തിരുവനന്തപുരത്ത് മോദി സ്ഥാനാർത്ഥിയാകും?; മത്സരിക്കുന്ന കാര്യം തള്ളിക്കളയാനാകില്ലെന്ന് കെ സുരേന്ദ്രൻ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് മത്സരിക്കുന്ന കാര്യം തള്ളിക്കളയാനാവില്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മോദി എവിടെ മത്സരിച്ചാലും വിജയിക്കാനുളള ജനപിന്തുണ അദ്ദേഹത്തിന് ഉണ്ടെന്നും എന്നാൽ അദ്ദേഹം എവിടെ മത്സരിക്കണമെന്ന കാര്യം കേന്ദ്ര നേതൃത്വമാണ് തീരുമാനിക്കുകയെന്നും സുരേന്ദ്രൻ പറഞ്ഞു. രാഹുല്‍ ഗാന്ധിയ്ക്ക് ഇവിടെ വന്ന് മത്സരിക്കാമെങ്കില്‍ ഞങ്ങള്‍ക്ക് വന്ന് മത്സരിച്ചു കൂടേയെന്നും മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ സുരേന്ദ്രൻ ചോദിച്ചു.
'ലോക്സഭ തിരഞ്ഞെടുപ്പിൽ ആർക്കും എവിടെ വേണമെങ്കിലും മത്സരിക്കാം.
നരേന്ദ്രമോദിക്ക് രാജ്യത്ത് എവിടെ മത്സരിക്കാനും സ്വാതന്ത്ര്യമുണ്ട്, ജനപിന്തുണയുണ്ട്. രാജ്യത്തെ ഏത് മുക്കിലും മൂലയിലും മത്സരിച്ചാലും മോദിക്ക് ജയിച്ച് വരാനാകും. അതിന് കേരളം തിരഞ്ഞെടുക്കണോയെന്ന് കേന്ദ്ര നേതൃത്വം തിരുമാനിക്കണം.

എല്ലാ മണ്ഡലങ്ങളിലും ഞങ്ങൾക്ക് യോഗ്യരായ സ്ഥാനാർത്ഥികൾ ഉണ്ട്. പേര് പരസ്യായി ചർച്ച ചെയ്തിട്ടില്ലെന്നത് കൊണ്ട് ഞങ്ങൾക്ക് മികച്ച സ്ഥാനാർത്ഥികൾ ഇല്ലെന്നല്ല. മറ്റ് മുന്നണികൾ സ്ഥാനാർത്ഥി ചർച്ചകളിലേക്ക് കടക്കുന്നതിന് മുൻപ് തന്നെ കേരളത്തിലെ എൻഡിഎ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. അതിന് ഒരു നടപടി ക്രമങ്ങൾ ഉണ്ട്.
കോൺഗ്രസിനെ സംബന്ധിച്ച് അവരുടെ 19 എംപിമാരും മത്സരിക്കുമെന്നാണ് കേട്ടത്. അതിന് അവർക്ക് കൂടുതൽ ചർച്ച വേണ്ടതില്ല. എൽഡിഎഫിൽ സ്ഥാനാർത്ഥികൾ അല്ല പാർട്ടിയാണ് തീരുമാനമെടുക്കുന്നത്. ഞങ്ങളെ സംബന്ധിച്ച് അങ്ങനെയല്ല. പ്രാഥമിക ചർച്ച പൂർത്തിയാക്കി കഴിഞ്ഞാൽ കേന്ദ്ര നേതൃത്വമാണ് അക്കാര്യം തീരുമാനിക്കുന്നത്.
തിരുവനന്തപുരം ബി ജെ പിയെ സംബന്ധിച്ച് എഴുതിത്തള്ളാവുന്ന മണ്ഡലമല്ല. കോൺഗ്രസ് തനിച്ച് മത്സരിച്ചാൽ പത്തനംതിട്ടയിലും തൃശൂരും തിരുവന്തപുരത്തുമൊക്കെ ഒക്കെ മൂന്ന് ലക്ഷം വോട്ട് കിട്ടുമോ? . ഇതുവരെ ജയിച്ചിട്ടില്ലെങ്കിലും മൂന്നരലക്ഷം വോട്ട് തനിച്ച് നേടാൻ സാധിച്ച മണ്ഡലങ്ങൾ ഉണ്ട് ഞങ്ങൾക്ക്. ഒറ്റയ്ക്ക് 15 ശതമാനം വോട്ട് കിട്ടുന്ന മുന്നണിയാണ് ബിജെപി. പ്രബലമായൊരു മുന്നണിയല്ലെന്നൊരു പോരായ്മ ഞങ്ങൾക്കുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അതിന് മാറ്റങ്ങൾ ഉണ്ടാകും. കൂടുതൽ സീറ്റ് നേടുമ്പോൾ മാറ്റങ്ങൾ വരും', സുരേന്ദ്രൻ പറഞ്ഞു.
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയ്ക്കെതിരെ ബി ജെ പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന കാര്യം ആലോചനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബി ഡി ജെ എസുമായി ആലോചിച്ച് അക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.












Click it and Unblock the Notifications