കാസര്‍കോട്ടെ 'പടന്ന' ... ഞെട്ടരുത് ഈ ഗ്രാമത്തെ കുറിച്ച് കേട്ടാല്‍; ഐസിസിന്റെ 'ഹബ്', സൗദി വഴി...
കേരളത്തിൽ നിന്ന് ഐസിസിൽ ചേർന്നു എന്ന് കരുതുന്നവരിൽ വലിയൊരു ഭാഗവും പടന്ന എന്ന ഗ്രാമത്തോട് ബന്ധപ്പെട്ടവരാണ്
കാസര്‍കോട്: കേരളത്തിന്റെ വടക്കേ അറ്റത്ത് കിടക്കുന്ന കാസര്‍കോട് ജില്ലയ്ക്ക് പലപ്പോഴും വാര്‍ത്തകളില്‍ വലിയ പ്രാധാന്യമൊന്നും കിട്ടാറില്ല. വാര്‍ത്തയുടെ കാര്യത്തില്‍ മാത്രമല്ല, വികസനത്തിന്റെ കാര്യത്തിലും ഏറെ അവഗണിക്കപ്പെടുന്ന ജില്ലയാണ് കാസര്‍കോട്.
എന്നാല്‍ കഴിഞ്ഞ കൊല്ലത്തെ പ്രധാന വാര്‍ത്താ കേന്ദ്രങ്ങളില്‍ ഒന്നായി കാസര്‍കോട് മാറി. കാസര്‍കോട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമായ 'പടന്ന' രാജ്യത്തിലെ തന്നെ പ്രധാന വാര്‍ത്താ കേന്ദ്രമായി മാറി.
കേരളത്തില്‍ നിന്ന് ഐസിസില്‍ ചേര്‍ന്നവരില്‍ പടന്നക്കാരുടെ എണ്ണമാണ് ഞെട്ടിച്ചത്. കേരളത്തില്‍ നിന്ന് അപ്രത്യക്ഷമായ 21 പേരില്‍ ഭൂരിപക്ഷം പേരും ഈ ചെറിയ ഗ്രാമത്തില്‍ നിന്നായിരുന്നു. എങ്ങനെയാണ് പടന്ന എന്ന ഗ്രാമം ഐസിസിന്റെ ചീത്തപ്പേരില്‍ വീണ് പോയത്?

കഴിഞ്ഞ വര്‍ഷമാണ് കേരളത്തില്‍ നിന്ന് 21 യുവാക്കള്‍ അപ്രത്യക്ഷമായ വാര്‍ത്ത പുറത്ത് വരുന്നത്. അവര്‍ ഐസിസില്‍ ചേര്‍ന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ റിപ്പോര്‍ട്ടില്‍ ഏറ്റവും ചീത്തപ്പേരുണ്ടായത് കാസര്‍കോട്ടെ പടന്ന എന്ന ഗ്രാമത്തിനായിരുന്നു.

മുസ്ലീം ഭൂരിപക്ഷ പ്രദേശമാണ് പടന്ന. എന്നാല്‍ ഉന്നത വിദ്യാഭ്യാസവും മികച്ച ജോലികളും സ്വന്തമാക്കിയ സ്ത്രീകളുടെ പേരില്‍ പ്രസിദ്ധമാണ് പടന്ന. പക്ഷേ ആ പേരെല്ലാം ചോര്‍ന്നുപോകുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.

ഒരു ഗ്രാമത്തില്‍ നിന്ന് ഇത്രയേറെ പേര്‍ ഐസിസില്‍ ചേരുന്ന സംഭവം രാജ്യത്ത് തന്നെ ആദ്യമായാണ്. അതുകൊണ്ട് തന്നെയാണ് പടന്ന എന്ന ഗ്രാനം ദേശീയ ശ്രദ്ധ ആകര്‍ഷിച്ചതും അന്വേഷണ ഏജന്‍സികളുടെ നിരീക്ഷത്തിന് കീഴില്‍ വന്നതും.

കേരളത്തിലെ മറ്റേത് ഗ്രാമത്തേയും പോലെ തന്നെ ആയിരുന്നു പടന്ന. അവിടെ ഇസ്ലാമിക തീവ്രവാദത്തിന് വളമിടാന്‍ പാകത്തിന് ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു.

ജോലി തേടി സൗദിയിലേക്ക് പോയ യുവാക്കളിലാണ് പ്രകടമായ മാറ്റം കണ്ടത്. സാധാരണക്കാരായി സൗദിയിലേക്ക് പോയ പലരും തിരിച്ചെത്തിയത് അമിതമായ അതിവിശ്വാസത്തോടെ ആയിരുന്നു. പലരും ജീവിതക്രമം തന്നെ മാറ്റി. പള്ളിയില്‍ പോകാന്‍ തന്നെ മടി കാണിച്ചിരുന്നവര്‍ പള്ളിയില്‍ നിന്ന് ഇറങ്ങാത്ത സ്ഥിതിപോലും ഉണ്ടായിരുന്നു.

സൗദിയില്‍ വച്ചാണ് പല യുവാക്കളേയും തീവ്ര ഐസിസ് ചിന്താഗതിക്കാര്‍ പിടികൂടിയത് എന്ന് വേണം കരുതാന്‍. അതിന് ശേഷം ഇസ്ലാമിന്റെ പാതയില്‍ സഞ്ചരിക്കാന്‍ ഐസിസ് അല്ലാതെ മറ്റ് വഴിയില്ലെന്ന രീതിയിലേക്ക് ഈ യുവാക്കളെ മാറ്റി മറിക്കുകയായിരുന്നു.

അപ്രത്യക്ഷമായതിന് ശേഷം വീട്ടുകാരെ ബന്ധപ്പെട്ടപ്പോള്‍ തങ്ങള്‍ ;ഇസ്ലാമിന്‍രെ മണ്ണിലാണ്' എന്നാണ് ഇവരില്‍ പലരും പറഞ്ഞിട്ടുള്ളത്. ഇതിനര്‍ത്ഥം അവര്‍ ഐസിസില്‍ ചേര്‍ന്നു എന്ന് തന്നെ ആണോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

പടന്നയില്‍ നിന്ന് അപ്രത്യക്ഷരായ യുവാക്കളില്‍ ഒരാളാണ് ഹഫീസുദ്ദീന്‍. ഇയാളുടെ പിതാവ് ഹക്കീമിന്റെ വാക്കുകള്‍ അത്ര എളുപ്പത്തില്‍ ആര്‍ക്കും മറക്കാനാവില്ല. ഐസിസിന്റെ കൂടെയാണ് തന്റെ മകന്‍ പോയിട്ടുള്ളത് എങ്കില്‍, അവന്റെ മൃതദേഹം പോലും തനിക്ക് കാണേണ്ടതില്ലെന്നാണ് ആ പിതാവ് പറഞ്ഞത്.

പടന്നയിലെ സാധാരണക്കാരെല്ലാം ഇപ്പോഴും പഴയ ആളുകള്‍ തന്നെയാണ്. എന്നാല്‍ ചിലര്‍ ചെയ്ത നെറികേടിന്റെ പേരില്‍ ഇപ്പോഴും ആ ഗ്രാമം വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നതാണ് ദയനീയമായ സ്ഥിതി.

കേരളത്തില്‍ നിന്ന് ഇനിയും ഐസിസിലേക്ക് ആളുകള്‍ റിക്രൂട്ട് ചെയ്യപ്പെട്ടേക്കാം. ഒരു പക്ഷേ അന്‍സാറുള്‍ ഖലീഫ പോലെയുള്ള സംഘടനകള്‍ ഇനിയും കേരളത്തിനുള്ളില്‍ സജീവമായേക്കാം. പക്ഷേ അതിന്റെ പേരില്‍ ഒരു മതവിഭാഗം മുഴുവന്‍ സംശയത്തിന്റെ നിഴലില്‍ ആകുന്ന സാഹചര്യം ഉണ്ടാകുമ്പോഴാണ് പ്രശ്‌നം കൂടുതല്‍ ഗുരുതരമായ സ്ഥിതിവിശേഷങ്ങളിലേക്ക് നീങ്ങുക.












Click it and Unblock the Notifications