ആര് വന്നാലും കണ്ണീർ തോരുന്നില്ല, കുടിവെള്ളവും വെള്ളപ്പൊക്കവും കുട്ടനാട്ടിൽ തെരഞ്ഞെടുപ്പ് വിഷയങ്ങൾ
വെള്ളം കൂടിയാലും കുറഞ്ഞാലും പ്രശ്നമാണ് കുട്ടനാട്ടിൽ. ശുദ്ധജലത്തിനായി അവർ മുറവിളി കൂട്ടാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തെങ്കിലും വേനൽക്കാലത്ത് വെള്ളത്തിനായി പരക്കംപായണം. മഴ ശക്തമായാൽ കാര്യങ്ങളെല്ലാം കൈവിട്ടുപോകും. മടവീഴ്ചയിൽ സ്വപ്നങ്ങൾ ഒലിച്ചുപോയ കർഷകർ എത്രയെത്ര.
കഴിഞ്ഞ 10 വർഷം ഒരേ സർക്കാർ ഭരിച്ചിട്ടും തങ്ങളുടെ കണ്ണീർ ആരും കണ്ടില്ല എന്ന് സങ്കടപ്പെടുന്ന കുട്ടനാട്ടുകാർക്ക് മുന്നിലേക്കാണ് ഇത്തവണയും മൂന്ന് മുന്നണികളും വോട്ട് ചോദിച്ചെത്തുന്നത്. പ്രധാനമായും അവർ ഉന്നയിക്കുന്ന വിഷയം കുടിവെള്ളം തന്നെയാണ്. കർഷകരടക്കമുള്ളവരുടെ ജീവിതപ്രശ്നങ്ങൾക്ക്, പ്രത്യേകിച്ച് കൊയ്ത്തുകാലത്ത്, നേരെ സർക്കാർ മുഖംതിരിച്ചുവെന്ന പരാതി ഇവിടെ വ്യാപകമാണ്. പുറംബണ്ട് സംവിധാനത്തിന് ശാസ്ത്രീയമായ പദ്ധതികളില്ലാത്തതാണ് പ്രശ്നമായി ഇവർ ചൂണ്ടിക്കാണിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എ.സി റോഡ് വികസനമാണ് ഇടതുമുന്നണി ഉയർത്തിക്കാട്ടുന്നത്. പ്രളയത്തെ അതിജീവിക്കാൻ 24 കിലോമീറ്റർ ദൈർഘ്യത്തിൽ നവീകരിച്ച ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് സർക്കാറിന്റെ അഭിമാനപദ്ധതിയാണെങ്കിലും നീറുന്ന പ്രശ്നങ്ങൾ ഇനിയും പരിഹരിക്കപ്പെടാതെയുണ്ടെന്നത് യാഥാർഥ്യമാണ്. ഈ ജീവിതപ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്ന വോട്ടർമാർക്കിടയിലേക്ക് പോരിനിറങ്ങുന്നത് മൂന്ന് മുന്നണികളുടെയും ഘടകക്ഷികൾ തന്നെയാണ്. എൻസിപിയുടെ ജില്ലയിലെ ഏക സിറ്റിങ് സീറ്റിൽ രണ്ടാംമൂഴം തേടി എൽഡിഎഫിനായി മത്സരിക്കുന്നത് തോമസ് കെ. തോമസാണ്. സ്ഥാനാർഥി നിർണയത്തെ ചൊല്ലി പാർട്ടിക്കുള്ളിലുണ്ടായ പ്രതിഷേധത്തെ മറികടന്നാണ് തോമസ് കെ. തോമസ് സീറ്റ് നേടിയെടുത്തത്. അതിന്റെ പ്രത്യാഘാതങ്ങൾ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല.
ഇടതുമുന്നണിയിലും തർക്കങ്ങളും പടലപ്പിണക്കവുമുണ്ട്. സിപിഎം-സിപിഐ പോര് പരിഹരിക്കപ്പെടാതെ കിടപ്പുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുകോട്ടകളിൽ വിള്ളലുണ്ടാക്കി കരുത്ത് കാട്ടാൻ യുഡിഎഫിനെ സഹായിച്ചത് ഈ പോരാണെങ്കിലും വോട്ടുകണക്കിൽ എൽഡിഎഫാണ് മുന്നിൽ. 'ചെയ്യാൻ കഴിയുന്നതേ പറയൂ, പറഞ്ഞത് ചെയ്യും എന്നതാണ് ഇടതുമുന്നണിയുടെ പ്രത്യേകത. കുട്ടനാട്ടിൽ അഞ്ചുവർഷം മുമ്പ് പ്രകടന പത്രികയിൽ പറഞ്ഞതിലധികം ചെയ്യാനായി’ എന്നാണ് മുൻമന്ത്രി തോമസ് ചാണ്ടിയുടെ സഹോദരനായ തോമസ് കെ. തോമസ് പറയുന്നത്. എൻസിപി സംസ്ഥാന പ്രസിഡന്റും ദേശീയ പ്രവർത്തക സമിതി അംഗവും പാർലമെന്ററി പാർട്ടി നേതാവുമായ അദ്ദേഹം കുവൈത്ത് കേരള സ്പോർട്സ് ക്ലബ് പ്രസിഡന്റ്, പ്രവാസി പരാതി പരിഹാര സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
പ്രമുഖ വ്യവസായിയും കേരള കോൺഗ്രസ്-ജോസഫ് വിഭാഗം വൈസ് ചെയർമാനുമായ റെജി ചെറിയാനാണ് യുഡിഎഫ് സ്ഥാനാർഥി. പേയ്മെന്റ് സീറ്റാണെന്ന് ആരോപിച്ച് പാർട്ടിവിട്ട കോൺഗ്രസ് നേതാവ് സജി ജോസഫ് വിമതനായി രംഗത്തെത്തിയെങ്കിലും പിന്നീട് പത്രിക പിൻവലിച്ചത് യുഡിഎഫിന് ആശ്വാസമായിട്ടുണ്ട്. എങ്കിലും കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ അതൃപ്തി ഭീഷണി തന്നെയാണ്. എൻജിനീയറിങ് രംഗത്ത് മൂന്നര പതിറ്റാണ്ട് പ്രവർത്തനപരിചയവും ഗൾഫ് നാടുകളിൽ സ്വന്തമായ സംരംഭങ്ങളിലൂടെ വിജയഗാഥ രചിച്ച ചരിത്രവുമുള്ള റെജി ചെറിയാൻ മണ്ഡലത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ മികവുള്ളയാളാണെന്നാണ് യുഡിഎഫ് ഉയർത്തിക്കാട്ടുന്നത്.
'അടിസ്ഥാന ആവശ്യങ്ങളായ കുടിവെള്ളത്തിനും സഞ്ചാരയോഗ്യമായ റോഡിനും വേണ്ടി ജനം കേഴുന്ന ഗതികേടിന്റെ അവസ്ഥ മാറിയേ മതിയാകൂ. കുട്ടനാടിന്റെ നല്ല നാളേക്കായുള്ള പോരാട്ടത്തിനാണ് ഞാൻ ഇറങ്ങിയിരിക്കുന്നത്’-റെജി ചെറിയാൻ പറയുന്നു. 'കുട്ടനാടൻ ജനതയുടെ ആത്മാഭിമാനത്തെ പണാധിപത്യംകൊണ്ട് ചോദ്യം ചെയ്യരുത്’ എന്ന് ചൂണ്ടിക്കാട്ടിയാണ് എൻഡിഎ സ്ഥാനാർഥിയായ സന്തോഷ് ശാന്തി കന്നിയങ്കത്തിന് രംഗത്തുള്ളത്. ബിഡിജെഎസ് ജില്ല പ്രസിഡന്റും വൈദിക യോഗത്തിന്റെ സംസ്ഥാന സെക്രട്ടറിയുമാണ് സന്തോഷ് ശാന്തി. എസ്എൻ ട്രസ്റ്റ് ബോർഡ് അംഗവും എസ്എൻഡിപി കുട്ടനാട് യൂനിയൻ കൺവീനറും തിരുവല്ല യൂനിയൻ അഡ്മിനിസ്ട്രേറ്ററുമാണ്. എസ്എൻഡിപി ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമായിരുന്നു.
2021ൽ 5,516 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് ഇവിടെ ജയിച്ചത്. തോമസ് കെ. തോമസ്- 57,379, ജേക്കബ് എബ്രഹാം -51,863, തമ്പി മേട്ടുത്തറ -14,946 എന്നിങ്ങനെയായിരുന്നു വോട്ടുനില. ലോക്സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ കൊടിക്കുന്നിൽ സുരേഷിന് മണ്ഡലത്തിൽ നിന്നുള്ള ഭൂരിപക്ഷം 871 ആയിരുന്നു. കൊടിക്കുന്നിൽ 45,736 വോട്ടും എൽഡിഎഫിന്റെ സി.എ. അരുൺകുമാർ 44,865 വോട്ടും എൻഡിഎയുടെ ബൈജു കലാശാല 15,553 വോട്ടും നേടി.തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്-46,456, യുഡിഎഫ്-45,953, എൻഡിഎ-22,097 എന്നിങ്ങനെയാണ് വോട്ട് നില.












Click it and Unblock the Notifications