ചിങ്ങമെത്തിയതു കൊണ്ട് മഴ കുറയുമോ? മഴ മുന്നറിയിപ്പുകളില്‍ മാറ്റം: നാളത്തെ അലേര്‍ട്ടുകള്‍
തിരുവനന്തപുരം: ചിങ്ങമെത്തിയെങ്കിലും സംസ്ഥാനത്ത് മഴ കുറയുന്ന മട്ടില്ല. ഇന്ന് മൂന്ന് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് നല്‍കിയിരിക്കുന്നത് - വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്.
19-ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും 20-ന് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും മഞ്ഞ അലേര്‍ട്ടാണ്.
മഴ ശക്തമായി നില്‍ക്കുന്ന സാഹചര്യത്തില്‍ നദികളില്‍ ശക്തവും അപ്രതീക്ഷിതവുമായ ഒഴുക്കുണ്ടാകാന്‍ സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. സുരക്ഷയ്ക്കായി താഴെ പറയുന്ന കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തണം.

നദികള്‍ ശാന്തമായി തോന്നുന്നുണ്ടെങ്കിലും വെള്ളത്തിനടിയില്‍ ശക്തമായ പ്രവാഹം ഉണ്ടാകാം. മഴയോ ഡാം തുറക്കുന്നതോ മൂലം ജലനിരപ്പ് പെട്ടെന്ന് ഉയരാന്‍ ഇടയുണ്ട്. നദിക്കരകള്‍ മഴയ്ക്ക് ശേഷം ചെളിപിടിച്ച് ഇടിഞ്ഞു വീഴാന്‍ സാധ്യതയുണ്ട്.
കുട്ടികളെ ഒരിക്കലും വെള്ളത്തിനരികില്‍ ഒറ്റയ്ക്ക് വിടരുത്; എല്ലായ്‌പ്പോഴും അവര്‍ക്ക് മേല്‍ ശ്രദ്ധ വേണം. ജീവിതോപാധിക്കായി വെള്ളത്തിനരികില്‍ പോകേണ്ടവര്‍ ലൈഫ് ജാക്കറ്റ്, കയര്‍, പൊങ്ങിക്കിടക്കുന്ന വസ്തുക്കള്‍ എന്നിവ കരുതുക.
വിനോദസഞ്ചാരികളും സന്ദര്‍ശകരും പരിചയമില്ലാത്ത ജലാശയങ്ങളില്‍ പ്രവേശിക്കുന്നത് ഒഴിവാക്കുക. മദ്യപിച്ച നിലയില്‍ വെള്ളത്തിനരികില്‍ പോകരുത്. മുന്നറിയിപ്പ് ബോര്‍ഡുകളും ഭരണകൂടത്തിന്റെ നിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കണം.
വെള്ളത്തില്‍ പെട്ടുപോയവരെ രക്ഷിക്കാന്‍ കയര്‍, നീളമുള്ള വടി, പൊങ്ങിക്കിടക്കുന്ന വസ്തു മുതലായ സുരക്ഷിത മാര്‍ഗങ്ങള്‍ മാത്രം ഉപയോഗിക്കുക. സ്വയം വെള്ളത്തിലേക്ക് ഇറങ്ങുന്നത് ഒഴിവാക്കുക.
മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച നദികള്‍
അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ താഴെ പറയുന്ന നദികളില്‍ സംസ്ഥാന ജലസേചന വകുപ്പ് മഞ്ഞ അലര്‍ട്ട് നല്‍കി. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക.
പത്തനംതിട്ട: അച്ചന്‍കോവില്‍ (കല്ലേലി & കോന്നി ജിഡി സ്റ്റേഷന്‍), മണിമല (തോണ്ട്ര സ്റ്റേഷന്‍)
തൃശൂര്‍: ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷന്‍). ഇവിടങ്ങളില്‍ യാതൊരു കാരണവശാലും ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം.
മത്സ്യത്തൊഴിലാളികള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശം
കേരള - കര്‍ണാടക തീരങ്ങളില്‍ ഇന്ന് മുതല്‍ 19 വരെയും ലക്ഷദ്വീപ് തീരത്ത് ഇന്ന് മുതല്‍ 20 വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള - കര്‍ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും ലക്ഷദ്വീപ് തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
നദികളില്‍ അപ്രതീക്ഷിത ഒഴുക്കുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.












Click it and Unblock the Notifications