വന്യജീവി ആക്രമണം; നടപടികൾ വിലയിരുത്താൻ വീണ്ടും ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: വന്യജീവി ആക്രമണം തടയാൻ സ്വീകരിക്കുന്ന നടപടികൾ വിലയിരുത്താൻ വീണ്ടും ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി.
വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം 3.30 ന് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലാണ് യോഗം. വനം, ധനകാര്യ, റവന്യൂ, തദ്ദേശ സ്വയംഭരണ, വൈദ്യുതി, ആരോഗ്യം, ജലസേചനം വകുപ്പ് മന്ത്രിമാരും ചീഫ് സെക്രട്ടറിയും സെക്രട്ടറിമാരും പങ്കെടുക്കും.
കഴിഞ്ഞ 12 ന് വനം വകുപ്പ് ആസ്ഥാനത്ത് ചേർന്ന ഉന്നതതല യോഗത്തിൽ വന്യജീവി ആക്രമണം നേരിടുന്നതിന് പത്ത് മിഷനുകൾ തയ്യാറാക്കിയിരുന്നു. വന്യജീവികൾക്ക് കാടിനകത്ത് തന്നെ വെള്ളവും ഭക്ഷണവും ഉറപ്പാക്കുന്നത് അടക്കമുള്ള നടപടികളാണ് തീരുമാനിച്ചത്.

വനം- വന്യജീവി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, സംസ്ഥാന പോലീസ് മേധാവി, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി എന്നിവരും യോഗത്തിൽ പങ്കെടുക്കും. മനുഷ്യ - വന്യജീവി സംഘർഷം ലഘൂകരിക്കാൻ ഇതുവരെ സ്വീകരിച്ച നടപടികൾ യോഗം അവലോകനം ചെയ്യും.
അതേ സമയം, മനുഷ്യ മൃഗ സംഘർഷം നിയന്ത്രിക്കുന്നതിനായി വനംവകുപ്പിന് എമർജൻസി ഓപ്പറേഷൻ സെന്ററുകൾ സജ്ജമാക്കാൻ സർക്കാർ 3. 72 കോടി രൂപ അനുവദിച്ചു. സംസ്ഥാനതലത്തിലും 36 ഫോറസ്റ്റ് ഡിവിഷനുകളിലുമാണ് എമർജൻസി ഓപ്പറേഷൻ സെന്ററുകൾ സജ്ജമാക്കുന്നത്. ഒറ്റത്തവണ ഗ്രാന്റ് ആയാണ് പണം അനുവദിച്ചത്. സെന്ററുകളുടെ പരിപാലന ചെലവിന്റെ ഉത്തരവാദിത്തം വനംവകുപ്പിനാണ്.
മനുഷ്യ - വന്യജീവി സംഘർഷം പ്രത്യേക ദുകന്തമായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അടിയന്തര പ്രതികരണ സംവിധാനമെന്ന നിലയിൽ എമർജൻസി ഓപ്പറേഷൻ സെന്റുകൾ സജ്ജമാക്കുന്നത്. വനംവകുപ്പ് അഡി. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ നൽകിയ റിപ്പോർട്ടിന്റെ
അടിസ്ഥാനത്തിലാണ് പണം അനുവദിച്ചിരിക്കുന്നത്. വാഹനങ്ങൾ വാങ്ങാൻ 60 ലക്ഷം രൂപ ഉൾപ്പെടെ 4. 3 കോടി രൂപയാണ് ആവശ്യപ്പെട്ടിരുന്നത്.












Click it and Unblock the Notifications