കുത്തിവെപ്പിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് പരാതി, കേസെടുത്ത് പോലീസ്
തിരുവനന്തപുരം∙ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ കുത്തിവയ്പിനു പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ചു. മലയിന്‍കീഴ് സ്വദേശി കൃഷ്ണാ തങ്കപ്പൻ (28) ആണ് മരിച്ചത് . മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലിരിക്കെയായിരുന്നു മരണം.
കൃഷ്ണയെ ആദ്യം തൈക്കാട് ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. ഇവിടുത്തെ പരിശോധനയിൽ വൃക്കയിൽ കല്ലുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ഇവർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. 15 ന് രാവിലെയാണ് കൃഷ്ണയെ ജനറൽ ആശുപത്രി സർജഫി വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. 11 മണിയോടെ കുത്തിവെപ്പെടുത്തു. പിന്നാലെ ഇവർക്ക് ശ്വാസം മുട്ടൽ അനുഭവപ്പെടുകയും അബോധാവസ്ഥയിൽ ആവുകയുമായിരുന്നു.ഇതോടെ ബന്ധുക്കൾക്കൊപ്പം കൃഷ്ണയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു. ഇന്ന് രാവിലെയോടെയാണ് മരിച്ചത്.

നേരത്തെ കൃഷ്ണയ്ക്ക് ആസ്മയും അലർജി സംബന്ധിച്ച പ്രശ്നങ്ങളുണ്ടായിരുന്നു. ഇതൊന്നും പരിശോധിക്കാതെ കുത്തിവയ്പ്പ് നൽകിയതാണ് രോഗി അബോധാവസ്ഥയിലാകാൻ കാരണമായതെന്നാണ് ബന്ധുക്കളുടെ പരാതി.ഇവരുടെ പരാതിയില്‍ ചികില്‍സിച്ച ഡോക്ടര്‍ വിനുവിനെതിരെ നേരത്തെ പൊലീസ് കേസെടുത്തു. പോസ്റ്റുമോര്‍ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഭർത്താവ്: ശരത്.












Click it and Unblock the Notifications