചോദ്യവും ഉണ്ട്.

കൊടിക്കുന്നിലിന് വേണ്ടി
ഇതിനിടെയാണ് കൊടിക്കുന്നില്‍ സുരേഷിന് വേണ്ടി എ, ഐ ഗ്രൂപ്പുകള്‍ രംഗത്തെത്തുന്നത്. ഇതോടെയാണ് സുധാകരനെ പിന്തുണയ്ക്കുന്നവര്‍ക്ക് ഹാലിളകിയത്. പ്രതിപക്ഷനേതൃപദവി പോലെ ഗ്രൂപ്പുകളെ തള്ളിക്കളഞ്ഞുകൊണ്ടുള്ള ഒരു തീരുമാനം ഹൈക്കമാന്‍ഡ് എടുക്കില്ല എന്ന സൂചന കൂടി ലഭിച്ചതോടെ ആക്രമണം കൊടിക്കുന്നിലിന് നേര്‍ക്കായി.

ദളിത് അധ്യക്ഷന്‍
ഇത്തവണ കേരളത്തിലെ കോണ്‍ഗ്രസിന് ഒരു ദളിത് അധ്യക്ഷന്‍ വേണം എന്ന നിലയ്ക്കാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. നാല് പതിറ്റാണ്ടിലേറെയായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ആളും ആണ് കൊടിക്കുന്നില്‍. എംപിയിം മുന്‍ കേന്ദ്രമന്ത്രിയും നിലവിലെ കെപിസിസി വര്‍ക്കിങ് പ്രസിഡന്റും ആണ് അദ്ദേഹം.

തിരഞ്ഞെടുപ്പ് ജയങ്ങള്‍
ഒമ്പത് തവണയാണ് കൊടിക്കുന്നില്‍ സുരേഷ് പാര്‍ലമെന്റിലേക്ക് മത്സരിച്ചത്. അതില്‍ ഏഴ് തവണയും വിജയം അദ്ദേഹത്തോടൊപ്പമായിരുന്നു. 1998 ലും 2004 ലും മാത്രമാണ് പരാജയം ഏറ്റുവാങ്ങിയത്. അടൂര്‍ മണ്ഡലത്തില്‍ സിപിഐയുടെ ചെങ്ങറ സുരേന്ദ്രനോടായിരുന്നു രണ്ട് തവണയും തോറ്റത്. ഇതേ ചെങ്ങറ സുരേന്ദ്രനെ പിന്നീട് പരാജയപ്പെടുത്തുകയും ചെയ്തു.

സുധാകരന്റെ പ്രായം പ്രശ്‌നം
എഴുപത് വയസ്സ് കഴിഞ്ഞവരെ ഇനി മുതല്‍ രാഷ്ട്രീയകാര്യ സമിതിയില്‍ ഉള്‍പ്പെടുത്തിയാല്‍ മതി എന്ന നിര്‍ദ്ദേശം ചവാന്‍ സമിതിയ്ക്ക് മുന്നില്‍ വന്നതും സുധാകരന് പ്രശ്‌നമാണ്. സുധാകരന്റെ ഭാഷയും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിട്ടുള്ള ഒന്നാണ്. ഗ്രൂപ്പുകളുടെ അതൃപ്തിയ്ക്ക് പുറമേ ഈ വിഷയങ്ങളും തിരിച്ചടിയേയാക്കുമെന്നാണ് വിലയിരുത്തല്‍.

പ്രതികാരം കൊടിക്കുന്നിലിന് മേല്‍
കൊടിക്കുന്നില്‍ സുരേഷിനെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്ന വാര്‍ത്തകള്‍ വന്നതിന് പിറകെ 'സുധാകരന്‍ ആര്‍മി' പണി തുടങ്ങി. കൊടിക്കുന്നിലിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ വലിയ പ്രതിഷേധമാണ് ഇവര്‍ ഉയര്‍ത്തുന്നത്. ഒരു ബന്ധവും ഇല്ലാത്ത പോസ്റ്റിലും ഭൂരിപക്ഷം കമന്റുകളും ഇങ്ങനെ തന്നെ.

പാര്‍ട്ടി പിളര്‍ത്തിക്കളയും
ഇതിനിടെ സുധാകരന്‍ അനുകൂലികള്‍ മറ്റൊരു ഭീഷണിയും ഉയര്‍ത്തുന്നുണ്ട്. സുധാകരനെ കെപിസിസി പ്രസിഡന്റ് ആക്കിയില്ലെങ്കില്‍ പാര്‍ട്ടി പിളര്‍ത്തിക്കളയും എന്നതാണത്. ഗ്രൂപ്പ് കളി തുടരുകയാണെങ്കില്‍ കെ സുധാകരന്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമാകണം എന്ന് പറയുന്നവരും ഉണ്ട് ഇക്കൂട്ടത്തില്‍.

കൊടിക്കുന്നില്‍ തയ്യാര്‍
കെപിസിസി അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ ഉള്ള താത്പര്യം കെ സുധാകരനെ പോലെ തന്നെ പരസ്യമാക്കിയിട്ടുള്ള ആളാണ് കൊടിക്കുന്നില്‍ സുരേഷും. പ്രസിഡന്റ് പദവിയ്ക്ക് എന്തുകൊണ്ടും താന്‍ യോഗ്യനാണെന്നാണ് അദ്ദേഹം പറയുന്നത്. ദളിതരെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കാത്ത അയിത്തം കേരളത്തില്‍ മാത്രമേ ഉള്ളു എന്ന പരിഭവവും അദ്ദേഹം പങ്കുവച്ചിരുന്നു.

അല്‍പം പാടുപെടും
എന്തായാലും പുതിയ കെപിസിസി അധ്യക്ഷനെ നിശ്ചയിക്കുന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് ഇത്തിരി പാടുമെടും എന്ന് ഉറപ്പാണ്. ഇക്കാര്യത്തിലും ഗ്രൂപ്പ് നിലപാടുകള്‍ പരിഗണിക്കാന്‍ ഹൈക്കമാന്‍ഡ് തയ്യാറായില്ലെങ്കില്‍, പുതിയ പ്രസിഡന്റിന് എങ്ങനെ പ്രവര്‍ത്തിക്കാന്‍ ആകും എന്നതും കാത്തിരുന്ന് കാണേണ്ടി വരും.
സൂപ്പര്‍ ലുക്കില്‍ തിളങ്ങി ഷാരൂഖിന്റെ മകള്‍ സുഹാന; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications