കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടക്കില്ലെന്ന് പറഞ്ഞവ നടന്നു, എല്ലാ മേഖലകളുടെയും വികസനമുറപ്പാക്കാന്‍ നടപടിയുണ്ടാകും: മുഖ്യമന്ത്രി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: നാട്ടില്‍ നടക്കില്ലെന്ന് കരുതിയ കാര്യങ്ങള്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ നടന്നതായി നാട്ടുകാര്‍ അംഗീകരിക്കുന്ന അവസ്ഥയുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇനിയുള്ള മൂന്നുവര്‍ഷം എല്ലാ മേഖലകളിലും വികസനം ഉറപ്പാക്കുന്ന ചടുലമായ ഇടപെടലുകളുമായി മുന്നോട്ടുനീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷ ചടങ്ങുകളുടെ ഉദ്ഘാടനം കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നമ്മുടെ നാട്ടില്‍ ഒന്നും നടക്കില്ലെന്ന പൊതുവായ മരവിപ്പും നിരാശയും മാറി ഇവിടെ ചിലത് നടക്കുമെന്ന് നാട്ടുകാര്‍ പറയുന്ന അവസ്ഥയുണ്ടായി. നടക്കാതിരുന്ന നല്ല കാര്യങ്ങള്‍ നടന്നപ്പോള്‍ നാട്ടിലാകെ ഊര്‍ജസ്വലതയും പ്രതീക്ഷയും കൈവന്നു. അഴിമതിയുടെ സ്വന്തം നാട് എന്ന അവസ്ഥ മാറി അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളത്തെ അംഗീകരിക്കുന്ന അവസ്ഥയുണ്ടായി. രണ്ടുവര്‍ഷം കൊണ്ടു നമ്മുടെ സമുന്നതമായ രാഷ്ട്രീയസംസ്‌കാരം തിരിച്ചുപിടിക്കാനായി.

prd

സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ, സര്‍വതലസ്പര്‍ശിയായ വികസനം ഉറപ്പിക്കുമെന്ന് തെരഞ്ഞെടുപ്പില്‍ ജനങ്ങളോട് പറഞ്ഞിരുന്നതാണ് നടപ്പിലാക്കുന്നത്. ഒന്നാംവര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ ചെയ്ത കാര്യങ്ങള്‍ ജനങ്ങളുടെ മുന്നില്‍ പ്രോഗ്രസ് കാര്‍ഡായി അവതരിപ്പിച്ചത് പോലെ ഇത്തവണയും പ്രോഗ്രസ് കാര്‍ഡുണ്ടാകും.
ആദ്യവര്‍ഷം ചെയ്യാവുന്നതിന്റെ പരമാവധി ചെയ്‌തെന്ന് പൊതുസമൂഹം വിലയിരുത്തിയതിന്റെ പിന്തുണയുടെ കരുത്തോടെയാണ് രണ്ടാംവര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നത്. നമ്മുടെ നാടിന്റെ വികസനം എന്നാല്‍ ഏതെങ്കിലും ചില വ്യവസായങ്ങള്‍ വരുന്നതല്ല. വ്യവസായങ്ങള്‍ക്കൊപ്പം എല്ലാ മേഖലകൡും വികസനമുണ്ടായാലേ അത് വികസനമാകൂ. നാട്ടിലെ കൃഷി അഭിവൃദ്ധിപ്പെടുത്താനുള്ള ശ്രമങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. പുതുതായി 225000 ഹെക്ടര്‍ നെല്‍കൃഷി നടത്തിയത് ചെറിയ കാര്യമല്ല. പുരയിടകൃഷി വ്യാപിച്ചു. പച്ചക്കറികളിലെ വിഷത്തിന്റെ ഭയം കുറഞ്ഞു. കാര്‍ഷികവൃത്തി സ്വയം സ്വീകരിക്കുന്ന ചെറുപ്പക്കാര്‍ കൂടി. പാല്‍, മുട്ട എല്ലാം സ്വയംപര്യാപ്തയിലേക്ക് കുതിക്കുകയാണ്. ഇതെല്ലാം കണക്കുകള്‍ മാത്രമല്ല, നമ്മുടെ നാട്ടിലെ ഗുണപരമായ മാറ്റങ്ങളാണ്.

prd

ഇപ്പോള്‍ നാട്ടുകാര്‍ തന്നെ നദികള്‍ വീണ്ടെടുക്കാന്‍ രംഗത്തിറങ്ങുന്നു. കിണര്‍, കുളം, തോട് ഉള്‍പ്പെടെ ജല സ്രോതസ്സുകളെല്ലാം ശുദ്ധിയാക്കുന്നു. മഴവെള്ള സംഭരണവും വ്യാപിച്ചു. പുതിയ സംരംഭങ്ങള്‍ വരുമ്പോള്‍ ജലസംഭരണികള്‍ വേണമെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ നീങ്ങാന്‍ പോകുകയാണ്. മാലിന്യ സംസ്‌കരണത്തിനും ചില പ്രധാന പട്ടണങ്ങളില്‍ കേന്ദ്രീകൃത പ്ലാന്റ് ആരംഭിക്കുന്നുണ്ട്. നാട് വൃത്തിയുള്ളതും ശുദ്ധവുമായാല്‍ നാടിന്റെ ഭംഗി ആസ്വദിക്കാന്‍ വരുന്ന സഞ്ചാരികളുടെ എണ്ണവും വര്‍ധിക്കും. നാട്ടുകാര്‍ക്ക് കൂടി പങ്കാളിത്തം നല്‍കുന്ന ഉത്തരവാദിത്വ ടൂറിസത്തിനാണ് സര്‍ക്കാര്‍ പരിഗണന നല്‍കുന്നത്. ഒരു വികസിത നാടിന്റെ മുഖമുദ്രയായി ശുചിത്വം മാറണം.

prd

വിദ്യാഭ്യാസരംഗത്തും കാലാനുസൃതമായി മുന്നോട്ടുപോകാനായി ലോകോത്തര സൗകര്യങ്ങളുമായി പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ്. ഒന്നരലക്ഷം കുട്ടികള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ കൂടിയത് ഇതിന്റെ ഭാഗമാണ്. ലോകത്തിലെ ഏത് വികസിത മേഖലയിലും ലഭിക്കുന്ന സൗകര്യം നമ്മുടെ നാട്ടിലെ കുട്ടികള്‍ക്കും ഒരുക്കാനാണ് ശ്രമിക്കുന്നത്. കുട്ടികള്‍ക്ക് മാത്രമല്ല, അധ്യാപകര്‍ക്കും പരിശീലനം നല്‍കും. ഉന്നത വിദ്യാഭ്യാസമേഖലയിലും ആവശ്യമായ അഴിച്ചുപണിയുണ്ടാകും.
പാവപ്പെട്ടവര്‍ ഏറെ വരുന്ന സര്‍ക്കാര്‍ ആശുപത്രികളും സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുകയാണ്. കുടുംബഡോക്ടര്‍ സങ്കല്‍പ്പത്തിലേക്കുള്ള ചുവടുവെപ്പാണിത്. മരുന്നും, സ്റ്റാഫും, ഡോക്ടര്‍മാരും ഉണ്ടെന്നത് സര്‍ക്കാര്‍ ആശുപത്രികളിലെ മാറ്റം തന്നെയാണ്.

നാട്ടില്‍ വീടില്ലാത്ത അഞ്ചുലക്ഷത്തോളം പേര്‍ക്ക് വീട് നല്‍കുന്നതും ഗുണപരമായ മാറ്റമാണ്. ഇതൊന്നുമില്ലാത്ത വികസനം വികസനമല്ല. പുതിയ കാലഘട്ടത്തിലേക്ക് കടക്കുന്ന നമ്മുടെ നാട്ടില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ എടുക്കുന്നുണ്ട്. നാടിന്റെ ഇടപെടല്‍ ശേഷി വര്‍ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. പൊതു ഇടങ്ങളിലും ലൈബ്രറികളിലും വൈഫൈ സൗകര്യവും ഒരുക്കുന്നുണ്ട്.
ഇതെല്ലാം വരുമ്പോള്‍ നാടിന്റെ വ്യാവസായിക മേഖലയും ശക്തിപ്പെടും. കേരളത്തെ നിക്ഷേപ സൗഹൃദമാക്കുന്നതിന് ആത്മാര്‍ത്ഥമായ ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. വ്യവസായങ്ങള്‍ക്ക് തടസ്സമില്ലാതെ ലൈസന്‍സ് ലഭ്യമാക്കുന്നതിന് പുതിയ നിയമം നിര്‍മ്മിച്ചു.
മറ്റെല്ലാ മേഖലകളിലും സംരംഭവുമായി വരുന്നവര്‍ക്ക് പ്രശ്‌നങ്ങളില്ലാതെ സംരംഭം ആരംഭിക്കാന്‍ സൗകര്യമൊരുക്കുന്നതില്‍ കേരളം പിന്നിലായിരുന്നു. പുതിയ നിയമം പ്രാവര്‍ത്തികമാകുന്നതോടെ കേരളം വ്യവസായ സൗഹൃദാന്തരീക്ഷത്തില്‍ മുന്‍നിരയിലെത്തും.

വ്യവസായങ്ങളെ ബാധിക്കുന്ന തൊഴില്‍ പ്രശ്നങ്ങള്‍ കേരളത്തില്‍ ഇല്ലെന്ന് വ്യവസായികള്‍ തന്നെ സമ്മതിക്കുന്നുണ്ട്. കേരളത്തിന്റെ പ്രതിച്ഛായയെ മോശമാക്കിയിരുന്ന നോക്കുകൂലി സമ്പ്രദായം അവസാനിപ്പിക്കാനായി. ഇനിയുമെന്തെങ്കിലും പരാതി വന്നാല്‍ ശക്തമായ നടപടിയുണ്ടാകും. തൊഴിലുടമകള്‍ക്ക് തൊഴിലാളികളെ സംഘടനകള്‍ വിതരണം ചെയ്യുന്ന രീതിയും ഇതോടൊപ്പം അവസാനിക്കും. പരമ്പരാഗത വ്യവസായ മേഖലയിലും തൊഴിലാളികള്‍ക്ക് ആശ്വാസം പകരുന്ന നാളുകളാണ്. കൈത്തറി മേഖലയിലെ ഇപ്പോഴുണ്ടായ അഭിവൃദ്ധി ഉദാഹരണമാണ്. മത്‌സ്യമേഖലയിലെ നിരവധി പദ്ധതികള്‍ക്ക് പുറമേയാണ് 2000 കോടിയുടെ പാക്കേജ് നടപ്പാക്കുന്നത്. ഇതെല്ലാം മാറ്റം തന്നെയാണ്.

റോഡ് വികസനം അതിവേഗതയിലാണ് നീങ്ങുന്നത്. ദേശീയപാത വികസനവും സ്ഥലമേറ്റെടുപ്പും വളരെയേറെ പുരോഗമിച്ചു. കുറച്ച് സ്ഥലമുള്ള സംസ്ഥാനമെന്ന നിലയില്‍ സ്്ഥലം ഏറ്റെടുക്കുമ്പോള്‍ നല്‍കുന്നവര്‍ക്കുള്ള പ്രയാസങ്ങളുണ്ട്. അവര്‍ക്ക് നല്ല രീതിയില്‍ നഷ്ടപരിഹാരം നല്‍കിയാണ് മുന്നോട്ടുപോകുന്നത്. നടക്കാന്‍ പോകുന്നില്ല എന്നു കരുതിയ ഗെയില്‍ പൈപ്പ് ലൈന്‍ യാഥാഥ്യമാകുകയാണ്. മലയോര, തീരദേശ ഹൈവേകള്‍ വരുന്നു. ദേശീയ ജലപാത വികസനവുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിച്ചുവരികയാണ്. റെയില്‍വേ വികസനത്തിന് വേഗത കൂട്ടാനുള്ള നടപടികളും, കണ്ണൂര്‍ വിമാനത്താവളവും, അഴീക്കല്‍ പോര്‍ട്ടും തുടങ്ങി പറയാന്‍ ഒരുപാട് വികസനങ്ങളുണ്ട്.

ഇനിയുള്ള മൂന്നുവര്‍ഷം നല്ലരീതിയിലുള്ള വികസന ഇടപെടല്‍ വേണ്ട വര്‍ഷങ്ങളാണ്. നാടിനൊപ്പം, പറഞ്ഞ കാര്യങ്ങള്‍ യാഥാര്‍ഥ്യമാക്കാനാണ് സര്‍ക്കാര്‍ മുന്നോട്ടുനീങ്ങുന്നതെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. ചടങ്ങില്‍ തുറമുഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, അഡ്വ. മാത്യൂ ടി. തോമസ്, എ.കെ. ശശീന്ദ്രന്‍, മേയര്‍ ഇ.പി. ലത, പി.കെ. ശ്രീമതി ടീച്ചര്‍ എം.പി എന്നിവര്‍ ആശംസയര്‍പ്പിച്ചു.
പി. കരുണാകരന്‍ എം.പി, എം.എല്‍.എമാരായ ഇ.പി. ജയരാജന്‍, സി. കൃഷ്ണന്‍, ടി.വി. രാജേഷ്, എ.എന്‍. ഷംസീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് എന്നിവര്‍ സംബന്ധിച്ചു. ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി പി.കെ. ശ്രീമതി ടീച്ചര്‍ സ്വാഗതവും ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദ് അലി നന്ദിയും പറഞ്ഞു.

ഉദ്ഘാടന ചടങ്ങുകള്‍ക്ക് മുന്നോടിയായി പ്രസീദ ചാലക്കുടിയും സംഘവും ഒരുക്കിയ നാടന്‍പാട്ടുകളും, ഉദ്ഘാടനചടങ്ങിനുശേഷം പ്രശാന്ത് നാരായണന്‍ അവതരിപ്പിച്ച 'ഉദയപഥം' മള്‍ട്ടിമീഡിയ ഷോ, ആശാ ശരത്തിന്റെയും സംഘത്തിന്റെയും ഗാനമേള, വിജയ് യേശുദാസിന്റെ നേതൃത്വത്തില്‍ പിന്നണി ഗായകര്‍ അണിനിരന്ന ഗാനമേള എന്നിവയും അരങ്ങേറി.

English summary
Will take action for developing every field; Pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X