ദൈവം ക്ഷമാശീലർക്കൊപ്പം, പാവങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ ആരോപണം കേൾക്കും; യൂസഫലി

കൊച്ചി:സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ തള്ളി വ്യവസായി എം എ യൂസഫലി. സമൂഹമാധ്യമങ്ങളിൽ വരുന്ന ആരോപണങ്ങളെ ഭയമില്ലെന്നും തന്നെയോ തന്റെ വ്യവസായത്തേയോ ഇതൊന്നും ബാധിക്കില്ലെന്നും യൂസഫ് അലി പറഞ്ഞു.
'ദൈവം ക്ഷമിക്കുന്നവരുടെ കൂടെയാണ്. അതുകൊണ്ട് തന്നെ ആരോപണങ്ങൾ തന്നെയോ ലുലുവിനേയോ ബാധിക്കുന്നില്ല. പാവപ്പെട്ടവർക്ക് വേണ്ടി നിലകൊള്ളുമ്പോൾ പല ആരോപണങ്ങളും ഉയരും. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അത് നേരിടാതെ ഭയപ്പെട്ട് ഓടുന്നവൻ അല്ല യൂസഫ് അലി. സോഷ്യൽ മീഡിയയിൽ ഇരുന്ന് ചിലർ രാവും പകലും എന്നെ കുറ്റം പറഞ്ഞാലും അതൊന്നും എന്നെ ബാധിക്കില്ല'
'ഇനിയും പാവപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കും. വീടില്ലാത്തവർക്ക് വീട് വെച്ച് കൊടുക്കും. അവശരും നിരാലംബരുമായ ആളുകൾക്ക് വേണ്ടി തന്നെ ഞാൻ നിലകൊളളും. അതിൽ നിന്നൊന്നും പിൻമാറാൻ പോകുന്നില്ല', യൂസഫ് അലി പറഞ്ഞു. ഇ ഡി നോട്ടീസ് അയച്ചതിനെക്കുറിച്ച് അത് റിപ്പോർട്ട് ചെയ്തവരോട് തന്നെ ചോദിക്കണമെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ലൈഫ് മിഷൻ അഴിമതിക്കേസിൽ വ്യവസായി എം എ യൂസഫലിക്ക് രണ്ട് തവണ നോട്ടീസ് നൽകിയിരുന്നതായി ഇ ഡി വൃത്തങ്ങളെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ചില ഔദ്യോഗിക ചർച്ചകളിൽ അദ്ദേഹം പങ്കെടുത്തിരുന്നതായി മൊഴി കിട്ടിയെന്നും സാക്ഷിയെന്ന നിലയിലാണ് നോട്ടീസ് നൽകിയതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. മാർച്ച് 16 ന് ചോദ്യം ചെയ്യലിനായി ഹാജരാകാൻ യൂസഫ് അലിക്ക് നോട്ടീസ് നൽകിയെന്നാണ് ന്യൂസ് 18 റിപ്പോർട്ട് ചെയ്തത്.












Click it and Unblock the Notifications