അനിൽ ആന്റണി വയനാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി? അനിലൂടെ ബിജെപിയൊരുക്കുന്ന 'കേരള പ്ലാൻ' ഇങ്ങനെ
കേരളം പിടിക്കാൻ ഭൂരിപക്ഷ സമുദായത്തിന്റെ മാത്രം പിന്തുണ കൊണ്ട് സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബി ജെ പി ന്യൂനപക്ഷങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങൾ സംസ്ഥാനത്ത് ഏറെക്കാലമായി നടത്തുന്നുണ്ട്. ന്യൂനപക്ഷ നേതാക്കളെ പരമാവധി പാർട്ടിയിലെത്തിക്കുകയാണ് ഇതിന് ബി ജെ പി കണ്ട പോംവഴികളിൽ ഒന്ന്. നേതാക്കളിൽ ചിലർ മറ്റ് പാർട്ടികളിൽ നിന്ന് എത്തിയെങ്കിലും ഇവരൊന്നും ബി ജെ പിയിലേക്ക് ആളെക്കൂട്ടാൻ ശേഷിയുള്ള നേതാക്കൾ ആയിരുന്നില്ല.
എന്നാൽ അനിൽ ആന്റണിയുടെ വരവിനെ ബി ജെ പി പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. അനിലിനും വലിയ ജനപിന്തുണ അവകാശപ്പെടാൻ ഇല്ലെങ്കിലും കോൺഗ്രസിലെ മുതിർന്ന നേതാവിന്റെ മകൻ,പ്രത്യേകിച്ച് എകെ ആന്റണിയെ പോലൊരു നേതാവിന്റെ മകനെ ബി ജെ പിയിൽ എത്തിക്കാനായത് നേട്ടമാകുമെന്ന് തന്നെയാണ് പാർട്ടി വിലയിരുത്തൽ. കേന്ദ്ര നേതൃത്വം നേരിട്ടാണ് അനിലിന് വേണ്ടി തന്ത്രമൊരുക്കുന്നത്.

അനിലിന്റെ ബി ജെ പി പ്രവേശന വേദിയിൽ കേരളത്തിൽ നിന്നുള്ള നേതാക്കളായ കെ സുരേന്ദ്രനും കേന്ദ്ര മന്ത്രി വി മുരളീധരനും ഉണ്ടായിരുന്നുവെങ്കിലും അനിലിനെ ബി ജെ പിയിൽ എത്തിക്കാനുള്ള നീക്കങ്ങൾ എല്ലാം നടത്തിയത് ദേശീയ നേതാക്കൾ ആണെന്നാണ് റിപ്പോർട്ടുകൾ. നരേന്ദ്ര മോദി നേരിട്ട് തന്നെയാണ് ഇതിന് താത്പര്യമെടുത്തതെന്നും വിവരമുണ്ട്. കേരളം പിടിക്കാനുള്ള തന്ത്രങ്ങൾ ബി ജെ പി ദേശീയ നേതൃത്വം കൂടുതൽ ഗൗരവത്തോടെ എടുക്കുന്നുവെന്നതിന്റെ കൂടി തെളിവായിട്ടാണ് ഇത് കണക്കാക്കുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ക്രൈസ്തവ, മുസ്ലീം സമുദായങ്ങളിൽ കണ്ണുവെച്ച് കൊണ്ടാണ് ബി ജെ പി കേരളത്തിൽ പദ്ധതികൾ ഒരുക്കുന്നത് . മുസ്ലീം വോട്ടുകൾ നേടാനാകില്ലെന്ന തിരിച്ചറിവ് പാർട്ടിക്കുണ്ട്. എന്നാൽ ക്രൈസ്തവ പ്രശ്നങ്ങളിൽ ഇടപെടാൻ സാധിക്കുന്നുണ്ടെന്നും പാർട്ടിയോടുള്ള സമുദായത്തിന്റെ സമീപനത്തിൽ മാറ്റം ഉണ്ടെന്നും നേതൃത്വം കരുതുന്നു.

ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള കൂടുതൽ നേതാക്കൾ പാർട്ടിയിൽ എത്തിയാൽ കാര്യങ്ങൾ കൂടുതൽ അനുകൂലമാകമെന്നും പാർട്ടി കണക്ക് കൂട്ടുന്നുണ്ട്. അനിലിന്റെ വരവ് ഒരു തുടക്കം മാത്രമാണെന്നും അനിലിന്റെ ചുവട് പിടിച്ച് കൂടുതൽ പേർ എത്തുമെന്നും ബി ജെ പി കണക്കാക്കുന്നുണ്ട്. ഈ ലക്ഷ്യം കൂടി മനസിൽ വെച്ചായിരിക്കും ബി ജെ പി അനിലിന്റെ പാർട്ടിയിലെ പദവി നിശ്ചയിച്ചേക്കുക.
കോൺഗ്രസിൽ അനിലിന് ലഭിക്കാത്ത പരിഗണന നൽകാനാണ് ബി ജെ പി ആലോചന. മാത്രമല്ല പുറത്ത് നിന്ന് എത്തുന്ന ഇതര മതസ്ഥർക്കും പാർട്ടിയിൽ അർഹമായ സ്ഥാനം നൽകുമെന്ന സന്ദേശം നൽകുന്നതായിരിക്കണം പദവി എന്നാണ് ബി ജെ പി ലക്ഷ്യം വെയ്ക്കുന്നത്. ഇത് പാർട്ടിയിലേക്ക് കോൺഗ്രസ് അടക്കമുള്ള പാർട്ടികളിൽ നിന്നുള്ള ഒഴുക്ക് കൂട്ടാൻ കാരണമാകുമെന്ന് ബി ജെ പി കരുതുന്നു. പ്രത്യേകിച്ച് ക്രൈസ്തവ വിഭാഗത്തിൽ നിന്ന്.
ദില്ലിയിൽ ദേശീയ തലത്തിലുള്ള പദവിയിലേക്ക് ആയിരിക്കും അനിലിനെ പരിഗണിക്കുകയെന്ന തരത്തിലുള്ള സൂചനകൾ ഉണ്ട്. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ അനിലിനെ സ്ഥാനാർത്ഥിയാക്കാനുള്ള ആലോചനകളും പാർട്ടിയിൽ ചർച്ചയാകുന്നുണ്ടെന്നും വിവരമുണ്ട്. ക്രിസ്ത്യൻ വോട്ടുകൾക്ക് സ്വാധീനമുള്ള മധ്യകേരളത്തിലെ ഏതെങ്കിലും സീറ്റുകളിലാണ് അനിലിനെ ബി ജെ പി പരിഗണിച്ചേക്കുക.
കോട്ടയമോ, ചാലക്കുടിയോ ഇക്കൂട്ടത്തിൽ ഉണ്ടെന്നാണ് അഭ്യൂഹങ്ങൾ. രാഹുൽ ഗാന്ധിയുടെ അയോഗ്യതയെ തുടർന്ന് വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ അനിലിനെ വയനാട്ടിൽ ബി ജെ പി പരിഗണിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങളും ശക്തമാണ്.












Click it and Unblock the Notifications