'തൊഴുന്നതിന് പകരം അമ്പലത്തിൽ കയറി ഹായ് എന്ന് പറയുമോ?'; കെ മുരളീധരൻ
തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ പ്രവേശിക്കുമ്പോൾ ഷർട്ടിടണമോ വേണ്ടയോ എന്നൊക്കെ തീരുമാനം എടുക്കേണ്ടത് അതത് ക്ഷേത്രങ്ങൾ തന്നെയാണെന്ന് കെ മുരളീധരൻ. ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് തന്ത്രിമാരാണെന്നും പുറത്തുനിന്നുള്ളവർ ഇത്തരം കാര്യങ്ങളിൽ തലയിടേണ്ടതില്ലെന്നും കെ മുരളീധരൻ പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
' ഓരോ ക്ഷേത്രങ്ങളിലും ഓരോ രീതിയാണ്. ആറ്റുകാൽ അമ്പലത്തിൽ ഷർട്ടിടാം, അതേസമയം പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഷർട്ടിടരുത്. തൃശൂരിലെ ഭൂരിഭാഗം ക്ഷേത്രങ്ങളിലും ഷർട്ട് ധരിക്കരുതെന്നാണ്. ഷർട്ടിടാമോ വേണ്ടയോ എന്നൊക്കെ തീരുമാനം എടുക്കേണ്ടത് തന്ത്രിമാരാണ്. അവർക്കാണ് അതിന്റെ അധികാരം. തന്ത്രിമാർ ഇതൊക്കെ തീരുമാനിക്കുന്നത് ദേവപ്രശ്നത്തിന്റെ അടിസ്ഥാനത്തിലാണ്. ഇതിന് ചില ചടങ്ങുകളൊക്കെ ഉണ്ട്. ഇത് രാഷ്ട്രീയം പോലെ തീരുമാനിക്കേണ്ട കാര്യമല്ല. ക്ഷേത്രങ്ങൾ സംബന്ധിച്ച തീരുമാനങ്ങളൊക്കെ കൈക്കൊള്ളേണ്ടത് അതത് ക്ഷേത്രങ്ങളാണ്. അതിലൊന്നും പരിഷ്കാരം വരുത്താൻ നിൽക്കേണ്ട.

കാലം മാറി അതുകൊണ്ട് പരിഷ്കാരം വേണമെന്ന് പറഞ്ഞാൽ ഇന്ന് ഷർട്ട് വേണം എന്ന് പറഞ്ഞവർ നാളെ പാന്റ് വേണമെന്ന് പറയും. തൊഴുന്നത് പഴയ രീതിയാണ് അതുകൊണ്ട് ഹായ് എന്ന് പറയാം എന്ന് തീരുമാനിക്കുമോ? ക്ഷേത്രങ്ങളെ ക്ഷേത്രങ്ങളുടെ വഴിക്ക് വിടൂ.
കോൺഗ്രസിൽ ആര് മുഖ്യമന്ത്രിയാകുമെന്ന് ചർച്ച ചെയ്യും മുൻപ് ആദ്യം ഭൂരിപക്ഷം കിടട്ടെ. എന്നാലല്ലേ ആര് ഭരിക്കണമെന്ന ചർച്ച വരുന്നുള്ളൂ. ഭൂരിപക്ഷം കിട്ടിയാൽ ആര് മുഖ്യമന്ത്രിയാകണമെന്ന് മല്ലികാർജ്ജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും കൂടി തീരുമാനിക്കും. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഭൂരിപക്ഷം കിട്ടും. ആര് വിചാരിച്ചാലും ഇനി പിണറായിയെ രക്ഷിക്കാൻ സാധിക്കില്ല.കാരണം അത്രയേറെ ശത്രുക്കളെ പിണറായി ഉണ്ടാക്കുന്നുണ്ട്. അതിനാൽ ഇനിയും പിണറായി മുഖ്യമന്ത്രിയാകണമെന്ന് ആര് തീരുമാനിച്ചാലും അത് നടക്കില്ല', കെ മുരളീധരൻ പറഞ്ഞു.
പുരുഷന്മാരെ ഷർട്ടൂരി ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നതിൽ അതാത് സമുദായങ്ങൾ ചർച്ചചെയ്ത് തീരുമാനം എടുക്കണമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചത്. ചന്ദനം തൊടുന്നവരും അമ്പലത്തിൽ പോകുന്നവരും ആർ എസ് എസ് ആണെന്ന് പറഞ്ഞാൽ ശരിയാകുമോയെന്നും അദ്ദേഹം ചോദിച്ചു. അതേസമയം മുഖ്യമന്ത്രിയുടെ പ്രസ്താവ തള്ളി മന്ത്രി ഗണേഷ് കുമാർ ഇന്ന് രംഗത്തെത്തിയിരുന്നു. ഷർട്ടഴിക്കാൻ പറ്റുന്നവർ ആ ക്ഷേത്രത്തിൽ പോയാമതിയെന്നും അല്ലാത്തവർ പോകണ്ടെന്നുമായരുന്നു മന്ത്രിയുടെ പ്രതികരണം. 'വെറുതെ അവിടെ ചെന്ന് വഴക്കിടണ്ട,എല്ലാ ആരാധനാലയങ്ങൾക്കും അവരുടെതായ ആചാരങ്ങൾ ഉണ്ട് എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ.












Click it and Unblock the Notifications