എന്തുകൊണ്ട് സുരേഷ് ഗോപിയേും ജോർജിനേയും മുകേഷിനേയും ആളുകൾ വിളിക്കുന്നു? പിസി ജോർജിന്റെ മറുപടി ഇങ്ങനെ
തിരുവനന്തപുരം; 'ഇ ബുൾ ജെറ്റ്', കിഴഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലും വാർത്തകളിലും നിറഞ്ഞ് നിന്ന പേരായിരുന്നു ഇത്. നിയമ വിരുദ്ധമായി വാഹനം മോഡിഫിക്കേഷൻ ചെയ്തതിന് വ്ലോഗർമാരായ സഹോദരങ്ങളുടെ വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തതായിരുന്നു സംഭവങ്ങളുടെ തുടക്കം. പിന്നാലെ വ്ലോഗർമാർ സ്റ്റേഷനിൽ എത്തി നടത്തിയ പരാക്രമങ്ങളും തുടർന്നുണ്ടായ അറസ്റ്റും ഇവരുടെ ഫാൻസുകാരെന്ന് പറയപ്പെടുന്നവരുടെ നിയമ ലംഘന ആഹ്വാനവുമെല്ലാമായിരുന്നു വാർത്തകളായത്.
ഈ കോലാഹലങ്ങൾക്കിടയിൽ മറ്റൊരു കാര്യം കൂടി സോഷ്യൽ ലോകത്ത് വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇ ബുൾ ജെറ്റ്' സഹോദരന്മാരെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ എംപിയായ സുരേഷ് ഗോപി, കൊല്ലം എംഎൽഎ എം മുകേഷ്, പൂഞ്ഞാർ മുൻ എംഎൽഎ പി സി ജോർജ് എന്നിവരെ ഫോണിൽ വിളിച്ച് ആരാധകർ പിന്തുണ തേടുന്നതും നേതാക്കളുടെ പ്രതികരണങ്ങളുടെ ഓഡിയോയുമായിരുന്നു ഇത്. നേതാക്കളുടെ മറുപടികൾ ചില ട്രോളുകൾക്കും കാരണമായിരുന്നു. എന്തിനാണ് ഈ വിഷയത്തിൽ തങ്ങളെ വിളിക്കുന്നതെന്നായിരുന്നു മുകേഷ് വിളിച്ചവരോട് ചോദിച്ചത്. എന്നാൽ ഈ ബുൾ ജെറ്റ് വിഷയത്തിൽ ഉൾപ്പെടെ ജനങ്ങൾ എന്തുകൊണ്ടാണ് തങ്ങളെ നിരന്തരം ബന്ധപ്പെടുന്നതെന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് ജനപക്ഷം നേതാവും മുൻ പൂഞ്ഞാർ എംഎൽഎയുമായ പിസി ജോർജ്.

നാട്ടിലെ വിഷയങ്ങളിലെ നേതാക്കളെ വിളിക്കുന്നതും അവരുടെ പ്രതികരണങ്ങൾ റെക്കോഡ് ചെയ്ത് വൈറലാക്കുന്നതുമാണ് ഇപ്പോഴുള്ള പ്രവണത. നേരത്തേ പാലക്കാട് നിന്നും സുഹൃത്തിവേണ്ടി ഫോൺ വേണം എന്നാവശ്യപ്പെട്ട് മുകേഷിനെ ഒരു വിദ്യാർത്ഥി വിളിച്ചതും അതിൽ എംഎൽഎയുടെ പ്രതികരണവുമെല്ലാം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇതിന്റെ ഓഡിയോ പുറത്തുവന്നതോടെ നിരവധി പേർ എംഎൽഎയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.തുടർന്ന് മുകേഷ് വിഷയത്തിൽ മാപ്പ് പറയുകയായിരുന്നു.

കഴിഞ്ഞ ദിവസം ഇ ബുൾ വിഷയത്തിലും ചിലർ മുകേഷിനെ ബന്ധപ്പെട്ടു. എന്നാൽ വിഷയം എന്താണെന്ന് പോലും എംഎൽഎയ്ക്ക് തുടക്കത്തിൽ പിടികിട്ടിയിരുന്നില്ല. ഒടുക്കം കാര്യം മനസിലായപ്പോൾ അന്വേഷിച്ചിട്ട് ചെയ്യാമെന്ന് മുകേഷ് മറുപടി നൽകി. അതേസമയം സുരേഷ് ഗോപിയെ വിളിച്ചപ്പോളുള്ള പ്രതികരണം സോഷ്യൽ മീഡിയയിൽ വൻ വൈറലായിരുന്നു. പെരുമ്പാവൂർ സ്വദേശിയായിരുന്നു സുരേഷ് ഗോപിയെ വിളിച്ചത് .അദ്ദേഹത്തിന് തുടക്കത്തിൽ എന്തിനെ കുറിച്ചാണ് പറഞ്ഞതെന്ന് മനസിലായില്ല. കാര്യം മനസിലായതോടെ മുഖ്യമന്ത്രിയെ സമീപിക്കുവെന്നായിരുന്നു നിർദ്ദേശം.

മോട്ടോര്‍ വാഹന വകുപ്പെല്ലാം മുഖ്യമന്ത്രിയുടേയും ഗതാഗത മന്ത്രിയുടേയും കീഴില്‍ വരുന്നതാണ്. കേരളത്തിലെ കാര്യത്തിന് മുഖ്യമന്ത്രിയെ വിളിക്കൂ ഈ വിഷയത്തിൽ തനിക്ക് ഇടപെടാൻ പറ്റില്ല താൻ ചാണകമല്ലേയെന്നും ചാണകം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അലര്‍ജി ആകുമല്ലോയെന്നുമായിരുന്നു സുരേഷ് ഗോപി പ്രതികരിച്ചത്. അതേസമയം ആളുകൾ ഇത്തരത്തിൽ നേതാക്കളെ വിളിക്കുന്നതിന് പിന്നിൽ മറ്റൊരു കാര്യം ഉണ്ടെന്ന് പറയുകയാണ് പിസി ജോർജ്.
-'മനുഷ്യരെ അറിയാവുന്ന മനുഷ്യൻ അറിയുന്നവരെയാണ് ജനങ്ങൾ വിളിക്കുന്നത്', എന്നായിരുന്നു വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് ജോർജ് പ്രതികരിച്ചത്.

തന്നെ വിളിക്കുന്നവരുടെ കാര്യത്തിൽ താൻ ഇടപെടാറുണ്ടെന്നും ജോർജ് പറഞ്ഞു. ഈ ബുൾ ജെറ്റ് വിഷയത്തിലും താൻ കൃത്യമായ അന്വേഷണം നടത്തിയിരുന്നുവെന്ന് പിസി ജോർജ് വ്യക്തമാക്കി. അതേസമയം വിഷയത്തിൽ പോലീസ് നടപടി കൃത്യമായിരുന്നുവെന്നും ജോർജ് പറഞ്ഞു. നിരവധി നല്ല കാര്യങ്ങൾ ചെയ്തെന്ന് കരുതി വൃത്തികേട് കാണിച്ചാൽ അംഗീകരിക്കാനാകുമോയെന്നായിരുന്നു ജോർജിന്റെ ചോദ്യം. കൂറേ ആരാധകർ ഉണ്ടെന്ന് കരുതി എന്തും പറയാനും ചെയ്യാനും പാടില്ലെന്നും പിസി ജോർജ് വ്യക്തമാക്കി.

വാഹനങ്ങൾ മോഡിഫിക്കേഷൻ നടത്തുന്നതിന് ഇന്ത്യയിലെ നിയമം പാലിക്കുകയാണ് എല്ലാവരും ചെയ്യേണ്ടത് .വാഹനങ്ങളുടെ ലൈറ്റുകൾ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യമാണ് ഉള്ളത്. വാഹനത്തിൽ എന്ത് മോഡിഫിക്കേഷൻ നടത്തുമ്പോഴും അത് മോട്ടോർവാഹന വകുപ്പിനെ അറിയിക്കണമെന്നും ജോർജ് പറഞ്ഞു. വാഹനങ്ങളിൽ മാറ്റം വരുത്തി മോഷണം ഉൾപ്പെടെ നടത്തിയാൽ അത് കമ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. തന്റെ വാഹനം കളർമാറ്റുന്നതിനായി മോട്ടോർവാഹന വകുപ്പിന്റെ അനുമതി തേടിയിരുന്നുവെന്നും വാർത്താസമ്മേളനത്തിൽ ജോർജ് പറഞ്ഞു.

അതിനിടെ വാർത്താസമ്മേളനത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിനെതിരേയും പിസി ജോർജ് രംഗത്തെത്തി. ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന മന്ത്രി വീണ ജോർജിന്റെ പ്രതികരണം സംബന്ധിച്ചായിരുന്നു പിസി ആക്ഷേപം ഉയർത്തിയത്. മന്ത്രി ഒന്നും കാണുന്നില്ലെന്നും അവര്‍ക്ക് വേറെ ചില കാഴ്ചയാണുള്ളതെന്നുമായിരുന്നു ജോർജ് പറഞ്ഞത്. ആ കാഴ്ച കേരളത്തിന് അപകടവും അപമാനവും ആണെന്നും ജോർജ് പറഞ്ഞു. നിലവില്‍ ഡോക്ടര്‍മാര്‍ക്കെതിരെ രോഗികളില്‍ നിന്നും രോഗികളുടെ ബന്ധുക്കളില്‍ നിന്നുമുണ്ടാകുന്ന അതിക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നുമായിരുന്നു വീണ ജോർജിന്റെ വിവാദ പരാമർശം.

കേരളത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ മന്ത്രിയുടെ ജില്ലയായ പത്തനംതിട്ടയിലാണെന്നും ജോർജ് പറഞ്ഞു.'പറഞ്ഞിട്ട് കാര്യമുണ്ടോ. അവരെ അവിടെ പിടിച്ചു വെച്ചതേ മുടിഞ്ഞു. നല്ല ഒന്നാന്തരം കഴിവുള്ളൊരു സ്ത്രീ ആരോഗ്യവകുപ്പ് കൈകാര്യം ചെയ്തിരുന്നതാണ്. എന്നാൽ അവർക്ക് കൂടുതൽ വോട്ട് ലഭിച്ചത് കുശുംമ്പായി. അതിന് ശേഷം പിണറായി വിജയന്റെ ആടുതല്ലി എന്ന നിലയില്‍ പിടിച്ചു വെച്ച മന്ത്രിയാണിത്. എന്തൊരു കഷ്ടകാലമാണിത്', എന്നായിരുന്നു ജോർജ് പറഞ്ഞത്.വീണ ജോർജ് പൂർണ പരാജയമാണെന്നും ജോർജ് പറഞ്ഞു.
Recommended Video

അതേസമയം കൊവിഡ് വാക്സിനേയും ജോർജ് തള്ളി പറഞ്ഞു. വാക്‌സിന്‍ കളിപ്പീരാണെന്നായിരുന്നു ജോർജിന്റെ പരാമർശം. ഹോമിയോ ആണ് ഗുണകരം എന്നും ജോർജ് വാദിച്ചു. ഹോമിയോ മരുന്ന് കഴിച്ചത് കൊണ്ടാകാം തനിക്ക് ഇതുവരെ കൊവിഡ് പിടിപെടാതിരുന്നതെന്നും ജോർജ് പറഞ്ഞു.രണ്ട് ഡോസ് വാക്സിനെടുത്തവർക്കും കൊവിഡ് വന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ജോർജിന്റെ പരാമർശം.












Click it and Unblock the Notifications