കോവൂര്‍ കുഞ്ഞുമോന്‍ 'കാമുകിയെ' വിവാഹം കഴിയ്ക്കില്ല, വേറെ വിവാഹം കഴിയ്ക്കും... നിയമസഭയില്‍ ഉറപ്പ്!!!
തിരുവനന്തപുരം: കേരളത്തില്‍ ആര്‍എസ്പി എന്ന പാര്‍ട്ടിയ്ക്ക് ഇപ്പോള്‍ ആകെ ഒരു എംഎല്‍എ മാത്രമേ ഉള്ളൂ. അത് ആര്‍എസ്പി ലെനിനിസ്റ്റ് വിഭാഗത്തിന് മാത്രമാണ്. ഷിബു ബേബി ജോണും യഥാര്‍ത്ഥ ആര്‍എസ്പിയും ലയിച്ചതിന് ശേഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് ഒരു സീറ്റ് പോലും ലഭിച്ചില്ല.
അങ്ങനെ കേരളത്തിലെ ഏക ആര്‍എസ്പി എംഎല്‍എ ആയ കോവൂര്‍ കുഞ്ഞുമോന്‍ തന്റെ 'കാമുകി'യെ വിവാഹം കഴിയ്ക്കില്ലെന്ന് ഉറപ്പായി. എന്നാല്‍ വിവാഹം കഴിയ്ക്കുമെന്ന ഉറപ്പ് അദ്ദേഹം നിയമസഭയില്‍ നല്‍കുകയും ചെയ്തു.

തെറ്റിദ്ധരിയ്ക്കണ്ട... ഇത് മനുഷ്യ സ്ത്രീ ആയ ഒരു കാമുകിയെ കുറിച്ചല്ല. ശാസ്താംകോട്ട തടാകം തന്റെ കാമുകിയാണെന്നായിരുന്നു കോവൂര്‍ കുഞ്ഞിമോന്‍ നിയമസഭയില്‍ പറഞ്ഞത്. തന്‌റെ കാമുകിയായ തടാകത്തിന്റെ ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്താന്‍ നടപടിയെടുത്തില്ലെങ്കില്‍ താന്‍ വിവാഹം കഴിയ്ക്കില്ലെന്നാണ് അദ്ദേഹം നിയമസഭയില്‍ ഭീഷണി മുഴക്കിയത്.
സ്വന്തം മുന്നണിയിലെ ഒരു എംഎല്‍എ വിവാഹം കഴിയ്ക്കില്ലെന്ന് നിയമസഭയില്‍ പ്രഖ്യാപിച്ചാല്‍ പിന്നെ മുഖ്യമന്ത്രിയ്ക്ക് മിണ്ടാതിരിയ്ക്കാനാകുമോ? തടാകം സംരക്ഷിയ്ക്കാന്‍ നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. എന്നാല്‍ അത് വരെ വിവാഹം കഴിയ്ക്കാതെ ഇരിയ്ക്കരുതെന്നും മുഖ്യമന്ത്രി ഉപദേശിച്ചു.
മുഖ്യമന്ത്രി മാത്രമല്ല, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കൂടി ഈ അഭിപ്രായം പറഞ്ഞപ്പോള് കോവൂര്‍ കുഞ്ഞുമോന്‍ കുടുങ്ങി. ഒടുവില്‍ വിവാഹം കഴിച്ചോളാം എന്ന് നിയമസഭയില്‍ അദ്ദേഹം സമ്മതിച്ചു. ഇനി വിവാഹം കഴിയ്ക്കാതിരുന്നാല്‍ അത് ചട്ടലംഘനമാകുമോ ആവോ!!!












Click it and Unblock the Notifications